അഞ്ചൽ : വീട്ടമ്മയുടെ മാല കവർച്ച ചെയ്ത സംഭവത്തിൽ ഒളിവിൽ പോയ പ്രതി 15 വർഷത്തിന് ശേഷം പിടിയിൽ. വർക്കല പെരുംകുളം ആലുവിള വീട്ടിൽ വേടൻ ബൈജു എന്ന് വിളിക്കുന്ന ബൈജു (42) ആണ് അഞ്ചൽ പൊലീസിന്റെ പിടിയിലായത്. 2008 സെപ്തംബറിലാണ് സംഭവം നടക്കുന്നത്. അഞ്ചൽ വടമൻ കോമളം മുകളുവിള വീട്ടിൽ രാജന്റെ വീട്ടിൽ പുലർച്ചയോടെ എത്തിയ ബൈജു അടക്കമുള്ള നാലംഗസംഘം വീടിന്റെ കതക് തകർത്ത് ഉള്ളിൽ കടന്ന് ഉറങ്ങിക്കിടന്ന രാജന്റെ ഭാര്യയുടെ രണ്ടുപവന്റെ മാലമോഷ്ടിക്കുകയായിരുന്നു.
വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പൊലീസ് വർക്കല പെരുംകുളം സ്വദേശികളായ അൻസിൽ, ജോഷി, പാരിപ്പള്ളി കടമ്പാട്ട്കോണം സ്വദേശി രതീഷ് എന്നിവരെ പിടികൂടിയിരുന്നു. പലതവണ ബൈജുവിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് 2015 പുനലൂർ കോടതി ബൈജുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ബൈജുവിനെ നിരീക്ഷിച്ചുവന്ന അഞ്ചൽ പൊലീസ് വർക്കല കുന്നത്തുമല കോളനിയിൽ നിന്ന് ഇന്നലെ രാവിലെ പിടികൂടുകയായിരുന്നു. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ കവർച്ച ,പിടിച്ചുപറി, അടിപിടി അടക്കം 30 ഓളം കേസിൽ ബൈജു പ്രതിയാണ്.
സർക്കിൾ ഇൻസ്പെക്ടർ കെ.ജി.ഗോപകുമാർ, എസ്.ഐ പ്രജീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനോദ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ദീപു, സംഗീത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |