പുഴയിൽ പ്ലാസ്റ്റിക് മാലിന്യ നിക്ഷേപം വ്യാപകം
കല്ലമ്പലം: അയിരൂർപ്പുഴ ചക്രശ്വാസം വലിക്കുമ്പോഴും അധികൃതരുടെ ഭാഗത്തു നിന്ന് അവഗണന തന്നെ. പുഴയിൽ പ്ലാസ്റ്റിക് മാലിന്യ നിക്ഷേപം വ്യാപകമായതോടെ വെള്ളത്തിന്റെ ഒഴുക്കും നിലച്ചു. കേരളത്തിലെ 44 നദികളിൽ ഏറ്റവും ചെറുതും വർക്കല താലൂക്കിൽ ഉൾപ്പെടുന്നതുമായ അയിരൂർ പുഴയെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തം.
മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകളാണ് പുഴ നശിക്കാൻ കാരണം. സർക്കാരോ സർക്കാർ ഏജൻസികളോ പുഴയെ പരിഗണിക്കാനോ പദ്ധതികളിലുൾപ്പെടുത്താനോ ഇതുവരെ തയാറായിട്ടില്ല. ഏകദേശം 20 കിലോമീറ്റർ നീളമുള്ള നദി മടവൂർ പഞ്ചായത്തിൽ നിന്നുത്ഭവിച്ച് നാവായിക്കുളം, ചെമ്മരുതി, ഇലകമൺ എന്നീ പഞ്ചായത്തുകളിലൂടെ കടന്നുപോയി നടയറ വട്ടക്കായലിലും തുടർന്ന് കടലിലും എത്തിച്ചേരുന്നു.
സംരക്ഷണമില്ലാതെ
ചെറുതോടുകളായും നീരുറവകളായും ഉത്ഭവിച്ച് വലിയ തോടായി ചെമ്മരുതി പഞ്ചായത്തിലെ കല്ലണയിൽ വച്ചാണ് നദിയുടെ ഭാവം കൈവരുന്നത്. തുടർന്ന് പടിഞ്ഞാറോട്ടൊഴുകിയാണ് കായലിലും കടലിലും പതിക്കുന്നത്. ഈ നദിയോട് കൃഷിവകുപ്പും ജലവിഭവ വകുപ്പുമെല്ലാം സ്ഥിരമായി അവഗണനയാണ് പുലർത്തിയിട്ടുള്ളത്. നദി സംരക്ഷണത്തിനായി ഇറിഗേഷൻ വകുപ്പിനെ സമീപിക്കുമ്പോൾ തോടാണെന്നു പറഞ്ഞ് അവഗണിക്കുകയാണ് പതിവ്. അയിരൂർ നദിയുടെ സംരക്ഷണത്തിനായി ഒരു സർവേ പോലും നടത്താൻ സർക്കാർ ഏജൻസികൾ തയാറായിട്ടില്ല.
പരിഗണനവേണം
മൂന്നു പഞ്ചായത്തുകളിലെ നെൽപ്പാടങ്ങൾക്ക് സമൃദ്ധമായി ജലസേചനം നൽകി കാർഷിക സമൃദ്ധി കൈവരിക്കാൻ സഹായിച്ച അയിരൂർ പുഴയോട് പ്രാദേശിക ഭരണകൂടങ്ങളായ പഞ്ചായത്തുകളും മുഖം തിരിക്കുകയാണ്. യാതൊരു പരിഗണനയും പുഴയ്ക്ക് നൽകുന്നില്ല. നദീതട വികസനവും തടയണകളുടെ നിർമാണവുമൊക്കെയായി കാർഷിക മേഖലയിൽ വമ്പിച്ച മുന്നേറ്റം നടത്താനിരുന്ന പദ്ധതികളൊക്കെ ആസൂത്രണ വിദഗ്ദ്ധരുടെ അനാസ്ഥ മൂലം ഫയലിൽ മാത്രമായി ഒതുങ്ങി. അടിയന്തരമായി നദിയെപ്പറ്റി സർവേ നടത്തി നദീതട പ്രദേശങ്ങളിലെ കൈയേറ്റവും നദിയിലെ മണൽ ഘനനവും തടയണമെന്ന ആവശ്യം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |