വരന്തരപ്പിള്ളി: വ്യാജ പോക്സോ കേസ് നൽകാൻ ആവശ്യപ്പെട്ട് 17കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കസ്റ്റഡിയിലുണ്ടായിരുന്ന മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി വരന്തരപ്പിള്ളി എസ്.എച്ച്.ഒ: എസ്. ജയകൃഷ്ണൻ അറിയിച്ചു. ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വേലൂപ്പാടം പൗണ്ട് സ്വദേശി കാട്ടാളൻ വീട്ടിൽ ജിബിൻ (33), കല്ലൂർ പച്ചളിപ്പുറം മണമേൽ നിഖിൽ (കുട്ടാപ്പി 34), വരന്തരപ്പിള്ളി തെക്കുമുറി വെട്ടിയാട്ടിൽ ശ്രീജിത്ത് (35) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. സംഭവത്തിന്റെ സൂത്രധാരനും ഒന്നാം പ്രതിയുമായ വേലൂപ്പാടം സ്വദേശിയുമായ സുമൻ (40) ഒളിവിലാണ്.
സുഹൃത്തുക്കളെ ഉപയോഗിച്ചായിരുന്നു കുട്ടിയെ ഗുണ്ടാസംഘത്തിന്റെ അടുത്തെത്തിച്ചതെന്ന് കുട്ടി പറഞ്ഞു. സുഹൃത്തുക്കൾക്കെല്ലാം 18 വയസ് പൂർത്തിയായിരുന്നു. തനിക്ക് പ്രായപൂർത്തിയായിട്ടില്ലാത്തതിനാലാണ് കേസ് കൊടുക്കാൻ തന്നെ നിർബന്ധിച്ചതെന്നായിരുന്നു കുട്ടിയുടെ വെളിപ്പെടുത്തൽ. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ തുടർച്ചയായി തന്നെ ആക്രമിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. നിർബന്ധിപ്പിച്ച് ലഹരി ഉപയോഗിപ്പിച്ചെന്നും കുട്ടി പറഞ്ഞു. ചൈൽഡ് ലൈൻ ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ചാണ് നിർബന്ധിത പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |