തിരുവനന്തപുരം: ആറ്റുകാൽ അമ്മയുടെ ദർശനസായൂജ്യം തേടിയെത്തുന്ന ഭക്തലക്ഷങ്ങൾക്കൊപ്പം ഒന്നാംഉത്സവദിനമായ ഇന്ന് നടി നമിതാ പ്രമോദും തിരുസന്നിധിയിലെത്തും. 'ചോറൂണ് നൽകിയ നടയിൽ വിശിഷ്ടാതിഥിയായി എത്തുന്നത് വലിയ പുണ്യമായി കരുതുന്നു. പോയ വർഷങ്ങളിൽ കൈയെത്തും ദൂരെ നഷ്ടമായ സൗഭാഗ്യം.." ആറ്റുകാൽ ഉത്സവത്തിൽ കലാപരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുന്നതിലുള്ള അളവറ്റ സന്തോഷത്തെക്കുറിച്ച് നമിത 'കേരളകൗമുദിയോട്' മനസുതുറന്നു. ഇന്ന് വൈകിട്ട് 6നാണ് ചടങ്ങ്. ഈ ചടങ്ങിൽ വച്ചാണ് ആറ്റുകാൽ അംബാ പുരസ്കാരം പദ്മശ്രീ ജേതാവായ ഡോ.കെ.ഓമനക്കുട്ടിക്ക് സമ്മാനിക്കുന്നത്. മുൻപ് പല വർഷങ്ങളിലും കലാപരിപാടികളുടെ ഉദ്ഘാടനത്തിനായി നമിതയെ ക്ഷണിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ എത്താനായില്ല. പരീക്ഷകൾക്ക് മുൻപ് ആറ്റുകാൽ അമ്മയെ ചെന്നു കാണുന്നത് പതിവായിരുന്നു. മണക്കാടുള്ള അച്ഛന്റെ സുഹൃത്തിന്റെ വീട്ടിലെത്തി പൊങ്കാലയിട്ടിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുകൂടുന്ന മഹോത്സവത്തിൽ അമ്മയ്ക്കും അനുജത്തിക്കുമൊപ്പം പൊങ്കാലയിടാൻ താനും കൂടും. വിറകെടുത്ത് വയ്ക്കുന്നതും ആറ്റുകാൽ ദേവിയെ പ്രാർത്ഥിച്ച് അരിയിടുന്നതുമായിരുന്നു അന്നത്തെ കൗതുകം.സിനിമാ തിരക്കുകൾക്കിടയിലും നാട്ടിലെത്തിയാൽ അമ്മയെ കണ്ടിട്ടേ മടങ്ങു. കുറച്ചുവർഷം മുൻപാണ് സ്വന്തമായി പൊങ്കാലയിടാൻ തുടങ്ങിയത്. അതും ദൈവീകമായൊരു അനുഭവമാണ്. ഇപ്പോൾ നമിത കുടുംബസമേതം എറണാകുളം കലൂരിലാണ് താമസിക്കുന്നത്. ഇന്ന് വൈകിട്ട് ഉദ്ഘാടനത്തിനായി എത്തിയ ശേഷം മടങ്ങിപ്പോകുമെങ്കിലും പൊങ്കാലയ്ക്ക് തിരികെയെത്താനാകുമെന്നാണ് പ്രതീക്ഷ. എന്തെങ്കിലും ആഗ്രഹം മനസിൽ വിചാരിച്ചാണ് പൊങ്കാലയിടുന്നത്. അത് നടക്കുമെന്നാണ് വിശ്വാസമെന്നും നമിത പറയുന്നു. ഇന്ന് രാത്രി 10ന് സൂര്യാ ഫിലിം സൊസൈറ്റി അവതരിപ്പിക്കുന്ന മെഗാഷോ അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |