SignIn
Kerala Kaumudi Online
Saturday, 17 August 2024 9.59 AM IST

കണ്ണടച്ചും സഹായിച്ചും വളർത്തി ഒടുവിൽ വിനയായി

തിരുവനന്തപുരം: ഗുണ്ടകളും നിയമവാഴ്ച ഉറപ്പാക്കേണ്ട ചില പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെയും കഥകൾ പറയാനുണ്ട് നമ്മുടെ തലസ്ഥാനത്തിന്. പൊലീസ് സഹായമില്ലാതെ ഗുണ്ടകൾക്ക് നിലനിൽക്കാനാകില്ലെന്നതാണ് യാഥാർത്ഥ്യം. ഇവരെ വളർത്തുന്നത് ഈ ഉദ്യോഗസ്ഥരാണെങ്കിലും പിന്നീട് കാര്യങ്ങൾ ഇവരുടെ പിടിവിട്ടു പോകും. ഗുണ്ടകൾക്കെതിരെ പരാതിപ്പെടുന്നവരെപ്പോലും പൊലീസുകാർ പിന്തിരിപ്പിക്കുന്നത് ക്രിമിനലുകൾക്ക് ധൈര്യമേകുന്നു. പരാതി പിൻവലിച്ചില്ലെങ്കിൽ പരാതിക്കാരന്റെ വിവരങ്ങൾ ചോർത്തിക്കൊടുക്കും. പിന്നെ പരാതിയും ഇല്ല പരാതിക്കാരനുമില്ല.

ഗുണ്ടകൾ തമ്മിലുള്ള പരസ്പര ഏറ്റുമുട്ടലുകളും പൊലീസിന് തലവേദനയാണ്. കുടിപ്പകകൾ ജീവനെടുക്കുമ്പോൾ ഉണരുന്ന പൊലീസ്, ഗുണ്ടകളെ അമർച്ച ചെയ്യാൻ പദ്ധതികളുമായി രംഗത്തിറങ്ങും. എന്നാൽ,​ ആരംഭശൂരത്വം മാത്രമായി അത് ഒതുങ്ങും. നിരവധി പദ്ധതികളാണ് ഗുണ്ടകളെ ഒതുക്കാനായി ഇത്തരത്തിൽ സിറ്റി പൊലീസ് പ്രഖ്യാപിച്ചത്. പക്ഷേ ഇതെല്ലാം ഫയലിലൊതുങ്ങി.

ഓംപ്രകാശ്,​ പുത്തൻപാലം രാജേഷ് തുടങ്ങിയവരാണ് തലസ്ഥാനത്തെ പ്രമുഖ ഗുണ്ടാനേതാക്കൾ. ഇരുവരും നിരവധി ക്രിമിനൽ കേസ് പ്രതികൾ. മെഡിക്കൽ കോളേജിലെ ആംബുലൻസ് ഡ്രൈവർമാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയും ചെയ്ത പുത്തൻപാലം രാജേഷ് ഇപ്പോഴും കാണാമറയത്താണ്. ആംബുലൻസ് പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിലായിരുന്നു രാജേഷ് ഇടപെട്ടത്. കാറിൽ സഞ്ചരിക്കവെ ബിൽഡറായ നിഥിനെയും അഞ്ച് സുഹൃത്തുക്കളെയും ഗുണ്ടാത്തലവൻ ഓംപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഈ കേസിൽ പിന്നീട് ഓംപ്രകാശിനെ ഗോവയിൽ നിന്ന് പൊലീസ് പിടികൂടി.

അക്രമം തുടർക്കഥ

പൊലീസിന്റെ നിഷ്ക്രിയത്വമാണ് ഗുണ്ടകളെ വളർത്തുതെന്നാണ് ജനങ്ങളുടെ പരാതി. സമീപകാലത്തായി നിരവധി ഗുണ്ടാ ആക്രമണങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. 2021ൽ പോത്തൻകോട് 11 അംഗ ഗുണ്ടാസംഘം ചെമ്പകമംഗലം സ്വദേശി സുധീഷിനെ പട്ടാപ്പകൽ ക്രൂരമായി വെട്ടിക്കൊന്നു. സുധീഷും മറ്റൊരു അക്രമത്തിനുശേഷം ഒളിവിൽ കഴിയുകയായിരുന്നു. പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പ് ജംഗ്ഷനിൽ ഗുണ്ടാപ്പിരിവ് നൽകാത്തതിനെ തുടർന്ന് ബേക്കറിയിൽ കയറി ഗുണ്ടാസംഘം ഉടമയെ കുത്തിവീഴ്‌ത്തി പണം കവർന്നതും ഇതേ വർഷമാണ്. ഈ സംഭവത്തിൽ ജയിലിലായിരുന്ന നാലംഗസംഘം ജാമ്യത്തിലിറങ്ങിയ ശേഷം 2022ൽ വീടുകൾ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒരു വർഷം മുമ്പാണ് ചന്തവിളയിൽ മദ്യപിക്കുന്നതിനിടെ ഗുണ്ടകൾ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിലെത്തുകയും മെന്റൽ ദീപു എന്ന ദീപുവിനെ കല്ലുകൊണ്ട് ഇടിച്ചുകൊല്ലുകയും ചെയ്തത്. കേസിലെ പ്രതികളും അഞ്ച് ഗുണ്ടാകളായിരുന്നു.

ടെക്നോസിറ്റിയും ഭീതിയിൽ

ടെക്നോപാർക്ക് സ്ഥിതി ചെയ്യുന്ന കഴക്കൂട്ടമാണ് ഇപ്പോൾ ലഹരി- ഗുണ്ടാസംഘങ്ങൾ കേന്ദ്രമാക്കിയിരിക്കുന്നത്. മണ്ണ്,​ മണൽ മാഫിയകളും സമീപപ്രദേശങ്ങളായ മംഗലപുരം, അണ്ടൂർക്കോണം, പോത്തൻകോട് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.