
പ്രശ്നപരിഹാരത്തിന് ജീവനക്കാരും കൂടുതൽ സ്ഥലവും വേണം,
തോന്നുംപടി റഫറർ ചെയ്യുന്നത് പ്രതിസന്ധി
തിരുവനന്തപുരം: അത്യാഹിതവിഭാഗത്തിലും വിവിധ ഒ.പികളിലുമായി പ്രതിദിനമെത്തുന്ന രോഗികൾ അയ്യായിരത്തിലധികം. വാർഡിൽ ഒരുസമയം കിടക്കുന്നത് താങ്ങാവുന്നതിലും ആറിരട്ടി രോഗികൾ. പതിറ്റാണ്ടുകൾക്ക് മുമ്പുള്ള സ്റ്റാഫ് പാറ്റേൺ. തങ്ങളാണ് എല്ലാമെന്ന് ചിന്തിക്കുന്ന ഒരുവിഭാഗം ജീവനക്കാരും കൂടിച്ചേരുമ്പോൾ മെഡിക്കൽ കോളേജിലെത്തുന്ന പാവപ്പെട്ടവന്റെ ദുരിതത്തിന് അറുതിയില്ലാത്ത സ്ഥിതി.
അടിസ്ഥാനപരമായ പ്രശ്നപരിഹാരത്തിന് ജീവനക്കാരുടെ കുറവ് പരിഹരിക്കണം. ഒപ്പം കൂടുതൽ കെട്ടിടങ്ങൾ ഉയരണം. രോഗികളുടെ ബാഹുല്യം കാരണം വാർഡുകളിൽ നിലത്ത് കിടക്കാനും ഇടമില്ലാത്ത സ്ഥിതിയാണിപ്പോൾ.
മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയ്ക്കാൻ റഫറൽ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് അധികാരത്തിലെത്തിയ നാൾമുതൽ മന്ത്രി വീണാജോർജ് ആവർത്തിക്കുന്നുണ്ടെങ്കിലും,താഴേത്തട്ടിലുള്ളവർ തോന്നുംപടി റഫർ ചെയ്ത് അയക്കുന്ന സ്ഥിതിയാണ്.
കാർഡിയോളജി,നെഫ്രോളജി,ഗ്യസ്ട്രോ ഒ.പികളിലാണ് ഏറ്റവും കൂടുതൽ തിരക്ക്. യൂറോളജി, ന്യൂറോ വകുപ്പുകളിൽ ശരാശരി 700പേരാണ് എത്തുന്നത്. ഇതിൽ വലിയൊരു ശതമാനം അഡ്മിറ്റാകും. അത്യാഹിതവിഭാഗത്തിലെത്തുന്നതിൽ ബഹുഭൂരിപക്ഷം പേരെയും ഒരുരാത്രി നിരീക്ഷണത്തിനെങ്കിലും കിടത്തേണ്ട സ്ഥിതിയാണ്. ഇതോടെ ഒരു ബെഡിൽ മൂന്നും നാലും പേരെ കിടത്തേണ്ട ഗതികേടാണ്. രോഗികളും കൂട്ടിരിപ്പുകാരും ചേരുമ്പോൾ ഇടംവലം തിരിയാൻ കഴിയാത്തവിധം വാർഡുകളിൽ തിക്കും തിരക്കുമാണ്.
ശരാശരി 70 ബെഡുള്ള ഒരു വാർഡിൽ 180പേരാണ് കിടക്കുന്നത്. പകൽ ഒ.പിയിലെത്തുന്നവരിൽ പരമാവധി 10ശതമാനത്തെയാണ് ഗുരുതരാവസ്ഥയിൽ അഡ്മിറ്റ് ചെയ്യുന്നത്. കിടക്കകളുടെ ലഭ്യത ഉൾപ്പെടെ നോക്കിയാണിത്. എന്നാൽ രാത്രിയാകുന്നതോടെ സ്ഥിതി കൈവിട്ടുപോകും.
പ്രതിദിനം ശരാശരി 5,350 രോഗികളാണ് മെഡിക്കൽ കോളേജുകളിലെത്തുന്നത്. അത്യാഹിത വിഭാഗത്തിൽ മാത്രം ശരാശരി 850പേർ. ആയിരം കടക്കുന്ന ദിവസങ്ങളുമുണ്ട്. വിവിധ ഒ.പികളിലായി 4,500 പേർ മെഡിക്കൽ കോളേജിൽ പ്രതിദിനം ഡോക്ടറെ കാണുന്നു.
അഴിച്ചുപണി വേണം!
പനിക്കൊപ്പം ഛർദ്ദിയുമായി താലൂക്ക് ജനറൽ ആശുപത്രികളിലെത്തുന്നവരെ ഉടൻ മെഡിക്കൽ കോളേജിലേക്ക് അയക്കുന്ന പ്രവണത വർദ്ധിക്കുന്നതായി ആക്ഷേപമുണ്ട്. നെടുമങ്ങാട്,നെയ്യാറ്റിൻകര,ചിറയിൻകീഴ്,പാറശാല തുടങ്ങിയ താലൂക്ക് ആശുപത്രികളിൽ നിന്നും തിരുവനന്തപുരം ജനറൽ ആശുപത്രി, പേരൂർക്കട എന്നിവിടങ്ങളിൽ നിന്നും വ്യാപകമായി ഇവിടേക്ക് രോഗികളെ രാത്രിയിൽ റഫർ ചെയ്യുന്നുണ്ട്. അസമയത്ത് രോഗിയുമായി എത്തുന്നവരെ അഡ്മിറ്റ് ചെയ്യാതെ വിട്ടയച്ചാൽ ഒപ്പമുള്ളവർ രോഷാകുലരാകും. മാത്രമല്ല വിട്ടയക്കുന്ന രോഗിക്ക് രാത്രി യാത്രയിൽ ബി.പി കൂടിയാൽപ്പോലും തങ്ങൾ പ്രതിക്കൂട്ടിലാകുമെന്ന് ഭയന്നാണ് അഡ്മിഷൻ നൽകുന്നതെന്നും മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
ആറിരട്ടി
ജനറൽ മെഡിസിൻ,സർജറി വാർഡുകളുടെ വരാന്തയിൽ ഉടനീളം കൂട്ടിരിപ്പുകാർ.
1,2,3,4,14,28 വാർഡുകളിലായി ഇരട്ടിയിലധികം ആളുകൾ
ഈ വാർഡുകളിൽ പരമാവധി 445 പേരെ പ്രവേശിപ്പിക്കാമെന്നിരിക്കെ 900ത്തോളം പേർ
വാർഡുകൾ, കിടക്കകൾ,അഡ്മിറ്റാകുന്ന രോഗികൾ (ശരാശരി) എന്നക്രമത്തിൽ.
1.........................75...................190
2........................70....................220
3.......................80.....................155
4.......................70.....................135
14................. ...60......................75
28.....................90.....................120
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |