കല്ലറ: ചക്കയ്ക്ക് പ്രിയമേറിയെങ്കിലും വിലക്കുറവിൽ തിരിച്ചടി നേരിടുകയാണ് കർഷകർ. കടുത്ത വേനൽച്ചൂടിൽ ചക്ക വിരിഞ്ഞു തുടങ്ങുമ്പോൾ കൊഴിയുന്നതും ചൂടിനെ അതിജീവിച്ചവ വളർച്ച മുരടിച്ചു നിൽക്കുന്നതും ചക്കയ്ക്ക് പ്രതിസന്ധിയായിട്ടുണ്ട്. ചക്കയുടെ ചില്ലറ വില്പന വില കൂടുതലാണെങ്കിലും മൊത്തവില കിലോയ്ക്ക് ഇരുപതിൽ താഴെയാണ്. ചക്ക കയറ്റുമതി സജീവമാകുമ്പോഴും മതിയായ വില ലഭിക്കാത്തത് കർഷകർക്കെന്നപോലെ വ്യാപാരികൾക്കും തിരിച്ചടിയാകുന്നു. ചക്കയുടെ ഗുണഗണങ്ങൾ തിരിച്ചറിഞ്ഞ് അന്യസംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും കയറ്റുമതിയുണ്ട്. തമിഴ്നാട്ടിൽ നിന്നുൾപ്പെടെ ഇടിയൻ ചക്കയ്ക്കു പിന്നാലെ മൂപ്പെത്തിയ ചക്കയ്ക്കും ആവശ്യക്കാർ ഏറെയാണ്. ചക്കയുടെ തൂക്കമനുസരിച്ചാണ് ഓരോ സ്ഥലത്തേയും ഡിമാൻഡ്. പൊടിയാക്കി ഉപയോഗിക്കാനും കറിക്കുമായാണ് ഇടിയൻചക്ക കയറ്റി പോകുന്നത്. ഔഷധമൂല്യം ഏറെയുള്ള ചക്ക മറുനാട്ടുകാരുടെ ഇഷ്ടഭക്ഷണമായി മാറി. മലയോരമേഖലയിൽ കഴിഞ്ഞ വർഷങ്ങൾക്കിടെ പ്ലാവ് കൃഷി വ്യാപകമായിട്ടുണ്ട്. നാട്ടിൻപുറങ്ങളിലെ മാർക്കറ്റുകളിലും ചക്ക സജീവമാണ്. വരിക്ക ചക്കയ്ക്കും ചക്ക വറ്റലിനുമാണ് ഡിമാൻഡ്.
വറ്റലാക്കി നാട്ടിലേക്ക്
തുച്ഛമായ വിലയ്ക്ക് ലോഡ്കണക്കിന് തമിഴ്നാട്ടിൽ എത്തിച്ച് വറ്റലായി തിരികെ ഇവിടെ എത്തുമ്പോൾ കിലോയ്ക്ക് 300 മുതൽ 400 രൂപ വരെയാണ് വില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |