നെയ്യാറ്റിൻകര: അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷന് ആശ്വാസമായി അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലൂടെയുള്ള വികസന പ്രവർത്തനങ്ങൾക്കുള്ള പ്രാരംഭ നടപടികൾ ഉടൻ ആരംഭിക്കും. 12 കോടി രൂപയുടെ പദ്ധതിയിൽ 5 കോടിയുടെ പദ്ധതിക്കായാണ് അനുമതി. പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്താനായി റെയിൽവേ ഡി.ആർ.എം സ്റ്റേഷൻ സന്ദർശിച്ചു. 6 മാസം മുമ്പാണ് നെയ്യാറ്റിൻകരയെ അമൃത് ഭാരത് സ്റ്റേഷനാക്കി നവീകരിക്കാനുള്ള പദ്ധതിയ്ക്കായി റെയിൽവേ ടെൻഡർ ക്ഷണിച്ചത്. ദീർഘകാലാടിസ്ഥാനത്തിലുള്ള വികനപദ്ധതി വഴി സ്റ്റേഷൻ നവീകരണം ഉറപ്പാക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. സ്റ്റേഷന്റെ പ്രവേശന കവാടം മോടിപിടിപ്പിക്കുക, യാത്രക്കാർക്ക് വിശ്രമിക്കാനായി ഹാളുകൾ, എക്സിക്യുട്ടീവ് ലോഞ്ചുകൾ, കഫറ്റീരിയ, സ്റ്റേഷനിലേയ്ക്കുള്ള റോഡുകൾ വീതി കൂട്ടൽ, ബോർഡുകൾ, പാർക്കിംഗ് സൗകര്യം, മെച്ചപ്പെട്ട ലൈറ്റിംഗ് സംവിധാനവും, സിഗ്നലുകൾ യാത്രക്കാർക്ക് പെട്ടന്ന് ദൃശ്യമാകുന്ന രീതിയിൽ സജ്ജീകരിക്കുക, സ്റ്റേഷനെ ആധുനിക രീതിയിൽ നവീകരിച്ച് യാത്രക്കാർക്ക് സൗജന്യ വൈഫൈയടക്കമുള്ള സംവിധാനങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നതാണ് 12 കോടിയുടെ പദ്ധതി വഴി വിഭാവനം ചെയ്തിട്ടുള്ളത്.
അവഗണനമാത്രം
തിരുവനന്തപുരം-കന്യാകുമാരി റെയിൽപാതയിൽ നാഗർകോവിൽ കഴിഞ്ഞാൽ ഏറ്റവുമധികം വരുമാനം ലഭിച്ചിരുന്ന നെയ്യാറ്റിൻകര സ്റ്റേഷൻ സൗകര്യങ്ങളുടെ അപര്യാപ്തതയും ട്രെയിനുകളുടെ കുറവും സ്റ്റോപ്പില്ലായ്മയും കാരണം പിന്തള്ളപ്പെടുകയായിരുന്നു. ദീർഘദൂര എക്സ്പ്രസ് ട്രെയിനുകളടക്കം സ്റ്റോപ്പുണ്ടായിരുന്ന സ്റ്റേഷനിലെ വിവിധ അസൗകര്യങ്ങളും കുറവുകളും കാരണം ട്രെയിനുകൾ സ്റ്റോപ്പ് റദ്ദ് ചെയ്യപ്പെട്ടു. ഇത് സംബന്ധിച്ച് പാസഞ്ചേഴ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ അധികൃതർക്ക് നിരവധി തവണ നിവേദനങ്ങൾ സമർപ്പിച്ചിരുന്നെങ്കിലും ഒന്നും ഫലം കണ്ടില്ല.
ആശ്വാസമായി അമൃത് ഭാരത് സ്റ്റേഷൻ
ദീർഘദൂര യാത്ര ചെയ്യുന്നവർ ട്രെയിനിനായി തിരുവനന്തപുരം സെൻട്രലിൽ എത്തണം. ഇതിനിടെയാണ് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി അമൃത് ഭാരത് സ്റ്റേഷനിൽ നെയ്യാറ്റിൻകരയെയും ഉൾപ്പെടുത്തിയിയത് നെയ്യാറ്റിൻകരക്കാർക്ക് ഏറെ ആശ്വാസമായത്. പദ്ധതി പ്രകാരം പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങളെന്ന നിലയിൽ റെയിൽവേ സ്റ്റേഷനിൽ കയറുന്നതിനും ഇറങ്ങുന്നതിനുമായി പ്രത്യേകം കവാടം നിർമ്മിക്കും.
മറ്റ് നവീകരണങ്ങൾ
1.മേൽക്കൂരയോട് കൂടിയ വാഹനപാർക്കിംഗ് കേന്ദ്രം
2.സ്റ്റേഷനിലേക്കുള്ള റോഡിന്റെ നവീകരണം
3.നിലവിലുള്ള ഒരു റിസർവേഷൻ കൗണ്ടറിനൊപ്പം ഒരു കൗണ്ടർ കൂടി
4.റെയിൽപാത ഇരട്ടിപ്പിക്കലിലൂടെ പ്ലാറ്റ്ഫോമുകളുടെ എണ്ണം നാലാകും.
പ്ലാറ്റ് ഫോമുകൾക്ക് മുകളിൽ മേൽക്കൂര നിർമ്മിക്കുന്നതടക്കമുളളവയുടെ നിർമ്മാണം 7 കോടിയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |