വിഴിഞ്ഞം: ഞണ്ട് കൃഷിക്ക് വായ്പ ലഭ്യമാക്കി നൽകാമെന്നുപറഞ്ഞ് നിരവധി ആളുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതികൾ അറസ്റ്റിൽ. പെരുമ്പഴുതൂർ മേലാരിയോട് യോഹന്നാൻ ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന കല്ലിയൂർ പെരിങ്ങമ്മല മാവുവിള ഇന്ദിര ഭവനിൽ രജി (33), ഇയാൾക്കൊപ്പം താമസിച്ചിരുന്ന തിരുപുറം പട്യക്കാല കന്നിമത്തട്ട് കിഴക്കരക് വീട്ടിൽ മീനു എന്ന ആതിര (28) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്. ആതിരയാണ് കേസിലെ ഒന്നാം പ്രതി.
വീട്ടിൽ ഞണ്ട് കൃഷിചെയ്യാൻ കോവളത്തെ ബാങ്കിൽ നിന്ന് ഈടില്ലാതെ 10 ലക്ഷം രൂപ വായ്പ ശരിയാക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 24,000 രൂപ ഗൂഗിൾപേ വഴിയും പലതവണകളായി 3 ലക്ഷം രൂപയും കൈപ്പറ്റി. കൂടാതെ, പരാതിക്കാരിയുടെ പേരിൽ ബാങ്കിൽ നിന്ന് 20,80,358 രൂപയുടെ ലോൺ അനുവദിപ്പിച്ച് തട്ടിയെടുക്കുകയും ചെയ്തു.
ബാങ്കിൽനിന്ന് തിരിച്ചടവ് നോട്ടീസ് എത്തിയപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് അറിയുന്നത്. രണ്ടാംപ്രതി രജി റെയിൽവേ ഉദ്യോഗസ്ഥനാണെന്ന വ്യാജരേഖ കാണിച്ചാണ് വിശ്വാസം നേടിയിരുന്നത്.15ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഇവർക്കെതിരെ വെണ്ണിയൂർ സ്വദേശി ഷിബുവും പരാതി നൽകിയിട്ടുണ്ട്.പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ വീട്ടിൽ നിന്ന് വ്യാജ സീൽ,നിരവധി പേർ ഒപ്പിട്ട മുദ്രപത്രങ്ങൾ,പേപ്പറുകൾ,പാസ് ബുക്കുകൾ,ചെക്ക് എന്നിവ കണ്ടെത്തിയിട്ടുണ്ട്. വിഴിഞ്ഞം എസ്.എച്ച്.ഒ ആർ.പ്രകാശിന്റ നേതൃത്വത്തിൽ എസ്.ഐമാരായ ജെ.സേവ്യർ,എം.പ്രശാന്ത്,ഗ്രേഡ് എസ്.ഐ.മിനി,എസ്.സി.പി.ഒമാരായ സാബു,ധനീഷ്,സി.പി.ഒമാരായ രാധിക,സതീഷ്,സുജിത് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |