തൃശൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് ഒളരിക്കരയിൽ ആരംഭിച്ച മെഴുകുതിരി, വിളക്കുതിരി, ചന്ദനത്തിരി നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിച്ചു.
ഖാദി യൂണിറ്റുകളുടെ ഉത്പന്നങ്ങൾക്ക് മൊത്തമായി വിപണി കണ്ടെത്താനാകണമെന്നും പുതിയ യൂണിറ്റ് 60 പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനമായി വളരണമെന്നും പി. ജയരാജൻ പറഞ്ഞു. ഖാദി ബോർഡ് യൂണിറ്റുകളുടെ നവീകരണത്തിന് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കുമെന്നും ഗ്രാമ വ്യവസായ യൂണിറ്റ് ആരംഭിക്കാൻ സഹായിക്കുമെന്നും അദ്ധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അറിയിച്ചു. എന്റെ ഗ്രാമം വായ്പാ പദ്ധതി വഴി ആറു പേർക്ക് നൽകുന്ന ഓട്ടോറിക്ഷയുടെ ഫ്‌ളാഗ് ഓഫും അദ്ദേഹം നിർവഹിച്ചു.
7,10,000 രൂപ ചെലവിലാണ് മെഴുകുതിരി ചന്ദനത്തിരി, വിളക്ക്തിരി നിർമ്മാണ യൂണിറ്റ് ആരംഭിച്ചത്. ഖാദി ബോർഡ് വില്ലേജ് ഇൻഡസ്ട്രീസ് ഡയറക്ടർ കെ.വി. ഗിരീഷ് കുമാർ റിപ്പോർട്ട് അവതരണം നടത്തി. എൽത്തുരുത്ത് ഡിവിഷൻ കൗൺസിലർ സജിത ഷിബു, ലീഡ് ബാങ്ക് സീനിയർ മാനേജർ പ്രവീൺ കുമാർ, കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി ഡോ. കെ എ രതീഷ്, പ്രോജക്ട് ഓഫീസർ എസ്. സജീവ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |