തൃശൂർ : പന്നികളെയും മറ്റും പിടികൂടാൻ വച്ച കെണിയിൽ നിന്ന് ഷോക്കേറ്റാകാം കാട്ടാന ചരിഞ്ഞതെന്ന് പ്രാഥമിക നിഗമനം. വന്യമൃഗശല്യം കൂടുമ്പോഴും മറ്റും വൈദ്യുതി ലൈനിൽ നിന്ന് നേരിട്ട് വൈദ്യുതി പ്രവഹിപ്പിച്ചാണ് കാട്ടുപന്നി, മാൻ എന്നിവയെ പിടികൂടുന്നത്. പലപ്പോഴും ഇവയുടെ ഇറച്ചി രഹസ്യമായി ഉപയോഗിക്കുന്നവരും മാർക്കറ്റുകളിൽ വരെയെത്തിച്ച് വിൽക്കുന്നവരും വരെ മലയോര മേഖലയിലുണ്ട്. വേട്ടക്കാരുടെ സ്ഥിരം ഇരകളാണ് കാട്ടുപന്നിയും മാനും മ്ലാവും.
ഇങ്ങനെ അബദ്ധത്തിലോ അല്ലെങ്കിൽ ലാഭക്കൊതി മൂത്തോ കെണിയൊരുക്കിയതാകാമെന്നാണ് വനംവകുപ്പിന്റെ നിഗമനം. കെണിയിൽ കൊമ്പൻ വീണതോടെ ഘട്ടംഘട്ടമായി കൊമ്പ് കടത്തി വിൽക്കാനും ഈ സംഘം പ്ളാനിട്ടിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. ആനയുടെ വാലിനും നഖത്തിനും വരെ ആവശ്യക്കാരുണ്ട്.
ശരീരം ജീർണിച്ചാലും കൊമ്പിന് യാതൊരുവിധ കേടുപാടുമുണ്ടാവില്ല. മോഹവിലയാണ് പലപ്പോഴും ആനക്കൊമ്പിന്. കൊമ്പ് ശില്പങ്ങൾക്കും ആഭരണങ്ങൾക്കുമെല്ലാമായി ഉപയോഗിക്കുന്നുണ്ട്. വൻലാഭക്കൊതി മൂത്തതോടെ രഹസ്യമായി വിൽപ്പനയ്ക്കൊരുങ്ങിയപ്പോഴാണ് സംഘം പിടിയിലാകുന്നത്.
മുള്ളൂർക്കര മണിയഞ്ചിറ റോയിയും സുഹൃത്തുക്കളുമാണ് വൈദ്യുതി കെണി ഒരുക്കിയതെന്നാണ് നിഗമനം. അതേസമയം, ആനയെ കുഴിച്ചിടാനെത്തിയത് റോയിയുടെ സുഹൃത്തുക്കളായ പാലായിൽ നിന്നുള്ള നാലംഗ സംഘമാണെന്ന് വ്യക്തമായിട്ടുണ്ട്. കുഴിച്ചിടാനായാണ് ഇവരുടെ സഹായം തേടിയത്. ഇതിനായി രണ്ട് ലക്ഷം രൂപയും നൽകിയെന്ന് പറയുന്നു. കഴിഞ്ഞദിവസം വൈകീട്ട് വനം വകുപ്പിന് ആനയെ കൊന്ന് കുഴിച്ചിട്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവിടെ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
കുഴിച്ചിട്ടത് പൊട്ടക്കിണറ്റിൽ
മണിയഞ്ചിറ റോയിയുടെ വീടിന് അടുത്തുള്ള ഉപയോഗ ശൂന്യമായ പൊട്ടക്കിണറ്റിലിട്ടാണ് കാട്ടാനയെ മൂടിയത്. വേഗം ജീർണിക്കാനായി കോഴിക്കാഷ്ഠം, ചാണകം, തെങ്ങിൻപട്ട എന്നിവയിട്ട് അതിന് മുകളിൽ മണ്ണിട്ട് മൂടി. ഏക്കർ കണക്കിന് റബർ എസ്റ്റേറ്റുള്ള റോയി പ്രദേശത്ത് കാട്ടുപ്പന്നിയെയും മാനിനെയും മറ്റും ഷോക്കേൽപ്പിച്ച് പിടികൂടാറുണ്ടെന്നാണ് വിവരം. ജനവാസ മേഖലയിലാണ് ആനയെ കുഴിച്ചിട്ടത്. അതിനാൽ സംഭവത്തിൽ നാട്ടുകാരിൽ ആർക്കെങ്കിലും പങ്കുണ്ടോയെന്നും സംശയിക്കുന്നുണ്ട്.
രണ്ടര ടൺ തൂക്കം
കൊന്ന് കുഴിച്ചുമൂടിയ 15 വയസുള്ള ആനയ്ക്ക് ഏകദേശം രണ്ടര ടൺ തൂക്കം ഉണ്ടാവാൻ സാദ്ധ്യതയുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഏഴരയടിയേക്കാൾ ഉയരം ഉണ്ടായേക്കും. പ്രദേശത്ത് കഴിഞ്ഞ കുറെക്കാലമായി കാട്ടാന സാന്നിദ്ധ്യമേറെയാണ്. കുതിരാൻ തുരങ്കപാത വന്നതോടെ മച്ചാട് വനത്തിലൂടെ നിരവധി കാട്ടാനകളാണ് കടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |