അന്തിക്കാട് : കല്ലിടവഴിയിലെ രണ്ട് കുടുംബക്ഷേത്രങ്ങളിൽ നടന്ന മോഷണത്തിൽ രണ്ടേകാൽ പവനോളം സ്വർണാഭരണം നഷ്ടപ്പെട്ടു. പണ്ടാരൻ ഭദ്രകാളി ശ്രീ ഭുവനേശ്വരി ക്ഷേത്രം, പള്ളത്തി ശ്രീ മുത്തപ്പൻ പരദേവത ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. പണ്ടാരൻ ഭുവനേശ്വരി ക്ഷേത്രത്തിലെ ദേവിയുടെ കഴുത്തിൽ അണിയിച്ചിരുന്ന രണ്ട് പവനോളം സ്വർണാഭരണം നഷ്ടപ്പെട്ടിട്ടുണ്ട്. പള്ളത്തി പരദേവത ക്ഷേത്രത്തിൽ കാൽപവനോളം വരുന്ന നൂലിൽ കോർത്ത് ദേവിയുടെ കഴുത്തിൽ ചാർത്തിയ താലിയാണ് നഷ്ടമായത്. പണ്ടാരൻ ഭുവനേശ്വരി ക്ഷേത്രത്തിൽ തോറ്റംപാട്ട് മഹോത്സവം നടന്നിരുന്നു. പുലർച്ചെ രണ്ടിന് അവസാനിച്ച തോറ്റംപാട്ട് മഹോത്സവത്തെ തുടർന്ന് ദേവിയുടെ കഴുത്തിൽ അണിയിച്ചിരുന്ന മാലകളാണ് മോഷണം പോയത്. തോറ്റംപാട്ട് മഹോത്സവം കഴിഞ്ഞ് നടയടച്ചാൽ ഏഴ് ദിവസം കഴിഞ്ഞ ശേഷമാണ് നട തുറക്കുക. എന്നാൽ ഏതാനും ദിവസം കഴിഞ്ഞ് നട തുറന്നു കിടക്കുന്നത് കണ്ടതോടെയാണ് പരിശോധന നടത്തിയത്. തുടർന്നാണ് മോഷണ വിവരം അറിയുന്നത്. പള്ളത്തി കുടുംബക്ഷേത്രത്തിലും സമാനരീതിയിലായിരുന്നു മോഷണം. പരാതിയെ തുടർന്ന് അന്തിക്കാട് പൊലീസെത്തി അന്വേഷണം നടത്തിയെങ്കിലും പ്രതികളെക്കുറിച്ചൊന്നും ഇതുവരെയും സൂചന ലഭിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് ക്ഷേത്ര ഭാരവാഹികളായ ഗണേശൻ പണ്ടാരൻ, രതീഷ് പണ്ടാരൻ, ലാൽസിംഗ് പണ്ടാരൻ, സുഗുണൻ പണ്ടാരൻ എന്നിവർ ആവശ്യപ്പെട്ടു.
പണ്ടാരൻ ഭദ്രകാളി ശ്രീ ഭുവനേശ്വരി ക്ഷേത്രം.
പള്ളത്തി ശ്രീ മുത്തപ്പൻ പരദേവതാ ക്ഷേത്രം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |