കിളിമാനൂർ: നഗരൂരും പ്രാന്ത പ്രദേശങ്ങളും ലഹരി മാഫിയയുടെ പിടിയിലമർന്നിരിക്കുകയാണ്. യുവാക്കൾ വൻതോതിൽ ലഹരി വസ്തുക്കൾക്ക് അടിമകളായി മാറിയിട്ടും ഒരു നടപടിയും സ്വീകരിക്കാനാകാതെ വട്ടം ചുറ്റുകയാണ് ഉദ്യോഗസ്ഥർ. നഗരൂരിൽ ഒരു പൊലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യം പൂർത്തീകരിച്ചിട്ടും വർദ്ധിക്കുന്ന ലഹരി മാഫിയകളെയും ലഹരിക്ക് അടിമപ്പെട്ട് യുവാക്കൾ കാണിക്കുന്ന കുറ്റകൃത്യങ്ങളും തടയാനാകാത്തത് ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസം സൃഷ്ടിക്കുകയാണ്. ഒരുകാലത്ത് മദ്യപന്മാരാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നതെങ്കിൽ ഇന്ന് ലഹരിക്ക് അടിമപ്പെട്ട യുവാക്കളാണ് നാട്ടുകാരുടെ സ്വൈര്യ ജീവിതത്തിന് തടസം സൃഷ്ടിക്കുന്നത്. മുമ്പ് പലതവണ കഞ്ചാവ് ഉൾപ്പെടെ നിരോധിത ലഹരി വസ്തുക്കൾ കച്ചവടം ചെയ്ത നിരവധി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നിട്ടുള്ള നഗരൂരിൽ ഇന്ന് അവർ സ്വൈര്യവിഹാരം നടത്തുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസ് ക്രിയാത്മകയായ പരിശോധനകൾ നടത്തുമ്പോഴും കഞ്ചാവ് കച്ചവടം ഉൾ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിച്ച് ഇക്കൂട്ടർ രക്ഷനേടുകയാണ്. പൊലീസിന് എത്തിപ്പെടാൻ കഴിയാത്ത പലസ്ഥലങ്ങളും ഇവരുടെ വിഹാര രംഗമായി മാറി. ആൾപ്പാർപ്പില്ലാത്ത വീടുകളും ഒറ്റപ്പെട്ട ക്ഷേത്ര പറമ്പുകളും കാവുകളും ഇവരുടെ വിഹാരരംഗങ്ങളാണ്. വർക്കല, കല്ലമ്പലം, പാരിപ്പള്ളി, ഉൾനാടായ വിതുര, മടത്തറ, നെയ്യാറ്റിൻകര, പാറശാല എന്നിവിടങ്ങളിൽ നിന്ന് വലിയ അളവിൽ ശേഖരിക്കുന്ന കഞ്ചാവ് ഗ്രാമീണ ഉത്സവങ്ങളാണ് ലക്ഷ്യമിടുന്നത്. കഞ്ചാവ് ഉപയോഗിച്ചിട്ട് ഉത്സവപ്പറമ്പുകളിലേക്കെത്തുന്ന യുവാക്കൾ കാണിക്കുന്ന വിക്രിയകൾ കണ്ട് അന്തം വിട്ടിരിക്കുകയാണ് ഈ മേഖലയിലെ ഗ്രാമീണ ജനത.
കാരിയർമാർ ബൈക്കിലും കാറിലും
ലഹരി വസ്തുക്കൾ വ്യാപാരം ചെയ്യുന്നതിനായി വേഗതയാർന്ന പുതുപുത്തൻ ബൈക്കുകളും, കാറുകളുമാണ് ഇക്കൂട്ടർ ഉപയോഗിക്കുന്നത്. വിതുര, മടത്തറ, നെയ്യാറ്റിൻകര തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വൻ തോതിൽ വാങ്ങുന്ന ലഹരി വസ്തുക്കൾ പലവിധത്തിലാണ് ഇവിടേക്ക് എത്തിക്കുന്നത്. നഗരൂരിൽ നിന്ന് മാറി ഉൾഗ്രാമപ്രദേശങ്ങളിൽ എത്തിച്ചാണ് ഇവ വിറ്റഴിക്കുന്നത്. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളാണ് ഇവർക്ക് ചാകരക്കാലം. കഴിഞ്ഞുപോയ പല ഉത്സവങ്ങൾക്ക് വേണ്ടി ഇവിടേക്ക് എത്തിയത് വലിയ അളവിലുള്ള ലഹരി വസ്തുക്കളാണെന്നാണ് നാട്ടുകാരുടെ വാദം. ഈ മേഖലകളിൽ തന്നെയുള്ള കാരിയർമാരാണ് ഇതിനു ചുക്കാൻ പിടിക്കുന്നതും. വെളുപ്പാൻ കാലവും അർത്ഥരാത്രിയിലുമാണ് കാരിയർമാർ കച്ചവടത്തിനായി ഇറങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |