ആറ്റിങ്ങൽ: വീടുകളിൽ മാമ്പഴത്തിനും തണലിനും വേണ്ടി മാവുകൾ കൃഷി ചെയ്യുന്നവരാണേറെയും. എന്നാൽ മാവ് കൃഷിയിലൂടെ വരുമാനം കണ്ടെത്താമെന്നാരും ചിന്തിക്കുന്നില്ല. അല്പമൊന്ന് മെനക്കെട്ടാൽ നല്ല വരുമാനം നേടാവുന്നൊരു കൃഷിയാണിത്. മാമ്പഴം കൂടുതൽ ഉത്പാദിപ്പിക്കുന്നത് കേരളത്തിലാണ്. അലങ്കാരത്തിനായാലും വരുമാനത്തിനായാലും ഒരുപോലെ അനുയോജ്യം. ശാസ്ത്രീയ രീതിയിൽ മാവ് കൃഷി ചെയ്താൽ അതിൽനിന്നും നല്ലൊരു വരുമാനം ലഭിക്കുമെന്ന് വിവിധ പഠനങ്ങൾ തെളിയിക്കുന്നു. മൂവാണ്ടൻ, കിളിച്ചുണ്ടൻ, കർപ്പൂരം, കൊളംബി, കോട്ടൂക്കോണം, സിന്ദൂരം, ചന്ത്രക്കാറൻ, കലപ്പാടി, നീലംവെള്ളരി തുടങ്ങിയ വിവിധയിനങ്ങളിലുള്ളവ നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ചതാണ്. വലിയ ഉയരത്തിൽ പോവാതെ, വശങ്ങളിലേക്ക് ശിഖരങ്ങൾ വളർന്ന്, കൈയെത്തും ഉയരത്തിൽ മാങ്ങ പറിക്കത്തക്ക രീതിയിൽ പ്രൂൺ ചെയ്തും മാവിനെ നിർത്താം. ഇത് അലങ്കാരമാവായും ഉപയോഗിക്കും.
എന്തെല്ലാം ശ്രദ്ധിക്കാം
നല്ല തുറസായ, 8 മണിക്കൂറെങ്കിലും സൂര്യപ്രകാശം കിട്ടുന്നയിടങ്ങളിൽ മാവിൻതൈ നടണം. ഒരു മീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത്, അതിൽ പൊടിഞ്ഞ ചാണകം, ചാരം, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങൾ സമൃദ്ധമായി മണ്ണുമായി മിക്സ് ചെയ്ത് കുഴി മൂടാതെ വേണം തൈകൾ നടാൻ. കൃത്യമായ വളപ്രയോഗം നടത്തുന്നത് വളർച്ചയ്ക്കും വിളവെടുപ്പിനും സഹായകരമാകും. ചെടിയിൽ നിന്നു ഏതാണ്ട് 2-3 അടി അകലത്തിലും അരയടി ആഴത്തിലും തടം എടുക്കുക. ഒരു കിലോ കുമ്മായം തടത്തിൽ വിതറി മണ്ണിന്റെ പുളിപ്പ് ക്രമപ്പെടുത്താം. 15 ദിവസം കഴിഞ്ഞ് ജൈവ -രാസ -സൂക്ഷ്മ വള മിശ്രിതം ഒഴിക്കാം. പൂക്കാൻ തുടങ്ങുന്നതിനു മുൻപ് പൊട്ടാസ്യം നൈട്രേറ്റ് വെള്ളത്തിൽ ചേർത്ത് ഇലകളിൽ തളിക്കുന്നത് നല്ലതാണ്. മാങ്ങ വിണ്ടുകീറുന്നെങ്കിൽ കാത്സ്യം നൈട്രേറ്റ് ഇലകളിൽ തളിക്കാം. പ്രൂൺ ചെയ്ത മാവായതിനാൽ വിളവെടുപ്പ് സുഗമമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |