നെടുമ്പാശേരി: വിസ വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ കന്യാകുമാരി വേദനഗർ ഇരുളപ്പപുരം ബാവാ കാസിമിനെ (49) റൂറൽ ജില്ലാ സൈബർക്രൈം പൊലീസ് അറസ്റ്റുചെയ്തു. അങ്കമാലി സ്വദേശി ഫെമി, പാലിശേരി സ്വദേശി അഞ്ജു, കൊരട്ടി സ്വദേശി റോഷി ആൻഡ്രോസ്, കോട്ടയം സ്വദേശി രതീഷ്‌കുമാർ എന്നിവരിൽനിന്ന് മലേഷ്യയിലേയ്ക്ക് തൊഴിൽവിസ വാഗ്ദാനംചെയ്ത് രണ്ടുലക്ഷംരൂപാവീതം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കേസ്.
പൊലീസ് പറയുന്നത്: ചെങ്ങന്നൂരിലെ ഒരു ഉഴിച്ചിൽ കേന്ദ്രത്തിൽ ചികിത്സയ്ക്ക് വന്നപ്പോഴാണ് ബാവാ കാസിം രതീഷ്‌കുമാറിനെ പരിചയപ്പെട്ടത്. ഉത്തർപ്രദേശിൽ എസ്.എസ് ട്രാവത്സ് എന്ന സ്ഥാപനം നടത്തുകയാണെന്നും ഉയർന്ന ശമ്പളമുള്ള പാക്കിംഗ് ജോലി ശരിയാക്കിത്തരാമെന്നും വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതേതുടർന്ന് രതീഷ്‌കുമാറും സുഹൃത്തുക്കളും പല ഘട്ടങ്ങളിലായി രണ്ടുലക്ഷംവീതം എട്ടുലക്ഷംരൂപ ഇയാൾക്ക് കൈമാറി. ഇവരെ തിരുവനന്തപുരത്ത് മെഡിക്കൽ പരിശോധനയ്ക്കും കൊണ്ടുപോയി. തുടർന്ന് സിംഗിൾ എൻട്രി വിസ എന്ന പേരിൽ വിസപോലെ ഒരു പേപ്പർ വാട്‌സ് ആപ്പ് വഴി ഉദ്യോഗാർത്ഥികൾക്ക് ബാവാ കാസിം അയച്ചുകൊടുത്തു.
തട്ടിപ്പാണെന്ന് മനസിലായതിനെത്തുടർന്ന് അങ്കമാലി സ്വദേശി ഫെമി സൈബർക്രൈം പൊലീസ് സ്റ്റേഷൽ പരാതിനൽകി. ബാവാ കാസിം പറഞ്ഞ ട്രാവത്സ് ഇല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇയാളുടെ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. കൂടുതൽപേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും തട്ടിപ്പുസംഘത്തിൽ ഇയാളെക്കൂടാതെ വേറെ ആളുകളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
നാഗർകോവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.ബി. ലത്തീഫ്, സബ് ഇൻസ്‌പെക്ടർമാരായ പി.ജി. അനൂപ്, എം.ജെ. ഷാജി, എ.ബി. റഷീദ്, സീനിയർ സി.പി.ഒമാരായ ഷിറാസ് അമീൻ, ലിജോ ജോസ്, പ്രിൻസ് സെബാസ്റ്റ്യൻ തുടങ്ങിയവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |