വിഴിഞ്ഞം: നൈജീരിയയിലും സൗദിയിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതിയെ സാഹസികമായി പിടികൂടി. എറണാകുളം വൈറ്റില തൈകൂടം സിൽവർ സാൻഡ് ഐലന്റിൽ ഫ്ളാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന ഡോൺ സൈമൺ തോമസി (57)നെയാണ് വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി പിടികൂടിയത്. ഇതോടെ ഉത്തരേന്ത്യൻ പൊലീസിനെ വിറപ്പിച്ച വിരുതനാണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. വെങ്ങാനൂർ സ്വദേശികളായ അരുൺ, അഭിജിത്ത് എന്നിവരുടെ പരാതിയെ തുടർന്നാണ് പ്രതിയെ ഇപ്പോൾ അറസ്റ്റു ചെയ്തത്. കഴിഞ്ഞ വർഷമാണ് നൈജീരിയ അബുജയിൽ തെമിൽ കയ ഏവിയേഷനിൽ ഗ്രൗണ്ട് സ്റ്റാഫ് ആയി ജോലി നൽകാമെന്ന് വാഗ്ദാനം നൽകി പലതവണയായി ഒരു ലക്ഷത്തിലധികം രൂപ തട്ടിയത്. 2500 യു.എസ് ഡോളർ ശമ്പളം വാഗ്ദാനം ചെയ്ത് നിയമന ഉത്തരവും നൽകി. മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നപ്പോഴാണ് പരാതി നൽകിയത്. പ്രതി പിടിയിലായതോടെ തൃശ്ശൂരിൽ നിന്നുൾപ്പെടെ നിരവധി പേർ പരാതിയുമായി വിളിക്കുന്നുണ്ടെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ ആർ. പ്രകാശ് പറഞ്ഞു. 70 ഓളം പേർ കബളിപ്പിക്കലിന് ഇരയായെന്ന് പരാതിക്കാർ പറഞ്ഞു.
പൊലീസിനെ കടിച്ചു, പിന്നെ തടവി ആശ്വസിപ്പിച്ചു
എറണാകുളത്ത് ഫ്ളാറ്റിൽ പ്രതി ഉണ്ടെന്നറിഞ്ഞ വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി. മുകളിലെ ഫ്ളാറ്റിലായിരുന്നതിനാൽ പ്രതിയെ താഴെ എത്തിക്കാനായി ഫ്ളാറ്റിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചു. ഇലക്ട്രീഷ്യനെ വിളിക്കാനായി താഴെ എത്തിയ പ്രതിയെ പൊലീസ് വളഞ്ഞ് പിടികൂടി. ബലപ്രയോഗത്തിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ഒരു
പൊലീസുകാരന്റെ ഇടതു ഭുജത്തിൽ കടിച്ചെങ്കിലും പ്രതിയെ കീഴ്പ്പെടുത്തി ജീപ്പിൽ കയറ്റി വിഴിഞ്ഞത്തേക്കുള്ള യാത്രയ്ക്കിടയിൽ പ്രതിതന്നെ കൈയിൽ കടിച്ച ഭാഗം തടവി ആശ്വസിപ്പിച്ചു.
നായയെ കണ്ട് അന്യ സംസ്ഥാന പൊലീസ് മടങ്ങി
യു.പി ഉൾപ്പെടെയുള്ള അന്യ സംസ്ഥാന പൊലീസ് മൂന്നുതവണ ഫ്ളാറ്റിലെത്തിയെങ്കിലും നായയെ മുന്നിൽ നിറുത്തി ഭീഷണിപ്പെടുത്തി. ഇതോടെ പൊലീസുകാർ പിൻവാങ്ങിയിരുന്നു. എസ്. എച്ച്.ഒയെ കൂടാതെ എസ്.ഐ.മാരായ ദിനേശ്,സേവ്യർ, പ്രശാന്ത്, നസീർ, എസ്.സി.പി.ഒ മാരായ അരുൺ.പി.മണി, രാമു പി.വി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |