തൃശൂർ : പൂരം പൂർണമാക്കുന്ന ഘടക ക്ഷേത്രങ്ങളിൽ ആവേശപൂർവം കൊടിയേറ്റ്. ഭക്തിയുടെ നിറവിൽ എട്ട് ഘടക ക്ഷേത്രങ്ങളിലാണ് ഇന്നലെ പൂരപ്പതാക ഉയർന്നത്. രാവിലെ ലാലൂർ കാർത്യായനി ക്ഷേത്രത്തിലും അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിലുമാണ് പൂരം കൊടിയേറിയത്. വൈകീട്ട് മറ്റ് ആറ് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടന്നു. ലാലൂരിൽ തട്ടകക്കാരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ചേർന്ന് കൊടിയേറ്റ് നിർവഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് ഭാരവാഹികളും ക്ഷേത്രോപദേശ സമിതി അംഗങ്ങളും പങ്കെടുത്തു. അയ്യന്തോൾ ക്ഷേത്രത്തിൽ കൊടിയേറ്റത്തിന് മുമ്പ് മേളവും ആറാട്ടും നടന്നു. തുടർന്ന് മൂന്നാന പുറത്ത് എഴുന്നള്ളിപ്പ് നടന്നു. ക്ഷേത്രക്കുളത്തിൽ ആറാട്ടിന് ശേഷം ക്ഷേത്രം തന്ത്രിയും മേൽശാന്തിയും ചേർന്ന് കൊടിയേറ്റം നടത്തി.
ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രത്തിൽ തട്ടകക്കാർ ചേർന്ന് പൂരത്തിന് കൊടിയേറ്റി. തുടർന്ന് ക്ഷേത്രക്കുളത്തിൽ നടന്ന ആറാട്ടിന് തന്ത്രി നേതൃത്വം നൽകി. പനമുക്കുംപിള്ളി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ തട്ടകക്കാർ ചേർന്നാണ് കൊടിയേറ്റം നിർവഹിച്ചത്. ക്ഷേത്രം തന്ത്രി കൊടിക്കൂറ പൂജിച്ച് നൽകി. പൂക്കാട്ടിക്കര - കാരമുക്ക് ക്ഷേത്രത്തിൽ വൈകിട്ട് നാട്ടുകാർ ചേർന്ന് കൊടിയേറ്റി. ക്ഷേത്രക്കുളത്തിൽ ആറാട്ടും തന്ത്രിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകളും നടന്നു.
കണിമംഗലം ശാസ്ത്രാ ക്ഷേത്രത്തിൽ തന്ത്രിയാണ് പൂരത്തിന് വൈകിട്ട് കൊടിയേറ്റിയത്. ചൂരക്കോട്ടുകാവ് ദുർഗാ ക്ഷേത്രത്തിൽ നാട്ടുകാർ ചേർന്ന് പൂരത്തിന് കൊടിയേറ്റി. ക്ഷേത്രക്കുളത്തിൽ ഭഗവതി ആറാട്ട് നടത്തി. കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രത്തിൽ ദേശക്കാർ ചേർന്നാണ് പൂരത്തിന് കൊടിയേറ്റ് നടത്തിയത്. ശുദ്ധിക്രിയകൾക്ക് തന്ത്രി കാർമികത്വം വഹിച്ചു.
കുട്ടികൾ കൈവിട്ടു പോകാതിരിക്കാൻ 'ശ്രദ്ധ'
തൃശൂർ: രക്ഷിതാക്കൾക്കൊപ്പം തൃശൂർ പൂരം കാണാൻ വരുന്ന കുട്ടികൾ കൂട്ടം തെറ്റി പോകാതിരിക്കാൻ തൃശൂർ സിറ്റി പൊലീസിന്റെ 'ശ്രദ്ധ'. പൂരം കാണാൻ രക്ഷിതാക്കൾക്കൊപ്പമെത്തുന്ന കുട്ടികൾ നഗരത്തിലേക്ക് പ്രവേശിക്കുമ്പോൾ കുട്ടികളുടെ വലതുകൈത്തണ്ടയിൽ പൊലീസുദ്യോഗസ്ഥർ ഒരു ടാഗ് കെട്ടിക്കൊടുക്കും. ഈ ടാഗിൽ കുട്ടിയുടെ രക്ഷിതാവിന്റെ പേര്, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്താം. ഏതെങ്കിലും കാരണവശാൽ തിക്കിലും തിരക്കിലും പെട്ട് കുട്ടി വഴിതെറ്റി പോകുകയോ, കാണാതാവുകയോ ചെയ്താൽ കുട്ടിയെ കണ്ടെത്തുന്ന പൊതുജനങ്ങൾക്കോ, പൊലീസുദ്യോഗസ്ഥർക്കോ കൈത്തണ്ടയിലുള്ള ടാഗിൽ രേഖപ്പെടുത്തിയിട്ടുള്ള വിവരം നോക്കി കുട്ടിയുടെ രക്ഷിതാവിനെ വിവരമറിയിക്കാം. ടാഗിൽ പൊലീസ് ചിഹ്നം ഉണ്ടാകും. പൂരം ദിവസം രാവിലെ മുതൽ തൃശൂർ നഗരത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസുദ്യോഗസ്ഥർ ഇത് വിതരണം ചെയ്യും.
സിറ്റി പൊലീസ് കൺട്രോൾ റൂം : 0487 2424193
ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ : 0487 2424192.
പാറമേക്കാവിൽ ഇന്ന്
രാവിലെ 6.30ന് ക്ഷേത്രതീർത്ഥക്കുളത്തിൽ ആറാട്ട്, നവകം, നിവേദ്യം, ഉച്ചപൂജ, ശ്രീഭൂതബലി. തുടർന്ന് പൂരപ്പറ. കൂർക്കഞ്ചേരി കുറുപ്പാൾ കളരിയിൽ പറയെടുത്ത ശേഷം കണ്ണംകുളങ്ങര, കണിമംഗലം, വടൂക്കര എന്നിവിടങ്ങളിൽ പറയെടുപ്പിന് ശേഷം കോശേരി മനയ്ക്കലും ഇരവിമംഗലത്തും ഇറക്കി പൂജയ്ക്ക് ശേഷം ക്ഷേത്രത്തിൽ തിരിച്ചെത്തും.
തിരുവമ്പാടിയിൽ ഇന്ന്
രാവിലെ ഏഴരയ്ക്ക് ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് ശ്രീമൂലസ്ഥാനത്തെത്തി പടിഞ്ഞാറോട്ട് കൊട്ടിയിറങ്ങി എൻ.എസ്.എസ് സ്കൂൾ പരിസരം, തൃക്കുമാരംകുടം എന്നീ ഭാഗങ്ങളിൽ പറയെടുപ്പ്. പുതുശേരി മനയിൽ ഇറക്കി പൂജ. ഉച്ചപൂജയ്ക്ക് ശേഷം ചേറ്റുപുഴ, ഒളരി, പുതൂർക്കര, അയ്യന്തോൾ എന്നിവിടങ്ങളിൽ പറയെടുപ്പിന് ശേഷം ക്ഷേത്രത്തിൽ തിരിച്ചെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |