വെഞ്ഞാറമൂട് : ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കല്ലറയിൽ എൻ.സി.സി യുടെ ദേശീയ നിലവാരത്തിലുള്ള പരിശീലന കേന്ദ്രവും ഹെലിപാഡും നിർമ്മിക്കുന്നു.മേയ് 17 വൈകിട്ട് 4ന് മന്ത്രി ആർ.ബിന്ദു നിർമ്മാണോദ്ഘാടനം നിർവഹിക്കും.ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സർക്കാരിനും ജില്ലാ ഭരണ കൂടങ്ങൾക്കും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന വിധത്തിലാണ് പരിശീലന കേന്ദ്രത്തിന്റെ രൂപകൽപ്പന.
തിരുവനന്തപുരം, കൊല്ലം ജില്ലാ അതിർത്തിയോടു ചേർന്ന് കല്ലറ പഞ്ചായത്തിൽ ഉൾപ്പെട്ട പാട്ടറ പാങ്ങലുകുന്നിൽ റവന്യൂ വകുപ്പിന്റെ കീഴിൽ ഉപയോഗശൂന്യമായ കിടന്ന പാറക്കെട്ടുകൾ നിറഞ്ഞ എട്ടര ഏക്കർ സ്ഥലം ഉപയോഗപ്പെടുത്തിയാണ് കേന്ദ്രം സ്ഥാപിക്കുക. മൂന്നര ഏക്കർ സ്ഥലത്തിന്റെ ഉപയോഗാനുമതി റവന്യൂ വകുപ്പിൽ നിന്ന് എൻ.സി.സി ക്ക് ഇതിനകം ലഭിച്ചു. ശേഷിക്കുന്ന അഞ്ചേക്കർ ഭൂമി കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 650 എൻ.സി.സി കേഡറ്റുകൾക്ക് ഒരേസമയം താമസിച്ച് പരിശീലിക്കാനുള്ള സൗകര്യം കേന്ദ്രത്തിലുണ്ടാകും. പരിശീലന ഹാളുകൾ,ഡോർമെറ്ററി,ഡൈനിംഗ ഹാൾ കം കോൺഫറൻസ് ഹാൾ,ക്യാമ്പ് ഓഫീസ്,ഫയറിംഗ് റേഞ്ച്, പർവ്വതാരോഹണം,ഡ്രിൽ,പാരച്ചൂട്ട് പരിശീലനം എന്നിവയുടേയും കര,നാവിക,വ്യോമ സേന വിഭാഗങ്ങളുടെ പ്രാഥമിക പരിശീലനവും ട്രക്കിംഗും ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കുന്നത്.ഹെലിപാഡും സജ്ജമാക്കുന്നുണ്ട്.പരേഡ് ഗ്രൗണ്ട്,ഹെലിപ്പാഡ്എന്നിവ നിർമ്മിക്കുന്നതിന് ആദ്യഘട്ടത്തിൽ രണ്ടു കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ട്.
മറ്റു കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപയുടെ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.
രണ്ടു വർഷം മുൻപേ ആരംഭിക്കേണ്ട പദ്ധതി ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലാണ് നീണ്ടുപോയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |