തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ,പുനരധിവാസ പദ്ധതികൾ നടപ്പാക്കുന്ന ആക്കുളത്തെ നിഷിനെ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്) സർവകലാശാലയാക്കുമെന്ന പ്രഖ്യപാനം ബഡ്‌ജറ്റിലുണ്ടാകുമോയെന്ന് കാത്തിരിക്കുകയാണ് തലസ്ഥാനം.
ഭിന്നശേഷി മേഖലയിലെ സവിശേഷ സ്വഭാവത്തോടെയുള്ള സർവകലാശാലയാക്കി മാറ്റുമെന്ന് സർക്കാർ 2022ൽ പ്രഖ്യാപിച്ചിരുന്നു. 1997ൽ ഏഴ് കുട്ടികളുമായി ആക്കുളത്ത് വാടകക്കെട്ടിടത്തിൽ തുടങ്ങിയ നിഷ്,ആയിരക്കണക്കിന് ഭിന്നശേഷി കുട്ടികൾക്ക് ശാസ്ത്രീയ പരിശീലനവും ചികിത്സയും നൽകുന്ന സ്ഥാപനമാണിപ്പോൾ. സാമൂഹികനീതി വകുപ്പിന് കീഴിലാണ് പ്രവർത്തനം. 150ലേറെ ജീവനക്കാരുണ്ട്. ഭിന്നശേഷിക്കാർക്കടക്കം ക്ലിനിക്കൽ,ചികിത്സാ സേവനങ്ങളും ശ്രവണ പരിമിതർക്കടക്കം ബിരുദ കോഴ്സുകളും നടത്തുന്നു.
കേരള,ആരോഗ്യ സർവകലാശാലകളിലാണ് കോഴ്സുകൾ. ഓഡിയോളജിയിലടക്കം ബിരുദാനന്തര ബിരുദ കോഴ്സുകളും റീഹാബിലിറ്റേഷൻ കൗൺസിലിന്റെ ഡിപ്ലോമ കോഴ്സുകളുമുണ്ട്. സർക്കാർ പരിപാടികൾക്കടക്കം ആംഗ്യഭാഷാ പരിഭാഷകരുടെ സേവനവും ലഭ്യമാക്കുന്നു. കേൾവി പരിമിതിയുള്ളവർക്ക് രാജ്യത്താദ്യമായി ഉന്നതവിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കിയത് നിഷാണ്. ഭിന്നശേഷിക്കാർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ വികസിപ്പിക്കാനുള്ള കേന്ദ്രവുമുണ്ട്. ഓട്ടിസം ബാധിച്ചവർക്കടക്കം ശാസ്ത്രീയപരിശീലനം നൽകുന്നു.
പത്തുവർഷമായുള്ള കാത്തിരിപ്പ്
നിഷിനെ ഏഷ്യയിലെ ആദ്യത്തെ ഭിന്നശേഷി സർവകലാശാലയാക്കുമെന്ന് 2014ൽ കേന്ദ്രസർക്കാർ
പ്രഖ്യാപിച്ചിരുന്നു. 1790 കോടി നീക്കിവച്ചു. പിന്നീടിത് ആസാമിന് അനുവദിച്ചു.
യു.ഡി.എഫ് ഭരണകാലത്ത് സർവകലാശാലയാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കരട്ബിൽ
തയ്യാറാക്കിയെങ്കിലും കേന്ദ്രസർവകലാശാലാ പ്രഖ്യാപനം വന്നതോടെ തുടർനടപടികൾ അവസാനിപ്പിച്ചു.
പണമില്ലാതെ നട്ടംതിരിഞ്ഞ്
1) സർക്കാർ സഹായധനത്തോടെയുള്ള (ഗ്രാന്റ് ഇൻ എയ്ഡ്) സ്ഥാപനമായതിനാൽ ശമ്പളം,പെൻഷനടക്കം
പണം സ്വന്തമായി കണ്ടെത്തണമെന്നാണ് സർക്കാർ നിർദ്ദേശം.
2) ഭിന്നശേഷിസഹായ പദ്ധതികൾക്ക് സ്പോൺസറെ കണ്ടെത്താമെങ്കിലും ശമ്പളം,പെൻഷനടക്കം
ചെലവുകൾക്ക് സ്‌പോൺസറിംഗ് അസാദ്ധ്യമാണ്.
3) ബഡ്‌ജറ്റ് വിഹിതത്തിൽ 50% വെട്ടിക്കുറച്ചു. ശമ്പളമുടക്കം പതിവായി. പുതിയകോഴ്സുകൾ
അനുവദിച്ചിട്ടും തുടങ്ങാനാവുന്നില്ല. 14 വർഷമായി ശമ്പളപരിഷ്കരണമില്ല.
4) സർവകലാശാലയാക്കിയാൽ യു.ജി.സിയുടെയും വിദേശ ഏജൻസികളുടെയും
ധനസഹായം ലഭ്യമാവും. ഭിന്നശേഷി മേഖലയിലെ മറ്റുസ്ഥാപനങ്ങളെ കൂട്ടിച്ചേർക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |