കൊച്ചി: സിനിമ സംവിധായകരായ ഖാലിദ് റഹ്മാനും അഷറഫ് ഹംസയ്ക്കും കൊച്ചിയിലെ ഫ്ലാറ്റിൽ ഹൈബ്രിഡ് കഞ്ചാവെത്തിച്ചത് മാജിക് മഷ്റൂമെന്ന ലഹരിക്കൂൺ വിതരണ സംഘത്തിലെ പ്രമുഖൻ. കാക്കനാട് താമസിക്കുന്ന കോഴിക്കോട് സ്വദേശിയായ ഇയാൾ സംവിധായകർ അറസ്റ്റിലായതോടെ മുങ്ങി. തമിഴ്നാട്ടിലുണ്ടെന്നാണ് സൂചന. മൊബൈൽഫോൺ സ്വിച്ച് ഓഫാണ്. ലഹരിമരുന്ന് കേസുകളിൽ ഇയാൾ നേരത്തെ ഉൾപ്പെട്ടിട്ടില്ലെന്നാണ് സൂചന. ഇടപാടുകാരിൽ ഏറെയും സമ്പന്നരാണ്. കൊടൈക്കനാൽ പോലുള്ള തണുത്ത പ്രദേശങ്ങളിൽ വളരുന്ന ലഹരിക്കൂണാണ് മാജിക് മഷ്റൂം.
സംവിധായകർക്കൊപ്പം എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രവാസിമലയാളിയും കേസിലെ മൂന്നാംപ്രതിയുമായ ഷാലിഫ് മുഹമ്മദിന്റെ സുഹൃത്തിനെ ചോദ്യംചെയ്തപ്പോഴാണ് സംവിധായകർക്ക് കഞ്ചാവെത്തിച്ച ആളെക്കുറിച്ച് വിവരം ലഭിച്ചത്. എറണാകുളത്തെ അതിസമ്പന്ന കുടുംബത്തിലുള്ളയാളാണ് സുഹൃത്ത്. ഈ യുവാവിനെ എക്സൈസ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം വിശദമായി ചോദ്യം ചെയ്തിരുന്നു. എറണാകുളത്തെ ബാറിൽവച്ചാണ് കോഴിക്കോട് സ്വദേശിയെ പരിചയപ്പെട്ടതെന്നാണ് മൊഴി. കൊടൈക്കനാലിൽ ചെന്നാൽ മാജിക്ക് മഷ്റൂം നൽകാമെന്ന് അറിയിച്ചെങ്കിലും താത്പര്യം കാണിച്ചില്ലെന്നും യുവാവ് പറഞ്ഞു. ലഹരിക്കൂൺ വിതരണക്കാരന്റെ നമ്പർ ഷാലിഫ് മുഹമ്മദിന് നൽകിയത് ഈ യുവാവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |