പൂവാർ: കാലവർഷമെത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തീരപ്രദേശത്തെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ അവതാളത്തിലാണെന്ന് നാട്ടുകാർ. കോട്ടുകാൽ കരുംകുളം, പൂവാർ,കുളത്തൂർ ഗ്രാമ പഞ്ചായത്തുകളിലെ തീരമേഖലയാണ് മാലിന്യത്തിൽ മുങ്ങിയതായി പരാതി ഉയരുന്നത്. ജനസാന്ദ്രത കൂടിയ മേഖലയായതിനാൽ പകർച്ചവ്യാധികൾ പടർന്ന് പിടിക്കാൻ സാധ്യത കൂടുതലാണ്. ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും വൈകരുതേ എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, ശുചിത്വ മിഷൻ, ഗ്രീൻ കേരള മിഷൻ തുടങ്ങിയവയുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൻ വീടും സ്ഥാപനങ്ങളും പൊതുഇടങ്ങളും മാലിന്യ മുക്തമാക്കി പകർച്ചവ്യാധികളെ തടയുക, ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുക, വാതിൽപ്പടി മാലിന്യശേഖരണം നടത്തുക, ഉറവിട മാലിന്യ സംസ്‌കരണവും ബോധവത്കരണവും നൽകുക, എല്ലാ ഞായറാഴ്ചയും ഡ്രൈഡേ ആചരിക്കുക, കൊതുകു വിമുക്ത വീടുകൾ എന്ന ആശയം നടപ്പിലാക്കുക, ശുചിത്വ സ്‌ക്വാഡുകൾ രൂപീകരിക്കുക, ഓരോ വാർഡും പ്ലാസ്റ്റിക് മുക്ത വാർഡായി പ്രഖ്യാപിക്കുക തുടങ്ങിയവയാണ് ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി സർക്കാൻ പ്രഖ്യാപിച്ചിട്ടുള്ളത്.
ഇതിനാവശ്യമായ പരിശീലനം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും നൽകിയിട്ടുമുണ്ട്. എന്നാൽ അവ പ്രാവർത്തികമാക്കുന്നില്ലന്നാണ് ആക്ഷേപം.
തീരപ്രദേശത്തെ മണൽ പരപ്പാകെ ഇലക്ട്രിക് വയറുകൾ, ബാറ്ററികൾ, മൊബൈൽ അവശിഷ്ടങ്ങൾ, പഴയ ടി.വി, റേഡിയോ, സി.ഡികൾ, വിവിധ നിറങ്ങളിലും വലിപ്പത്തിലുമുള്ള പ്ലാസ്റ്റിക്ക് കവറുകൾ, ചാക്കുകൾ, തുണികൾ, ഉപയോഗ ശൂന്യമായ പാഴ്‌വസ്തുക്കൾ എന്നിവ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിന് പുറമെ ആഹാര അവശിഷ്ടങ്ങളും, അറവ് മാലിന്യങ്ങളും. മാലിന്യങ്ങൾക്ക് മുകളിൽ വട്ടമിട്ട് പറക്കുന്ന പരുന്തും കാക്കകളും. കൂട്ടത്തോടെ അലഞ്ഞ് തിരിയുന്ന തെരുവ് നായ്ക്കൾ, മഴ പെയ്താൽ ആഴ്ചകളോളം റോഡിലെ കുഴികളിലും താഴ്ന്ന പ്രദേശങ്ങളിലും കെട്ടി നിൽക്കുന്ന മലിനജലം, ഇതെല്ലാം തീരപ്രദേശങ്ങളിലെ സ്ഥിരം കാഴ്ചയായിക്കഴിഞ്ഞു.
മൂക്കു പൊത്താതെ നടക്കാനാവില്ല
റോഡിൽ നിന്നും ചാലുകീറി മലിനജലം കടലിലേക്ക് ഒഴുക്കുന്ന സ്ഥലങ്ങളിൽ മൂക്ക് പൊത്താതെ നടക്കാൻ കഴിയാത്ത അവസ്ഥയാണ്. തീരദേശ ഗ്രാമ പഞ്ചായത്തുകളിൽ മാലിന്യ നിർമ്മാജ്ജനം വാക്കുകളിൽ മാത്രമായി ഒതുങ്ങുന്നതായും ആക്ഷേപമുണ്ട്. ഇവിടെ മണ്ണിൽ ലയിക്കാത്ത മാലിന്യങ്ങൾ ചാക്കുകളിൽ കെട്ടിയാണ് വലിച്ചെറിയുന്നത്. വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ കൂടാതെ അന്യസംസ്ഥാനങ്ങളിൽ നിന്നും വില്പനയ്ക്ക് എത്തുന്ന മാംസങ്ങളോളം പഴക്കമുള്ള അഴുകിയ മീനും കൂട്ടത്തിലുണ്ടാകും. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുവരുന്ന മാലിന്യങ്ങൾ തീരത്തെ ആളൊഴിഞ്ഞ സ്ഥലം നോക്കി, കടലിലേക്ക് വലിച്ചെറിയുന്നു. ഇവ തിരയടിച്ച് വീണ്ടും കരയിലെത്തുന്നു.
വിജയം കാണാതെ പുതിയ പദ്ധതികൾ
ജൈവ, അജൈവ മാലിന്യങ്ങൾ സംസ്‌കരിക്കാൻ പഞ്ചായത്തുകൾ പല പുതിയ പദ്ധതികളും നടപ്പാക്കിയെങ്കിലും ഒന്നും വിജയം കാണുന്നില്ല. നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോൾ പഞ്ചായത്തുകളിൽ ഗ്രീൻ ക്ലീൻ പദ്ധതി കൊണ്ടുവന്നു. എങ്കിലും ഒന്നും വിജയം കണ്ടില്ല. സംസ്ഥാനത്തെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഗ്രീൻ ക്ലീൻ പദ്ധതി. ഹരിത കേരള മിഷൻ പരിപാടിയുമായി സംയോജിപ്പിച്ച് കൊണ്ടുള്ള ഈ പദ്ധതി കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെയാണ് പഞ്ചായത്തിൽ നടപ്പാക്കിയത്. മണ്ണിൽ ലയിക്കാത്ത അജൈവ മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ ശേഖരിച്ച് സംസ്‌കരിക്കുകയോ റീസൈക്ളിംഗ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യുന്നതാണ് ഈ പദ്ധതി. ഇതിന്റെ ഭാഗമായി മാലിന്യം ശേഖരിക്കുന്നതിനായി പ്രത്യേകം ബിന്നുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ മാലിന്യം ശേഖരിക്കുന്ന ഈ പദ്ധതിയും ഫലപ്രദമായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |