തിരുവനന്തപുരം: പൊങ്കാലയ്ക്ക് ട്രെയിനിലെത്തിയത് ഒരുലക്ഷം യാത്രക്കാർ. വൻ തിരക്കുണ്ടായെങ്കിലും അപകടങ്ങളോ, യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകളോ ഇല്ലാതെ കൈകാര്യം ചെയ്യാൻ കഴിഞ്ഞതായി റെയിൽവേ അറിയിച്ചു.
പൊങ്കാലത്തിരക്ക് പരിഗണിച്ച് തമ്പാനൂരിലെ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വിപുലമായ ഒരുക്കങ്ങളാണ് റെയിൽവേ നടത്തിയത്.
പവർ ഹൗസ് റോഡിലെ രണ്ടാം കവാടത്തിന് മുന്നിൽ വിശാലമായ പന്തലിട്ട് അവിടെ അധിക ടിക്കറ്റ് കൗണ്ടറുകളും ഏർപ്പെടുത്തി.അതിനാൽ ടിക്കറ്റെടുക്കാനുള്ള തിരക്കും അപകടങ്ങളും ഒഴിവാക്കി.തിരുവനന്തപുരത്തുനിന്ന് തെക്കോട്ട് നാഗർകോവിൽ,പാറശാല,നെയ്യാറ്റിൻകര,ബാലരാമപുരം എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഒന്നാം നമ്പർ പ്ളാറ്റ് ഫോം പൂർണമായി വിട്ടുനൽകി.
രണ്ട്,മൂന്ന്,നാല്,അഞ്ച് പ്ളാറ്റ് ഫോമുകൾ വടക്കോട്ട് കൊല്ലം, വർക്കല,ചിറയിൻകീഴ്,കഴക്കൂട്ടം തുടങ്ങിയ ഭാഗങ്ങളിലേക്കുള്ളവർക്കായി നീക്കിവച്ചു. ഇതുമൂലം ട്രെയിനറിയാതെ യാത്രക്കാർ കറങ്ങിനടന്ന് തിരക്കുണ്ടാക്കുന്നത് ഒഴിവാക്കാനായി. തിരുവനന്തപുരത്തേക്ക് വന്നും പോയുമിരിക്കുന്ന 31 ട്രെയിനുകൾക്കാണ് ഇന്നലെ പ്രത്യേക സ്റ്റോപ്പുകൾ അനുവദിച്ചത്. എക്‌സ്‌പ്രസ്,സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ ഉൾപ്പെടെ എല്ലാ ട്രെയിനുകൾക്കും പേട്ട,കൊച്ചുവേളി,നേമം,കഴക്കൂട്ടം,ചിറയിൻകീഴ് എന്നിവിടങ്ങളിലെല്ലാം സ്റ്റോപ്പ് അനുവദിച്ചിരുന്നു. വന്ദേഭാരത് ട്രെയിനിനുപോലും കൊച്ചുവേളിയിൽ നിന്ന് പ്രത്യേക സ്റ്റോപ്പ് നൽകി.
സുരക്ഷയ്ക്കായി റെയിൽവേ പൊലീസിനെ കൂടാതെ സംസ്ഥാന പൊലീസിന്റെ സേവനവും വിനിയോഗിച്ചു. കൂടാതെ മെഡിക്കൽ സംഘത്തേയും ആംബുലൻസ് സേവനവും റെയിൽവേ സ്റ്റേഷനുകളിൽ സജ്ജമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |