പാലക്കാട്: മണ്ണാർക്കാട് വനം ഡിവിഷനിലെ, കോങ്ങാട് മണ്ഡലത്തിൽ ഉൾപ്പെട്ട വനാതിർത്തി ഗ്രാമങ്ങളിൽ വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി 27 കിലോമീറ്റർ ചുറ്റളവിൽ സൗരോർജ്ജ തൂക്കുവേലി സ്ഥാപിച്ചു. ജനങ്ങളുടെ ആവശ്യം പരിഗണിച്ച് നബാർഡ് സ്‌കീമിന് കീഴിൽ 98.30 കിലോമീറ്റർ ദൂരത്തിൽ സൗരോർജ്ജ തൂക്കുവേലി നിർമിക്കാൻ അനുമതി ലഭിച്ചിരുന്നു. അതിൽ 27 കിലോമീറ്ററാണ് കോങ്ങാട് മണ്ഡലത്തിൽ നിലവിൽ നിർമ്മാണം പൂർത്തിയായത്. കോങ്ങാട് മണ്ഡലത്തിലെ കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളിലാണ് സൗരോർജ്ജ തൂക്കുവേലി നിർമ്മാണം പൂർത്തീകരിച്ചത്. തൂക്കുവേലിയുടെ ഉദ്ഘാടനം വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഓൺലൈനായി നിർവഹിച്ചു. മണ്ണാർക്കാട് വനം ഡിവിഷന്റെ പരിധിയിൽ അട്ടപ്പാടി-മണ്ണാർക്കാട് മേഖലകളിലെ ആകെയുള്ള 12 പഞ്ചായത്തുകളും വന്യമൃഗശല്യം നേരിടുന്ന പ്രദേശങ്ങളാണ്. വനമേഖലയോട് ചേർന്ന പഞ്ചായത്തുകളിൽ കാട്ടാന, കാട്ടുപന്നി എന്നിവ ഉൾപ്പെടെയുള്ള മറ്റു വന്യജീവികളുടെയും ശല്യം കൂടുതലാണ്. കരിമ്പ ഗ്രാമപഞ്ചായത്തിനു കീഴിൽ വരുന്ന വേലിക്കട്, കട്ടിക്കൽ, പരശുറാം, വാക്കോട്, പറക്കലടി, തച്ചമ്പാറ പഞ്ചായത്തിലെ തരിപ്പപതി, കപ്പാകുന്ന്, അച്ചിലട്ടി, ചീനിക്കപ്പറ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോല, പള്ളിപ്പടി, അനക്കരണം, നറുക്കുംച്ചോല, ചെള്ളിത്തോട്, ഇരുമ്പകച്ചോല, പായപ്പുല്ല്, പാമ്പൻതോട്, പാങ്ങോട് എന്നിവയാണ് ഈ വേലി വഴി സംരക്ഷിക്കപ്പെടുന്ന പ്രധാന പ്രദേശങ്ങൾ. സൗരോർജ്ജം ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്ത് തൂക്കുവേലി ലൈനിലേക്ക് സുരക്ഷിതമായ അളവിൽ വൈദ്യുതി പ്രവഹിപ്പിക്കുന്നതാണ് സൗരോർജ്ജ തൂക്കുവേലിയുടെ പ്രവർത്തനരീതി. വന്യജീവികൾ, പ്രത്യേകിച്ച് കാട്ടാന, വേലി സ്പർശിക്കുമ്പോൾ ഷോക്ക് ഏറ്റ് തിരികെ കാട്ടിലേക്ക് മടങ്ങുന്നു. ഇതുവഴി കൃഷി നാശത്തിൽ നിന്നും കർഷകർക്ക് അവരുടെ വിളകളെ സംരക്ഷിക്കാൻ സാധിക്കുന്നു. 16 കിലോമീറ്റർ കൂടി സൗരോർജ്ജ തൂക്കുവേലി സ്ഥാപിക്കാൻ ടെൻഡർ നടപടികൾ പൂർത്തിയായെന്നും, മഴക്കാലത്തിനു മുമ്പ് പൂർത്തീകരിക്കാൻ ഊർജിതമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |