തൃശൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആരംഭിച്ച പതാക, കൊടിമര, ഛായാച്ചിത്ര ജാഥകൾ ഇന്ന് വൈകിട്ട് അഞ്ചിന് പടിഞ്ഞാറെക്കോട്ട ലീഡർ സ്‌ക്വയറിൽ സംഗമിക്കും. ലീഡർ സ്‌ക്വയറിൽ പുഷ്പാർച്ചനയ്ക്കുശേഷം ഇരുചക്ര വാഹനറാലിയായി എം.ജി റോഡ് വഴി സ്വരാജ് റണ്ട് ചുറ്റി തെക്കെഗോപുരനടയിൽ സമാപിക്കും.
തുടർന്ന് സമ്മേളന നഗരിയിൽ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ പതാക ഉയർത്തും. രക്തസാക്ഷികളുടെ ഛായാചിത്രവും, ദീപശിഖയും ഇതിനോട് ചേർന്ന് തന്നെ സ്ഥാപിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരാണ് ജാഥകൾ നയിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന പതാകജാഥ കെ.എസ്. ശബരീനാഥനും, എസ്.എം. ബാലുവും നയിക്കും. മൂവാറ്റുപുഴയിൽ നിന്ന് ആരംഭിക്കുന്ന കൊടിമര ജാഥയ്ക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ, എസ്.ജെ. പ്രേംരാജ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
കാസർകോട് നിന്ന് ആരംഭിച്ച ഛായാച്ചിത്ര ജാഥയ്ക്ക് റിജിൽ മാക്കുറ്റിയും റിയാസ് മുക്കോളിയും നേതൃത്വം നൽകും. ജാഥാസംഗമം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി.വി. ശ്രീനിവാസ് ഉദ്ഘാടനം ചെയ്യും.
24ന് വൈകീട്ട് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമാർ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കുന്ന കുടുംബസംഗമം പുഴയോരം ഗാർഡൻസിൽ നടക്കും. 25ന് വൈകിട്ട് മൂന്നിന് ഒരു ലക്ഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കുന്ന റാലി തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിക്കും. 26ന് പ്രതിനിധി സമ്മേളനം തൃശൂർ തിരുവമ്പാടി കൺവെൻഷൻ സെന്ററിൽ നടക്കും. കേന്ദ്ര സംസ്ഥാന നേതാക്കൾ വിവിധ ദിവസങ്ങളിൽ സമ്മേളനത്തിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |