
ഉദിയൻകുളങ്ങര: തെക്കൻ മേഖലകളിൽ വാദ്യോപകരണങ്ങൾ വായിക്കാനും പഠിക്കാനും പുതുതലമുറ
മുന്നോട്ടുവരുന്നുണ്ടെങ്കിലും പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ഇടമില്ലാത്തതിനാൽ വാദ്യോപകരണ കലകൾ തെക്കൻ കേരളത്തിൽ ഇടംനേടാതെ പോകുന്നു. ഈ നവരാത്രി കാലത്തും ക്ഷേത്രോത്സവങ്ങൾക്ക് അന്യജില്ലകളിൽ നിന്നുള്ള കലാകാരന്മാരാണ് തിരുവനന്തപുരം ജില്ലയിൽ ഉടനീമുള്ള ക്ഷേത്രങ്ങളിൽ വാദ്യോപകരണ കലയുമായി നിലവിലുള്ളത്.
കേരള കലയും ക്ഷേത്ര കലകളുമായ ശംഖ്, ഇടയ്ക്ക, ചെണ്ട, മദ്ദളം, ഇലത്താളം,കൊമ്പ്,ചേങ്കില,മരപ്പാണി തുടങ്ങിയ വാദ്യോപകരണങ്ങൾ നിലവിൽ ഉപയോഗിക്കാൻ അറിയാവുന്നവർ വിരളമാണ്.
നെയ്യാറ്റിൻകരയിൽ പത്തോളം പേർ മാത്രമാണ് പഴയ തലമുറയിൽപ്പെട്ട വാദ്യോപകരണ വായനക്കാരുള്ളത്. ഉത്സവങ്ങൾക്ക് അന്യ ജില്ലകളിൽ നിന്നും വരുത്തുകയാണ് ചെയ്യുന്നത്.
വാദ്യങ്ങൾ ദേവസ്നാനങ്ങളിലും പൂജകളിലും ദീപാരാധനയിലും ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളിലും ഉപയോഗിക്കുന്നുണ്ട്. ഇതിൽ ശംഖനാദം പുലർച്ചെ മുതൽ രാത്രി വരെ ഭഗവാനെ ഉണർത്താനും നട അടയ്ക്കാനും ഉപയോഗിക്കുന്നു.
പഠന കേന്ദ്രങ്ങളില്ല
തെക്കൻ കേരളത്തിലെ ആളുകൾക്ക് പഠിക്കുവാനായി സ്വകാര്യവാദ്യോപകരണ പഠനകേന്ദ്രങ്ങളോ അതിർത്തി മലയോര ഗ്രാമീണ മേഖലകളിൽ പഠന കേന്ദ്രങ്ങളോ ഒന്നുംതന്നെ നിലവിലില്ല. പാശ്ചാത്യ രീതിയിലും ഡപ്പാൻ കൂത്ത് ശൈലിയിലുള്ള ബാൻഡ്, ശിങ്കാരിമേളം തുടങ്ങിയവ കടന്നുവന്നെങ്കിലും പാരമ്പര്യ വാദ്യമേളങ്ങൾക്ക് ഇന്നും പ്രാധാന്യം ഏറെയാണ്.
ദേവസ്വം ബോർഡ് അടക്കമുള്ള ക്ഷേത്രങ്ങളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുമ്പോൾ തന്നെ ഈ ഉപകരണങ്ങൾ വായിക്കാൻ പഠിക്കുവാൻ അന്യജില്ലകളിൽ പോകേണ്ടുന്ന അവസ്ഥയിലാണ്.
തെക്കൻ മേഖലയിൽ വാദ്യോപകരണങ്ങൾ പഠിക്കുവാനുള്ള അവസരം ഒരുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
ശംഖ്: ഓംകാര നാദത്തെ പ്രതിനിധീകരിക്കുന്ന മംഗളകരമായ വാദ്യമാണിത്. പുലർച്ചെ ഭഗവാനെ ഉണർത്തുന്നതിനും ക്ഷേത്ര ചടങ്ങുകളിലും ഉപയോഗിക്കുന്നു.
ഇടയ്ക്ക: സംഗീതാത്മക ഉപകരണമാണ്. സോപാനസംഗീതം ആലപിക്കുമ്പോൾ ഇടയ്ക്കയിൽ താളം പിടിക്കുന്നു. കൂടാതെ ക്ഷേത്രത്തിനുള്ളിൽ ഉപയോഗിക്കുന്ന പ്രധാന താളവാദ്യങ്ങളിൽ ഒന്നാണിത്.
ചെണ്ട: കേരളത്തിലെ താളവാദ്യ കലകളിൽ ചെണ്ടമേളങ്ങൾക്ക് പ്രധാന സ്ഥാനമുണ്ട്. ക്ഷേത്രത്തിനകത്ത് കലശം നടക്കുമ്പോൾ മാത്രം ചെമ്പട എന്ന മേളമാണ് ഉപയോഗിക്കുന്നത്.
മദ്ദളം, ഇലത്താളം: ഒരുതരം താളവാദ്യമാണിത്.
കൊമ്പ്: കാറ്റിൽ ഊതി നാദമുണ്ടാക്കുന്ന വാദ്യമാണിത്.
ചേങ്കില: ഘനവാദ്യങ്ങളിൽ ഒന്നാണ് ചേങ്കില.
മരപ്പാണി: ഇത് ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന മറ്റൊരു വാദ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |