തൃശൂർ: ലോറിയിലും കാറിലുമായി അനധികൃതമായി കഞ്ചാവ് കടത്തിയ കേസിൽ അഞ്ച് പ്രതികൾക്ക് പത്ത് വർഷവും മൂന്നു മാസവും കഠിനതടവും 1.05 ലക്ഷം രൂപ പിഴയും. ലാലൂർ ആലപ്പാട്ട് പൊന്തേക്കൻ ജോസ് (43), മണ്ണുത്തി വലിയവീട്ടിൽ സുധീഷ് (45), പഴയന്നൂർ വടക്കേത്തറ നന്നാട്ടുകളം മനീഷ് (26), കരുവാൻകാട് തേമണൽ രാജീവ് (45), തമിഴ്‌നാട് തേനി ഉത്തമപാളയത്ത് സുരേഷ് (38) എന്നിവരെയാണ് തൃശൂർ നാലാം അഡീഷണൽ ജില്ലാ ജഡ്ജി കെ.വി. രജനീഷ് ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ നാലുമാസം കൂടുതലായി കഠിനതടവ് അനുഭവിക്കേണ്ടി വരും. കഞ്ചാവ് കടത്തിയ ലോറിയും കാറും കണ്ടുകെട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും വിധിയിലുണ്ട്. 2021 ജൂലായ് 24ന് രാവിലെ 6.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രഹസ്യസന്ദേശം ലഭിച്ചതിനെത്തുടർന്ന് കൊരട്ടി പൊലീസ് എസ്.ഐമാരായ ഇ.എ. ഷാജുവും സംഘവും ചേർന്ന് കൊരട്ടി ഗവ. പ്രസിനു സമീപം വാഹന പരിശോധനയ്ക്കിടെയായിരുന്നു കഞ്ചാവ് പിടികൂടിയത്.
ലോറിയുടെ പ്ലാറ്റ് ഫോമിൽ 15 പായ്ക്കറ്റുകളിലായി ചാക്കുകളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഏകദേശം 210 കിലോഗ്രാം കഞ്ചാവ്. പ്രോസിക്യൂഷനായി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സോളി ജോസഫ്, എൻ.ഡി.പി.എസ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.കെ. ഗിരീഷ് മോഹനും ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |