തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരുടെ എണ്ണം വർദ്ധിച്ചതോടെ ഇവരെ അട്ടക്കുളങ്ങരയിലെ വനിതാ ജയിലിലേക്ക് മാറ്റും. ഇതോടൊപ്പം വനിതാ ജയിലിലെ തടവുകാരെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റാനും ദക്ഷിണ മേഖല ജയിൽ ഡി.ഐ.ജിയുടെ ശുപാർശ.
നവകേരള സദസ് കഴിഞ്ഞാൽ ജയിൽ മേധാവി സമർപ്പിച്ച ശുപാർശയ്ക്ക് സർക്കാർ അനുമതി നൽകിയേക്കും. തടവുകാരുടെ എണ്ണം കൂടുതലുള്ള പൂജപ്പുരയിൽ നിന്നടക്കം പുരുഷ തടവുകാരെ അട്ടക്കുളങ്ങരയിലേക്ക് കൊണ്ടുവരും. പൂജപ്പുരയിൽ വനിതാ തടവുകാർക്കുള്ള പ്രത്യേക ബ്ലോക്കിലാണ് അട്ടക്കുളങ്ങരയിലെ വനിതാ തടവുകാരെ പാർപ്പിക്കുന്നത്. 300 പേരെ പാർപ്പിക്കാൻ സൗകര്യമുള്ള അട്ടക്കുളങ്ങര വനിതാ ജയിലിൽ 35 വനിതാ തടവുകാർ മാത്രമുള്ള സാഹചര്യത്തിൽ ഇവരെ പൂജപ്പുരയിലെ പ്രത്യേക ബ്ളോക്കിൽ പാർപ്പിക്കും.
300 പുരുഷ തടവുകാരെ പൂജപ്പുരയിൽ നിന്ന് അട്ടക്കുളങ്ങരയിലേക്ക് മാറ്റാനാണ് ശുപാർശ. പൂജപ്പുരയിലെ പഴയ വനിതാ ബ്ലോക്കിലിപ്പോൾ 86 പുരുഷ തടവുകാരെയാണ് പാർപ്പിച്ചിരിക്കുന്നത്. 2011വരെ പൂജപ്പുര സെൻട്രൽ ജയിലിലെ പ്രത്യേക ബ്ലോക്കിലായിരുന്നു വനിതാ തടവുകാരെ പാർപ്പിച്ചിരുന്നത്. വനിതാ തടവുകാർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനും ബന്ധുക്കളെത്തുമ്പോൾ കാണാനുമെല്ലാം സൗകര്യമുണ്ടാകണമെന്ന നിവേദനത്തെ തുടർന്നാണ് അലക്‌സാണ്ടർ ജേക്കബ് ജയിൽ മേധാവിയായിരുന്നപ്പോൾ അട്ടക്കുളങ്ങരയിലേക്ക് വനിതാ തടവുകാരെ മാറ്റിയത്. അന്ന് നെയ്യാറ്റിൻകരയിലെ വനിതാ ജയിലിൽ കഴിഞ്ഞിരുന്ന തടവുകാരെയും അട്ടക്കുളങ്ങരയിലേക്ക് മാറ്റി.
ജില്ലാ ജയിലായി പ്രവർത്തിച്ചിരുന്ന അട്ടക്കുളങ്ങരയിലെ പുരുഷ തടവുകാരെ അന്ന് പൂജപ്പുര ജയിലേക്കും മാറ്റി. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിൽ 727 പേരെ പാർപ്പിക്കാവുന്ന ജയിലിൽ ശിക്ഷിക്കപ്പെട്ടവരും വിചാരണത്തടവുകാരും റിമാൻഡ് പ്രതികളുമടക്കം 1250 തടവുകാരുണ്ട്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ജയിലുകളിലൊന്നായ പൂജപ്പുര സെൻട്രൽ ജയിൽ തടവുകാരുടെ ബാഹുല്യത്തെ തുടർന്ന് വീർപ്പുമുട്ടുന്നുവെന്ന് ജയിൽ സൂപ്രണ്ടടക്കം ജയിൽ മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡി.ഐ.ജിയുടെ ശുപാർശ ജയിൽ മേധാവി സർക്കാരിന് സമർപ്പിച്ചത്.
ജീവനക്കാർക്ക് വിയോജിപ്പ്
ജയിൽ മാറ്റത്തിൽ വനിതാ ജീവനക്കാർ ഉന്നതതല യോഗത്തിൽ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ മാസം ചേരുന്ന ജയിൽ ഉന്നതതല യോഗത്തിൽ ഈ വിഷയം പ്രത്യേകം ചർച്ച ചെയ്യും. പൂജപ്പുര സെൻട്രൽ ജയിലിൽ വനിതാ തടവുകാർക്ക് പ്രത്യേക പ്രവേശന കവാടമായിരിക്കുമെന്ന് ജയിൽ അധികൃതർ പറഞ്ഞു. ആലപ്പുഴ,കൊല്ലം പത്തനംതിട്ട ജില്ലകളിലെ ജയിലുകളിൽ അന്തേവാസികളുടെ എണ്ണം കൂടുമ്പോൾ പ്രതികളെ പൂജപ്പുരയിലെത്തിക്കുന്നുണ്ട്. പത്തനംതിട്ടയിൽ പുതിയ ജയിലിന്റെ നിർമ്മാണം നടക്കുന്നതിനാൽ അവിടത്തെ തടവുകാരെയും പൂജപ്പുരയിലാണ് പാർപ്പിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |