താനൂർ: താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച എം.ഡി.എം.എ കേസിലെ പ്രതി താമിർ ജിഫ്രിയുടെ ശരീരത്തിൽ 21 മുറിവുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസകോശത്തിലുണ്ടായ രക്തസ്രാവവും ദണ്ഡുപയോഗിച്ചുള്ള മർദ്ദനത്തിൽ ശരീരത്തിൽ ആഴത്തിലേറ്റ മുറിവുകളും അമിതമായ ലഹരി ശരീരത്തിൽ കലർന്നതും മരണത്തിന് കാരണമായി. തുടകൾക്ക് പിറകിലും ഇടതുകാലിന്റെ അടിഭാഗത്തും അടിയേറ്റതിന്റെ പാടുകളും മുറിവുകളുമുണ്ട്. ഒമ്പത് മുറിവുകൾ ആയുധം ഉപയോഗിച്ചുള്ള മർദ്ദനത്തെ തുടർന്നാണെന്നും മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഹൃദയ സംബന്ധമായ രോഗങ്ങളും താമിറിനുണ്ട്. മർദ്ദനം ശരീരത്തിന് താങ്ങാനായില്ല. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച വ്യക്തിക്ക് കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാവുമായിരുന്നു. താമിർ മരിച്ച് 12 മണിക്കൂറിന് ശേഷമാണ് പോസ്റ്റ്മോർട്ടത്തിനെത്തിച്ചത്. അതുവരെ മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കാത്തത് ഗുരുതര വീഴ്ചയാണ്. താമിറിന്റെ ശരീരത്തിൽ മയക്കുമരുന്ന് ഉപയോഗത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളും കണ്ടെത്തി. ശ്വാസകോശത്തിൽ നീര് കെട്ടിയിരുന്നു. ഹൃദയധമനികൾക്കും തടസ്സമുണ്ടായിരുന്നു. ആമാശയത്തിൽ കണ്ടെത്തിയ രണ്ട് പ്ലാസ്റ്റിക്ക് കവറുകളിൽ ഒന്ന് പൊട്ടിയ നിലയിലായിരുന്നു. പൊട്ടാത്ത കവറിലുണ്ടായിരുന്ന തവിട്ട് നിറത്തിലുള്ള ദ്രാവകം രാസപരിശോധനയ്ക്ക് അയച്ചെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. രണ്ടര മണിക്കൂറെടുത്താണ് പൊലീസ് സർജൻ ഡോ.ടി.എസ്.ഹിതേഷ് ശങ്കർ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയത്
താനൂരിലെ പൊലീസ് ക്വാർട്ടേഴ്സിൽ വച്ച് താമിറിന് മർദ്ദനമേറ്റുവെന്ന ആരോപണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് പിന്നാലെ ശക്തിപ്പെടുകയാണ്. താമിർ ജിഫ്രിയുടെ മരണവും മയക്കുമരുന്ന് പിടികൂടിയതുമായും ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് എഫ്.ഐ.ആറുകളിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾക്ക് വിരുദ്ധമായ വിവരങ്ങളാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ പുറത്തുവരുന്നത്. അമിത ലഹരി ഉപയോഗത്തെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ അക്രമാസക്തനായി കുഴഞ്ഞുവീണ താമിറിനെ ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെന്നാണ് പൊലീസ് രേഖപ്പെടുത്തിയിരുന്നത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി ജില്ലാ കളക്ടറെയും താനൂർ പൊലീസിനെയും ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഇന്നലെ റിപ്പോർട്ട് കുടുംബത്തിന് ലഭിച്ചത്. താനൂർ ദേവധാർ ഓവർബ്രിഡ്ജിന് സമീപത്ത് വച്ച് അർദ്ധരാത്രിയിലാണ് താമിറിനെയും നാലുപേരെയും പിടികൂടിയതെന്നാണ് പൊലീസ് രേഖപ്പെടുത്തിയത്. എന്നാൽ ഉച്ചയ്ക്ക് ശേഷം മൂന്നോടെ ജോലിസ്ഥലമായ ചേളാരിയിൽ നിന്നാണ് പിടികൂടിയതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. മരണവിവരം കുടുംബത്തെ അറിയിക്കാൻ വൈകി. സംഭവത്തിൽ താനൂർ സ്റ്റേഷനിലെ എസ്.ഐ അടക്കം എട്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |