പാറശാല: കുളത്തൂർ ഗ്രാമപഞ്ചായത്തിൽ കുടിവെള്ളത്തിനായി പദ്ധതികൾ പലതുവന്നെങ്കിലും ഇവിടുത്തെ ജനങ്ങൾക്ക് ദാഹമകറ്റാൻ ഒരുതുള്ളിപോലുമില്ല. കുളത്തൂരിലെ കടലിന്റെ മക്കൾക്ക് മഴയായാലും വെയിലായാലും കുടിവെള്ളം ഇന്നും കിട്ടാക്കനിയാണ്. പൊഴിയൂരിലെ ജനങ്ങൾ ദൈനംദിന ആവശ്യങ്ങൾക്കായുള്ള വെള്ളത്തിനായി തീരം കടന്ന് ദൂരസ്ഥലങ്ങളിൽ നിന്ന് വാഹനങ്ങളിൽ ശേഖരിച്ച് മടങ്ങുകയാണ് പതിവ്. ദൈന്യംദിന ആവശ്യങ്ങൾക്ക് മാത്രം വരുമാനമുള്ള ഇവിടുത്തെ മത്സ്യത്തൊഴിലാളികൾ കുടിവെള്ളം ശേഖരിക്കാനായി വണ്ടിക്കൂലിക്കുതന്നെ നല്ല തുകയാകും. ഇവർ ദിവസവും എ.വി.എം കനാൽ കടന്ന് ഒരു കിലോമീറ്റർ അകലെയുള്ള ബന്ധുക്കളുടെ വീടുകളിൽ എത്തി വേണം കുടിവെള്ളം ശേഖരിക്കാൻ.അതിനായി 200 മുതൽ 300 രൂപ വരെ വാഹനങ്ങൾക്ക് വാടകയായി നൽകേണ്ടിവരുന്നതാണ്. മുഴുവൻ തുകയും മുടക്കാൻ കഴിയാത്തവർ രണ്ട് മൂന്ന് കുടുംബങ്ങൾ ചേർന്ന് വാഹനങ്ങളിൽ എത്തി വെള്ളവുമായി മടങ്ങും. ഇത്തരത്തിൽ നിരവധി മത്സ്യത്തൊഴിലാളി കൂടുംബങ്ങളാണ് പഴവഞ്ചാല, കിഴക്കേവിള, ചാന്തുരുത്തി, വാളാങ്കുളം എന്നിവിടങ്ങളിലെ ബന്ധുവീടുകളിൽ വാഹങ്ങളുമായി എത്തുന്നത്.
കുളത്തൂർ ഗ്രാമ പഞ്ചായത്തിലെ ആറ് വാർഡുകളിലായി 12,000 പേരാണ് കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നത്. ഇവിടെ ജലനിധി പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെങ്കിലും കുടങ്ങളുമായി എത്തി പകലന്തിയോളം കാത്തിരുന്നാൽ എപ്പോഴെങ്കിലും വെള്ളം കിട്ടിയാൽ കിട്ടി. നെയ്യാറിന്റെ ഇടതുകര കനാലിൽ നിന്നുള്ള വെള്ളം കുളത്തൂർ ഗ്രാമ പഞ്ചായത്തിലേക്ക് എത്താത്തതാണ് പ്രദേശത്ത് കുടിവെള്ളം രൂക്ഷമാകുന്നതിന് കാരണം. കനാലുകളിലൂടെ വെള്ളം എത്താതായതോടെയാണ് പ്രദേശത്തെ കിണറുകളിലും വെള്ളം കിട്ടാതായത്. മുൻകാലങ്ങളിൽ മാസത്തിൽ ഒരു തവണയെങ്കിലും കനാലിലൂടെ വെള്ളം തുറന്ന് വിടുക എന്നത് പതിവായിരുന്നു. എന്നാലിപ്പോൾ കനാലിലൂടെ വെള്ളം തുറന്ന് വിട്ടിട്ട് ആറ് മാസത്തിലേറെയായിട്ടുണ്ട്. ഈ ഭാഗങ്ങളിൽ കഴിഞ്ഞ കുറെക്കാലമായി വെള്ളം എത്തിക്കാൻ കഴിയുന്നില്ലെന്ന് ഇറിഗേഷൻ അധികൃതർ വരെ സമ്മതിക്കുന്നുണ്ട്.
കഴിഞ്ഞ കാലവർഷക്കെടുതികളെ തുടർന്ന് കനാലുകളിൽ ഉണ്ടായ തടസങ്ങൾ മാറ്റാത്തതാണ് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നതിനും മറ്റും കാരണമായത്. മുൻ കാലങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് കനാലുകളുടെ അറ്റകുറ്റപ്പണികൾ ചെയ്തിരുന്നെങ്കിലും ഇപ്പോൾ അത് നടക്കാറില്ല. കനാലിലെ ജോലികൾ ചെയ്യുന്നതിനായി പുതിയ കോൺട്രാക്‌ട് ഏർപ്പാടാക്കിയെങ്കിൽ മാത്രമേ ഇനിയും ഈ കനലുകളിലൂടെ വെള്ളം തുറന്ന് വിടുന്നതിനും മറ്റും കഴിയൂ. വേനൽ കാഠിന്യമായതോടെ തീരത്ത് കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുണ്ടെങ്കിലും സർക്കാരിന്റെയോ പഞ്ചായത്തിന്റെയോ ഭാഗത്ത് നിന്ന് കുടിവെള്ള വിതരണത്തിനായി ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർക്കിടയിൽ ആക്ഷേപമുണ്ട്
കാത്തിരിക്കുന്ന പൊഴിയൂരിലെ ജനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |