തിരുവനന്തപുരം: കഴിഞ്ഞ പത്തുവർഷത്തിനിടെ പച്ചക്കറി ഉത്പാദന രംഗത്ത് വിപ്ളവകരമായ മാറ്റമാണ് സംസ്ഥാനത്തുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷുവിനോടനുബന്ധിച്ച് കർഷക സംഘം സംയോജിത കൃഷിക്കാമ്പെയിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'വിഷുവിന് വിഷരഹിത പച്ചക്കറി വിപണി"യുടെ സംസ്ഥാനതല ഉദ്ഘാടനം പാളയം കണ്ണിമേറ മാർക്കറ്റിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട് പ്രത്യേക അവസ്ഥ നേരിടുന്ന സാഹചര്യത്തിൽ ഇത്തരം പരിപാടിക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞത് സി.പി.എമ്മിന്റെ നേട്ടമാണ്. മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള പച്ചക്കറികളെയാണ് നാം ആശ്രയിച്ചിരുന്നത്. അതിലെ വിഷാംശം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായ ഘട്ടത്തിലാണ് നമുക്ക് തന്നെ പച്ചക്കറി കൃഷി ചെയ്യാമെന്ന ആശയത്തിലേക്ക് പാർട്ടിയെത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കർഷക സംഘം പാളയം ഏരിയാകമ്മിറ്റിയംഗം വസന്തകുമാരിക്ക് നാടൻ പച്ചക്കറികൾ വിതരണം ചെയ്ത് വില്പനയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ, സി.പി.എം നേതാക്കളായ എം. വിജയകുമാർ,എം.സ്വരാജ്,കർഷക സംഘം ജില്ലാ ഭാരവാഹികളായ വി.എസ്. പദ്മകുമാർ,കെ.സി. വിക്രമൻ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |