ആലുവ: നഗരത്തിലെ ഹോട്ടലിൽ മുറി വാടകയ്ക്കെടുത്ത് പണംവച്ച് ചീട്ടുകളിച്ചിരുന്ന 12 പേരെ പൊലീസ് അറസ്റ്റുചെയ്തു. ഇവരിൽനിന്ന് 7.21 ലക്ഷംരൂപ പിടിച്ചെടുത്തു.
ജില്ലാ പൊലീസ് മേധാവി വിവേക്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ആലുവ എസ്.എച്ച്.ഒ എം.എം. മഞ്ജുദാസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം നടത്തിയ നീക്കത്തിലാണ് ചീട്ടുകളിസംഘം കുടുങ്ങിയത്.
ആലുവ ഡിവൈ.എസ്.പി ഓഫീസിന് സമീപം വല്ലൂരകതൂട്ട് വീട്ടിൽ അശോകൻ (48), ഇടുക്കി മന്നംകണ്ടം മംഗലത്തുവീട്ടിൽ ഷംസുദീൻ (36), ചെറായി കുഴിപ്പള്ളി പഴംപള്ളി മുരളി (56), പിറവം പാഴൂർ പുത്തൻപുരക്കൽ വീട്ടിൽ എൽദോസ് (41), പിറവം കക്കാട് മിനിയാലിൽ വീട്ടിൽ ബിജു (46), പിറവം കക്കാട് എടയാലിൽവീട്ടിൽ ശ്രീജിത്ത് (31), പാലാരിവട്ടം കണയന്നൂർ ചൂലക്കടവ് അൻസാർ (45), നെടുമ്പാശേരി ചെങ്ങമനാട് മല്ലിശേരിപ്പറമ്പ് വീട്ടിൽ സുരേഷ് (43), തൊടുപുഴ ഉടുമ്പന്നൂർ ഇരമ്പത്ത് ഷഫീക് (33), ചെങ്ങമനാട് അടുവശേരി കോട്ടയിൽ മാവേലി വീട്ടിൽ പ്രകാശൻ (55), നെടുമ്പാശേരി മേക്കാട് ചാമവിളയിൽ ജോൺപോൾ (28), പെരുമ്പാവൂർ വെങ്ങോല കിഴക്കൻവീട്ടിൽ ഫിറോസ് (36) എന്നിവരാണ് പിടിയിലായത്.
എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് പണംവച്ച് ചീട്ട് കളിക്കാൻ വന്നുകൊണ്ടിരുന്നത്. പൊലീസും മറ്റും വരുന്നുണ്ടോയെന്നറിയാൻ സംഘം വഴികളിൽ പ്രത്യേകം ആളുകളെ നിറുത്തിയിട്ടുണ്ടായിരുന്നു.
11ന് രാത്രി പത്തോടെ പത്തുപേരടങ്ങുന്ന പ്രത്യേക പൊലീസ് ടീം ഗ്രൂപ്പുകളായി എത്തി ഹോട്ടൽ വളയുകയായിരുന്നു. അശോകനാണ് കളി നടത്തിയിരുന്നത്. നേരത്തെയും ഇയാൾ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |