
കൊടുമൺ: കാർ യാത്രക്കാരന് വഴിപറഞ്ഞ് കൊടുത്തുനിന്ന ചെറുപ്പക്കാരനെ ക്രൂരമായി മർദ്ദിച്ച ശേഷം രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ. കൊടുമൺ ഇടത്തിട്ട സ്വദേശിയായ മണ്ണിൽവടക്കേതിൽ വീട്ടിൽ എം.എസ്.മിഥുനാണ് (38) അറസ്റ്റിലായത്. കഴിഞ്ഞ 9ന് ഉച്ചയ്ക്ക് 2നാണ് കേസിനാസ്പദമായ സംഭവം.
ചന്ദനപ്പള്ളി ഭാഗത്ത് നിന്ന് വന്ന കാർ യാത്രക്കാരന് കൊടുമൺ ഭാഗത്തേക്ക് പോകാനുള്ള വഴി പറഞ്ഞുകൊടുത്ത് ഇടത്തിട്ടയിൽ നിൽക്കുകയായിരുന്ന യുവാവ്. കാറിന് പിന്നാലെ വന്ന ഇന്നോവ കാറിലെത്തിയ പ്രതി റോഡിൽ നിന്നാണോടാ കാര്യം പറയുന്നതെന്ന് ചോദിച്ച് പുറത്തിറങ്ങി യുവാവിന്റെ മുഖത്തടിക്കുകയായിരുന്നു. അടികൊണ്ട യുവാവ് സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിലേക്ക് മറിഞ്ഞുവീണു.
വീണുകിടന്ന യുവാവിന്റെ നെഞ്ചിലും വയറ്റത്തും ചവിട്ടുകയും കൈയിലിരുന്ന താക്കോൽ കൊണ്ട് കഴുത്തിന് കുത്തുകയും ചെയ്തു. പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം പ്രതി ഒളിവിൽ പോയി. പ്രതി പാലക്കാട് ഉള്ളതായി മനസിലാക്കിയ പൊലീസ് പ്രതിയെ ഒറ്റപ്പാലം മണ്ണിശേരിയിൽ നിന്ന് പിടികൂടുകയായിരുന്നു. കൊടുമൺ പൊലീസ് സബ് ഇൻസ്‌പെക്ടർ പി.അനൂബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |