തൃശൂർ: സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കേ, നോട്ട്ബുക്ക്, ബാഗ്, കുട, യൂണിഫോം തുടങ്ങിയവ വാങ്ങാനായുള്ള നെട്ടോട്ടത്തിലാണ് രക്ഷിതാക്കൾ. ഓരോ വർഷവും ഇത്തരം സാമഗ്രികൾക്ക് വില കുതിച്ചേറുകയാണ്. ജൂൺ ഒന്നിന് സ്‌കൂൾ തുറക്കുമെന്ന് പ്രഖ്യാപിച്ചതോടെ തിരക്ക് വർദ്ധിച്ചു.
കാലവർഷം വൈകില്ലെന്ന പ്രഖ്യാപനം വന്നതോടെ കുട്ടികളെ സ്‌കൂളിലയക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. ഒരു കുട്ടിയെ പുതിയ അദ്ധ്യയനവർഷത്തിലേക്ക് യാത്രയാക്കാൻ രക്ഷിതാക്കൾക്ക് ആയിരക്കണക്കിന് രൂപ കരുതേണ്ട സ്ഥിതിയാണ്. എല്ലാ മേഖലകളിലുമുണ്ടായ വിലവർദ്ധനവ് സ്‌കൂൾ വിപണിയിലും ദൃശ്യമാണ്. ബുക്കിനും ബാഗിനും പേനയ്ക്കുമെല്ലാം വിലയേറിയിട്ടുണ്ട്. പേപ്പറിന് വിപണിയിൽ വില വർദ്ധിച്ചതിനാൽ ബുക്കുകളുടെ വില 10 മുതൽ 15 രൂപ വരെ വർദ്ധിച്ചു. 30 രൂപ മുതൽ 80 രൂപ വരെയുള്ള നോട്ട് ബുക്കുകൾ ലഭ്യമാണ്. പേപ്പറിന്റെ ലഭ്യത കുറവായതിനാൽ വിപണിയിൽ ബുക്കുകളുടെ കുറവും പ്രകടമാണ്. വരും ദിവസങ്ങളിൽ നോട്ട്ബുക്ക് ക്ഷാമം കൂടുമെന്ന ആശങ്ക ചില കച്ചവടക്കാർ പങ്കുവയ്ക്കുന്നു. ബുക്ക് പൊതിയുന്ന പേപ്പറിന്റെ വില 60 രൂപയിൽ നിന്നും 100 രൂപയായും എ ഫോർ സൈസ് പേപ്പറിന്റെ വില 230ൽ നിന്നും 260 രൂപയായും വർദ്ധിച്ചു. യൂണിഫോം തുണിത്തരങ്ങൾക്കും മീറ്ററിന് 30 മുതൽ 50 രൂപ വരെ വർദ്ധിച്ചു. ഭൂരിഭാഗം സ്‌കൂളിലും സ്‌കൂൾ അധികൃതർ തന്നെ യൂണിഫോം കൊണ്ടുവന്ന് വിതരണം ചെയ്യുകയാണ്. പേനകൾക്കും വില വർദ്ധനവുണ്ടായി. കുട്ടികളെ ആകർഷിക്കുന്ന ബാഗുകളാണ് വിപണിയിലെ താരം. റെയിൻകോട്ട് 350 രൂപ മുതൽ 1,200 വരെ വിലയിൽ ലഭിക്കും.
വിപണിയിൽ വിലക്കയറ്റ തരംഗം
ബുക്കുകൾക്ക് 10 മുതൽ 15 രൂപ വരെ
എ ഫോർ പേപ്പർ 30 രൂപ വരെ
യൂണിഫോം തുണികൾ 30 മുതൽ 50 രൂപ വരെ
കുടകൾ 15 മുതൽ 25 ശതമാനം വരെ
ബാഗുകൾ 10-15 ശതമാനം വരെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |