കൊച്ചി: അടുത്ത ബന്ധുവിന്റെ നാലുവയസുള്ള മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി. കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ജസ്റ്റിസ് ജി. ഗിരീഷ് വ്യക്തമാക്കി. കഴിഞ്ഞവർഷമുണ്ടായ സംഭവത്തിൽ കോഴിക്കോട് കസബ പൊലീസാണ് പോക്സോ കേസെടുത്തത്.
കുട്ടിയുടെ അമ്മയും അച്ഛനും വേർപിരിഞ്ഞവരാണ്. കുട്ടി അമ്മയുടെ വീട്ടിൽ താമസിക്കവേ പീഡനം നടന്നെന്നാണ് കേസ്. അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് കുട്ടി ആ വീട്ടിൽ എത്തിയപ്പോൾ അമ്മൂമ്മയോട് ഇക്കാര്യം വെളിപ്പെടുത്തി. സൈക്കോളജിസ്റ്റിനോടും മജിസ്ട്രേറ്റിനോടും മൊഴി ആവർത്തിച്ചു. മെഡിക്കൽ പരിശോധനയിൽ പീഡനം സംശയിക്കുന്ന പരിക്ക് കണ്ടെത്തിയിരുന്നു.
ബന്ധുവിന്റെ ദാമ്പത്യ തർക്കത്തിൽ ഇടപെട്ടതിലുള്ള വിരോധവും, കുട്ടിയെ വിട്ടുകിട്ടാൻ അമ്മൂമ്മയും അമ്മായിയും നടത്തുന്ന നീക്കവുമാണ് പരാതിക്ക് പിന്നിലെന്ന് ജയചന്ദ്രൻ വാദിച്ചു. എന്നാൽ, മെഡിക്കൽ തെളിവുകളുണ്ടെന്നും കുട്ടിയുടെ അച്ഛന്റെ വീട്ടുകാർക്ക് ഹർജിക്കാരനോട് വിരോധം വരാൻ കാരണങ്ങളില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ചാണ് ജയചന്ദ്രന്റെ ഹർജി തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |