തൃശൂർ: തൃശൂരിന്റെ കായിക മേഖലയ്ക്ക് ഉണർവേകാൻ സാധിക്കുന്ന ലാലൂരിലെ ഐ.എം.വിജയൻ സ്‌റ്റേഡിയം ഉടൻ പൂർത്തിയാകുമെന്ന മന്ത്രിമാരുടെ പ്രഖ്യാപനങ്ങൾ ജലരേഖയായി നീളുന്നു. ഇതിനിടെ വാക്‌പോരും തുടങ്ങിയതോടെ സ്‌റ്റേഡിയത്തിൽ പന്തുരുളാൻ വൈകുമെന്ന ആശങ്കയിലാണ് താരങ്ങളും കായിക പ്രേമികളും.
സ്റ്റേഡിയം നിർമ്മാണം പൂർത്തിയാകാത്തതിന് പിന്നിൽ സ്ഥലം എം.എൽ.എയുടെ ഇടപെടൽ കുറവായതുകൊണ്ടാണെന്ന മന്ത്രി വി. അബ്ദുറഹിമാന്റെ പരാമർശം ഇതിനകം വിവാദമായി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള പ്രസ്താവന ഇടതുമുന്നണിക്കുള്ളിൽ സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള തർക്കത്തിന് വഴിവയ്ക്കുമെന്നാണ് സൂചന.
വി.എസ്. സുനിൽകുമാർ സ്ഥാനാർത്ഥിയാകുന്നെങ്കിൽ ഇടതുമുന്നണിക്ക് സ്റ്റേഡിയം വൻനേട്ടമാകും. നേരത്തെ കോർപറേഷൻ പ്രവർത്തനങ്ങളിൽ അടുപ്പിക്കുന്നില്ലെന്ന മുൻ എം.പി സി.എൻ. ജയദേവന്റെ പരാതിയെ സി.പി.എം നേരിട്ടിരുന്നത് ചീഫ് വിപ്പ് ആയിരുന്ന കെ. രാജനെയും വി.എസ്. സുനിൽകുമാറിനെയും കൂടെ നിറുത്തിയായിരുന്നു. സമാന ആക്ഷേപം ഇപ്പോൾ ഒരു വിഭാഗത്തിനുണ്ട്.
സ്റ്റേഡിയം വൈകുന്നതിൽ കിഫ്ബിയോടും കോർപറേഷനോടുമാണ് മന്ത്രി അന്വേഷിക്കേണ്ടതെന്നും താൻ വിളിച്ചിട്ട് മന്ത്രി തിരിച്ചുവിളിച്ചില്ലെന്നുമാണ് ബാലചന്ദ്രൻ മറുപടി നൽകിയത്. സ്റ്റേഡിയം നിർമ്മാണ കാര്യത്തിൽ മന്ത്രി പിറകോട്ട് ചവിട്ടുകയാണെന്ന് ബാലചന്ദ്രൻ തുറന്നടിക്കുക കൂടി ചെയ്തതോടെ വരുംദിവസങ്ങളിൽ കൂടുതൽ വിവാദങ്ങൾക്ക് വഴിവച്ചേക്കും.
മാലിന്യം നീക്കം ചെയ്യലാണ് നിർമ്മാണം പൂർത്തീകരികരിക്കാൻ പ്രധാന തടസമായി നിൽക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് സ്‌റ്റേഡിയം നിർമ്മിക്കുന്നത്. ലാലൂരിലെ ഈ പ്രദേശം കോർപറേഷന്റെ മാലിന്യ സംസ്‌കരണ നയത്തിലൂടെ മാറ്റിയെടുത്തതോടെയാണ് സ്‌പോർട്‌സ് കോംപ്ലക്‌സ് നിർമിക്കാൻ തീരുമാനിച്ചത്.
വേണമെങ്കിൽ 'ആറു മാസം നേരത്തെയാക്കാം'
2021 ഫെബ്രുവരി 21ന് ലാലൂർ സ്റ്റേഡിയം സന്ദർശിച്ച് മന്ത്രി വി.എസ്. സുനിൽകുമാർ പ്രഖ്യാപിച്ച് ആറു മാസത്തിനുള്ളിൽ സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു. ഐ.എം. വിജയന്റെ സാന്നിദ്ധ്യത്തിലായിരുന്നു പ്രഖ്യാപനം. അന്ന് 80 ശതമാനം പണി പൂർത്തിയായെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ എട്ടുമാസത്തിന് ശേഷം 2021 നവംബർ 22ന് കായിക മന്ത്രി വി. അബ്ദു റഹിമാൻ മൈതാനം സന്ദർശിക്കുകയും പുരോഗതി വിലയിരുത്തുകയും ചെയ്തു. ആറു മാസത്തിനകം സ്റ്റേഡിയം നിർമ്മാണം പൂർത്തിയാക്കുമെന്ന് അന്ന് വി. അബ്ദുറഹിമാനും പ്രഖ്യാപിച്ചു. എന്നാൽ പ്രഖ്യാപനം കഴിഞ്ഞ് ഒന്നര വർഷമായിട്ടും ബാക്കി 20% നിർമ്മാണം പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ലാലൂർ സ്‌റ്റേഡിയം
14 ഏക്കർ ഭൂമിയിൽ കിഫ്ബിയുടെ 70.56 കോടി രൂപ സഹായത്തോടെയാണ് സ്റ്റേഡിയം നിർമിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ടർഫും 2000 പേർക്ക് ഇരിക്കാവുന്ന ഗാലറിയും ഉൾപ്പെടുന്നതാണ് സ്‌പോർട്‌സ് കോംപ്ലക്‌സ്.
നാലുനില ഇരിപ്പിടങ്ങൾ ഉള്ള പവലിയൻ, കായിക ഇനങ്ങൾക്കുള്ള ഇൻഡോർ സ്റ്റേഡിയം, നീന്തൽക്കുളം, ഹോക്കി, ഫുട്‌ബാൾ മൈതാനം, ടെന്നീസ് കോർട്ട്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, 5 ലക്ഷം ലിറ്റർ ശേഷിയുള്ള മഴവെള്ള സംഭരണികൾ, വി.ഐ.പി വിശ്രമമുറികൾ തുടങ്ങിയവയും സ്‌പോർട്‌സ് കോംപ്ലക്‌സ് പദ്ധതിയിൽ ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |