ബാലരാമപുരം: വെങ്ങാനൂർ പഞ്ചായത്തിൽ മംഗലത്തുകോണം വാർഡിൽ ഊറ്റുകുഴി ഹോമിയോ ആശുപത്രിയിലേക്ക് പോകുന്ന ബൈറോഡായ വിനായകറോഡ് നവീകരിക്കണമെന്ന് നാട്ടുകാർ. കാട്ടുനടക്ഷേത്രത്തിൽ നിന്ന് 50 മീറ്റർ അകലെ പടിഞ്ഞാറേഭാഗത്ത് കൂടി കടന്നുപോകുന്ന വിനായക റോഡിൽ ടാറിംഗ് ഇതുവരെയും നടന്നിട്ടില്ല. ടാറിംഗ് നടന്നിട്ടുള്ള റോഡുകൾക്ക് മാത്രമാണ് പഞ്ചായത്ത് റീടാറിംഗിന് ഫണ്ട് അനുവദിക്കുന്നത്. ഇക്കാരണത്താൽ വർഷങ്ങളായി റോഡ് ശോച്യാവസ്ഥയിലാണ്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ വിനായക റോഡിൽ കുഴികൾ രൂപപ്പെട്ട് ഇരുചക്രവാഹനത്തിനുപോലും കടന്നുവരാൻ കഴിയാത്ത സ്ഥിതിയാണ്. കനത്ത മഴ പെയ്താൽ അടിയന്തര ഘട്ടങ്ങളിൽ ആശുപത്രിയിൽ പോകാൻ പോലും ഇതുവഴി കഴിയില്ല.
ഈ ഭാഗത്തേക്കുള്ള ഓട്ടോ സർവീസും നിറുത്തലാക്കിയിരിക്കുകയാണ്. പുതിയ റോഡ് നിർമ്മിക്കാൻ നിലവിൽ ഫണ്ട് അനുവദിക്കാൻ സാധിക്കില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. പഞ്ചായത്ത് മുൻ ഭരണസമിതി ബി.ജെ.പി മെമ്പറുടെ നേത്വത്വത്തിൽ കുറച്ച് ഭാഗം കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയിരുന്നു. ഫണ്ടിന്റെ അപര്യാപ്തതമൂലം തുടർനിർമ്മാണജോലികൾ തടസപ്പെട്ടിരുന്നു. നേരത്തെ പരാതിയുയർന്നിരുന്ന സമീപത്തെ റോഡ് ഊറ്റുകുഴി - ഹോമിയോ റോഡ് എം.എൽ.എ ഫണ്ട് അനുവദിച്ച് ഗതാഗതയോഗ്യമാക്കിയിരുന്നു. അതുപോലെ വിനായ റോഡ് കോൺക്രീറ്റ് ചെയ്ത് യാത്രാക്ലേശം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |