തൃശൂർ: പൂരാവേശം നിറച്ച് പാറമേക്കാവ് വിഭാഗം പന്തലിന് കാൽനാട്ടി. മണികണ്ഠനാലിൽ പാറമേക്കാവ് വിഭാഗം നിർമ്മിക്കുന്ന പന്തലിന്റെ കാൽനാട്ട് ഇന്നലെ രാവിലെ നടന്നു. മേൽശാന്തി വടക്കേടത്ത് കരകന്നൂർ വാസുദേവൻ നമ്പൂതിരി, കീരംപിള്ളി കുട്ടൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ ഭൂമിപൂജയ്ക്ക് ശേഷം ദേവസ്വം ഭാരവാഹികളും തട്ടകക്കാരും പൂരപ്രേമികളും ചേർന്നാണ് ആരവങ്ങളുയർത്തി അലങ്കാര പന്തലിന് കാൽനാട്ടിയത്.
പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. എം. ബാലഗോപാൽ, സെക്രട്ടറി ജി. രാജേഷ്, വൈസ് പ്രസിഡന്റ് ഇ. വേണുഗോപാൽ, ജോയിന്റ് സെക്രട്ടറി പി.വി. നന്ദകുമാർ, പന്തൽ കൺവീനർമാരായ വി.കെ. ഉണ്ണിക്കൃഷ്ണൻ, ബൈജു താഴേക്കാട്ട്, ഉണ്ണി മേനോൻ കൂർക്കഞ്ചേരി, വാകയിൽ രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
അലങ്കാരമിട്ട് കൃഷ്ണകുമാറും ഗോപാലകൃഷ്ണനും
ആറാട്ടുപുഴ സ്വദേശി കൃഷ്ണകുമാറാണ് പാറമേക്കാവിന്റെ പന്തൽ നിർമ്മിക്കുന്നത്. 100 അടിയിൽ എൽ.ഇ.ഡി പന്തലാണ് ഇത്തവണ പാറമേക്കാവിനായി ഒരുങ്ങുന്നത്. തൃശൂർ പൂരത്തിന് കൃഷ്ണകുമാറിന്റെ നാലാം ഊഴമാണിത്. രണ്ടു തവണ തിരുവമ്പാടിക്കു വേണ്ടി നായ്ക്കനാൽ പന്തലും ഒരു തവണ പാറമേക്കാവിനു വേണ്ടിയും കൃഷ്ണകുമാർ പന്തൽ നിർമിച്ചിട്ടുണ്ട്.
ആറാട്ടുപുഴ പൂരം, കൂടൽമാണിക്യം, കുനിശേരി, മണപ്പുള്ളിക്കാവ് തുടങ്ങി വിവിധയിടങ്ങളിൽ കൃഷ്ണകുമാർ പന്തലുകൾ ഒരുക്കിയിട്ടുണ്ട്. പൂരത്തിന് 11 വർഷത്തെ പരിചയസമ്പന്നതയുമായാണ് ക്ലാസിക് ഗോപാലകൃഷ്ണൻ പാറമേക്കാവിന്റെ പന്തലിന് വൈദ്യുതാലങ്കാരം ഒരുക്കുന്നത്. തിരുവമ്പാടിക്കു വേണ്ടിയും പാറമേക്കാവിനു വേണ്ടിയും ക്ലാസിക് ഗോപാലകൃഷ്ണൻ വൈദ്യുതാലങ്കാരം നടത്തിയിട്ടുണ്ട്.
തിരുവമ്പാടിയുടെ 16ന്
തിരുവമ്പാടി വിഭാഗത്തിന്റെ പന്തലുകളുടെ കാൽനാട്ട് 16ന് രാവിലെ 10.30ന് നടുവിലാലിലും 11ന് നായ്ക്കനാലിലും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |