പാലോട്: ഒരു നാടിന്റെ സ്വപ്നപദ്ധതിയായ പാലോട് ഫയർ ആൻഡ് റസ്ക്യൂ യൂണിറ്റിനായി താത്കാലിക കെട്ടിടം നിർമ്മിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തനം ഒന്നുമാകാതെ നിശ്ചലം. കാലവർഷം ശക്തി പ്രാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മുൻ വർഷങ്ങളിലുണ്ടായ ദുരന്തങ്ങളെ തുടർന്ന് ഭീതിയിലാണ് ജനങ്ങൾ. 2015 ജൂൺ 20നാണ് പദ്ധതി പ്രഖ്യാപനം നടന്നത്. തുടർന്ന് സ്ഥലം എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ പാലോട് സർക്കാർ ആശുപത്രിക്കു സമീപം 50 സെന്റ് സ്ഥലം ഫയർ സ്റ്റേഷൻ നിർമ്മാണത്തിനായി വിട്ടു നൽകി. എന്നാൽ ഏഴു വർഷം പിന്നിട്ടപ്പോൾ താത്കാലിക ഷെഡുകളുടെ നിർമ്മാണം മാത്രമാണ് ഇവിടെ നടന്നത്. 2015ൽ ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പട്ടികവർഗ്ഗ വികസന ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച പ്രവൃത്തികളാണ് ഇഴഞ്ഞുനീങ്ങുന്നത്. സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടെങ്കിൽ മാത്രമേ ഫയർസ്റ്റേഷൻ തുടങ്ങാൻ കഴിയൂ എന്നായിരുന്നു വകുപ്പിന്റെ നിലപാട്. ഇതേത്തുടർന്ന് ഡി.കെ.മുരളി എം.എൽ.എ മുൻകൈയെടുത്താണ് സ്ഥലം ലഭ്യമാക്കിയത്.
നെടുമങ്ങാട് അഗ്നിരക്ഷാ നിലയത്തിന്റെ ടേൺ ഔട്ട് ഏരിയയിൽ ഉൾപ്പെടുന്നതാണ് പാലോട്. ജില്ലയിലെ തന്നെ ഏറ്റവും വലിയ പടക്കനിർമ്മാണ മേഖലയാണ് ഇവിടം. ദേശീയ സസ്യോദ്യാനവും എണ്ണപ്പന ഗവേഷണ കേന്ദ്രവും സംസ്ഥാന വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും സംസ്ഥാന സ്കൗട്ട് പരിശീലന കേന്ദ്രവും വനംവകുപ്പിന്റെ അരിപ്പ ട്രൈനിംഗ് സെന്ററും ഉൾപ്പെടുന്ന മേഖല കൂടിയാണ് ഇവിടം. മഴക്കാലം അടുത്തിരിക്കെ വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുകയാണ്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ നെടുമങ്ങാട്ടു നിന്നോ വിതുരയിൽ നിന്നോ ഫയർഫോഴ്സ് യൂണിറ്റ് എത്തണം.
ഫയർഫോഴ്സ് യൂണിറ്റ് ഓഫീസ് മന്ദിരം നിർമ്മാണം നീണ്ട വേളയിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടിരുന്നു. പ്രകൃതി ദുരന്തങ്ങൾക്ക് സാദ്ധ്യതയേറിയ പ്രദേശമായതുകൊണ്ട് ഫയർ സ്റ്റേഷൻ ആവശ്യമാണെന്നും ഇതിനുള്ള നടപടികൾ സർക്കാർ തലത്തിൽ അടിയന്തരമായി സ്വീകരിക്കണമെന്നും 2019 ൽ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ജെ.ബി.കോശി നിർദ്ദേശം നൽകിയെങ്കിലും ഒന്നും നടന്നില്ല.
ജൈവവൈവിദ്ധ്യ മേഖല ആയതിനാൽ വേനൽക്കാലത്ത് ഹെക്ടർ കണക്കിന് വനഭൂമിയാണ് കത്തി നശിക്കുന്നത്. തന്ത്രപ്രധാന സ്ഥാപനങ്ങൾ സുരക്ഷാഭീഷണി നേരിടുന്ന സമയം കൂടിയാണ്. മഴക്കാലത്ത് നദികളിൽ ജലനിരപ്പ് ഉയർന്ന് തീരപ്രദേശത്ത് താമസിക്കുന്നവർ അപകടത്തിൽ പെടാറുണ്ട്. ഇതിനെല്ലാം പരിഹാരമായി അടിയന്തരമായി ഫയർഫോഴ്സ് യൂണിറ്റ് സജ്ജീകരിച്ച് പ്രവർത്തനം ആരംഭിക്കാനുള്ള നടപടിയാണ് ആവശ്യം.
വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പാലോട് വില്ലേജിൽ 34.5 സെന്റ് സ്ഥലമാണ് ഫയർസ്റ്റേഷൻ നിർമ്മാണത്തിനായി നൽകിയത്. 2020-21ൽ എം.എൽ.എയുടെ മണ്ഡലം പ്രത്യേക വികസന നിധിയിൽ നിന്ന് 10 ലക്ഷം രൂപ വകയിരുത്തിയാണ് മന്ദിരനിർമ്മാണം പൂർത്തിയാക്കിയത്. രണ്ട് മൊബൈൽ യൂണിറ്റുകൾ, പാർക്കിംഗ് ഏരിയ, ഗ്യാരേജ്, ഓഫീസ്, വിശ്രമമുറി 2 ടോയ്‌ലെറ്റുകൾ കുടിവെള്ള സംവിധാനം എന്നിവ പൂർത്തിയാക്കി. എന്നാൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ അപര്യാപ്തമാണെന്നാണ് ഡിപ്പാർട്ട്മെന്റിന്റെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |