തൃശൂർ: തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വളർത്തു- തെരുവ് നായ്ക്കൾക്ക് പേവിഷ വാക്‌സിനേഷനുള്ള സമഗ്ര പദ്ധതിയുമായി മൃഗസംരക്ഷണ വകുപ്പ്. ഈ മാസം സംസ്ഥാനത്തുടനീളം പദ്ധതി നടപ്പാക്കും. മൃഗസംരക്ഷണ സംഘടനയായ മിഷൻ റാബീസിന്റെ പിന്തുണയുണ്ട്.
2022 സെപ്തംബറിൽ നടത്തിയ വാക്‌സിനേഷനിൽ തെരുവുനായ്ക്കളിലെ കുത്തിവയ്പ് ഉദ്ദേശിച്ചത്ര വിജയിച്ചില്ല. ഇത് പരിഹരിക്കാൻ ഇത്തവണ വിപുലമായ ഒരുക്കം നടത്തിയിട്ടുണ്ട്. വാക്‌സിനേഷൻ സ്‌ക്വാഡും രൂപീകരിച്ചു. എല്ലാ ജില്ലകളിലുമുള്ള ടീം അംഗങ്ങൾക്ക് പ്രതിരോധ മരുന്നും മറ്റ് സാമഗ്രികളും ലഭ്യമാക്കി. വാക്‌സിന് ശേഷം വളർത്തുനായ്ക്കൾക്ക് മൃഗാശുപത്രിയിൽ നിന്ന് സർട്ടിഫിക്കറ്റ് നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ നായ ഉടമകൾക്ക് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലൈസൻസ് ലഭിക്കും.
ആക്രമണകാരികളായ തെരുവ് നായ്ക്കളെ പാർപ്പിക്കാൻ കേന്ദ്രം സ്ഥാപിക്കുക, ബോധവത്കരണം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനങ്ങൾ ചെയ്യണം. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 9ന് ചേലക്കര വെറ്ററിനറി ഹോസ്പിറ്റലിൽ മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിക്കും. തെരുവു നായ്ക്കളിൽ പത്ത് ശതമാനം വർദ്ധന സംസ്ഥാനത്ത് ഒരു വർഷത്തിനിടെ തെരുവു നായ്ക്കളുടെ എണ്ണം 10 ശതമാനം വർദ്ധിച്ചതായാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. കുത്തിവയ്പ് നൽകിയ നായ്ക്കളെ തിരിച്ചറിയാൻ ഇത്തവണ കഴുത്തിൽ പച്ച നിറത്തിൽ സ്‌പ്രേ പെയിന്റ് ചെയ്യും. സംസ്ഥാനത്ത് കറുത്ത നായ്ക്കൾ കൂടുതലുള്ളതിനാലാണ് മിഷൻ റാബീസിന്റെ നിർദ്ദേശ പ്രകാരം പച്ചയടിക്കുന്നത്. ഇതിനുള്ള ചെലവ് തദ്ദേശ സ്ഥാപനം നൽകണം. തെരുവുനായ്ക്കളെ പിടികൂടാൻ പട്ടിപിടുത്തക്കാരുടെ പട്ടിക കുടുംബശ്രീ മിഷൻ, മൃഗസംരക്ഷണ വകുപ്പിന് നൽകിയിട്ടുണ്ട്.
നായ്ക്കളുടെ എണ്ണം
തെരുവു നായ്ക്കൾ 2.9 ലക്ഷം
വളർത്തു നായ്ക്കൾ 8.3 ലക്ഷം
പട്ടിപിടുത്തക്കാർ 1450
2022ൽ കുത്തിവച്ചത്
തെരുവ് നായ്ക്കൾ 37,000
വളർത്തു നായ്ക്കൾ 5.1 ലക്ഷം
തൃശൂരിൽ പദ്ധതി നടപ്പാക്കുന്നത്
പഞ്ചായത്തുകൾ 87
മുനിസിപ്പാലിറ്റി 7
കോർപ്പറേഷൻ 1.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |