തട്ടിക്കൊണ്ടുപോകൽ രണ്ടാംതവണ
കഴക്കൂട്ടം/പോത്തൻകോട്: മംഗലപുരത്ത് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ പത്താംക്ലാസ് വിദ്യാർത്ഥിയെ രാത്രിയോടെ കീഴാറ്രിങ്ങൽ ഭാഗത്തെ റബർത്തോട്ടത്തിൽ നിന്ന് കണ്ടെത്തി.മുരുക്കുംപുഴ സ്വദേശി ആഷിഖിനെയാണ് (15) നാലംഗസംഘം വീട്ടിൽ നിന്ന് ബലമായി വിളിച്ചിറക്കി കാറിൽ കയറ്റി കൊണ്ടുപോയത്.
ഇന്നലെ രാത്രി 7.45ഓടെയായിരുന്നു സംഭവം.ആറ്റിങ്ങൽ ഗവ.ബോയ്സ് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയും
മുരുക്കുംപുഴ ഇടവിളാകം ആഷിഖ് വില്ലയിൽ നിഹാസ് - ഷൈന ദമ്പതികളുടെ മകനുമാണ് ആഷിഖ്.
മാതാപിതാക്കൾ വിദേശത്തായതിനാൽ അമ്മൂമ്മയ്ക്കൊപ്പമാണ് ആഷിഖ് താമസിക്കുന്നത്.കുട്ടിയെ കാണാതായ വിവരം ബന്ധുക്കളാണ് മംഗലപുരം പൊലീസിൽ അറിയിച്ചത്.
ആറ്റിങ്ങൽ ഭാഗത്തേയ്ക്കാണ് കാർ പോയതെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.തുടർന്ന് മംഗലപുരം പൊലീസ് ആഷിഖിന്റെ ഫോണിൽ വിളിച്ചു.തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഒരാൾ ഫോണെടുത്ത് പൊലീസിനെ അസഭ്യം പറഞ്ഞു. ഫോൺ ടവർ ലൊക്കേഷൻ കണ്ടെത്തിയ പൊലീസ് ഗുണ്ടാസംഘത്തിന് പിന്നാലെ പാഞ്ഞു.രാത്രി 10.15ഓടെ കുട്ടിയെ ആളൊഴിഞ്ഞ റബ്ബർത്തോട്ടത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഗുണ്ടാസംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. മറ്റു രണ്ടുപേർ വാഹനത്തിൽ കയറി രക്ഷപ്പെട്ടു. കഞ്ചാവ് സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.
തട്ടിക്കൊണ്ട് പോയത് രണ്ടാംതവണ
ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ 11ന് ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്ന ആഷിഖിനെ ബൈക്കിലെത്തിയ രണ്ടംഗസംഘം ബലമായി പിടിച്ചുകൊണ്ടു പോയി ഒരു വീടിനുള്ളിൽ പൂട്ടിയിട്ട് മർദ്ദിച്ചിരുന്നു.വൈകിട്ടോടെ ആഷിഖിനെ തിരിച്ചയച്ചു. അന്ന് വീട്ടുകാർ മംഗലപുരം പൊലീസിൽ പരാതി നൽകിയിരുന്നതായും പൊലീസ് വേണ്ടത്ര അന്വേഷണം നടത്തിയിട്ടില്ലെന്നും പരാതിയുണ്ട്. മർദ്ദിച്ചവരെ കാട്ടിക്കൊടുക്കാമെന്ന് പറഞ്ഞിട്ടും പൊലീസ് അനങ്ങിയില്ലെന്ന് വീട്ടുകാർ ആരോപിക്കുന്നു. ഇതേ സംഘം തന്നെയാണോ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.
സ്റ്റേഷന് മുന്നിൽ പ്രതിഷേധം
പൊലീസിന്റെ ഭാഗത്തെ അനാസ്ഥ ആരോപിച്ച് രാത്രി നാട്ടുകാർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. പൊലീസും നാട്ടുകാരുമായി വാക്കേറ്റം ഉണ്ടായതോടെ കുട്ടിയെ സ്റ്റേഷനിൽ എത്തിക്കാതെ നേരെ വീട്ടിൽ കൊണ്ടുപോകാൻ പൊലീസ് തീരുമാനിച്ചു.സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |