പ്രവർത്തകർ ആഹ്‌ളാദത്തിൽ
തൃശൂർ : തൃശൂരിൽ നിന്ന് ചരിത്രവിജയം നേടിയ സുരേഷ് ഗോപി ഇനി കേന്ദ്രമന്ത്രി. കേന്ദ്രമന്ത്രി സ്ഥാനം എന്ന മോദി ഗ്യാരന്റിയും യാഥാർത്ഥ്യമായി. തൃശൂർ മണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യ കേന്ദ്രമന്ത്രിയെന്ന ബഹുമതിയും സുരേഷ് ഗോപി നേടി. കാബിനറ്റ് പദവി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും സഹമന്ത്രി സ്ഥാനമാണ് ലഭിച്ചത്. 51ാമതായാണ് സത്യപ്രതിജ്ഞ ചെയ്തത്. സി.കെ.ചന്ദ്രപ്പൻ, വി.വി.രാഘവൻ, പി.സി.ചാക്കോ തുടങ്ങി നിരവധി പ്രമുഖർ വിജയിച്ച മണ്ഡലം കൂടിയായ തൃശൂരിൽ നിന്ന് ആർക്കും കേന്ദ്രമന്ത്രി പദത്തിലിരിക്കാൻ ഭാഗ്യം ലഭിച്ചിരുന്നില്ല. ജില്ലയിലെ ഏതാനും മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന പഴയ ഒറ്റപ്പാലത്ത് നിന്ന് മുൻ രാഷ്ട്രപതി കൂടിയായ കെ.ആർ.നാരായണൻ, മുകുന്ദപുരം മണ്ഡലത്തിൽ നിന്ന് പനമ്പിള്ളി ഗോവിന്ദ മേനോൻ, എ.സി.ജോർജ്ജ് എന്നിവർ കേന്ദ്ര മന്ത്രി സ്ഥാനത്തെത്തിയിട്ടുണ്ട്.
കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പായിരുന്നെങ്കിലും കരാർ ഒപ്പിട്ട സിനിമകൾ പൂർത്തിയാക്കാനായി സമയം അനുവദിക്കണമെന്ന് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. തുടർന്ന് പാർട്ടി നിർദ്ദേശത്തെ തുടർന്ന് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കുകയായിരുന്നു. കേന്ദ്രമന്ത്രിയാക്കില്ലെങ്കിൽ അണികൾ നിരാശരാകുമെന്നത് പാർട്ടി ബോദ്ധ്യപ്പെടുത്തി.
2019ൽ പതിനാലു ദിവസത്തെ പ്രചരണം കൊണ്ട് മൂന്ന് ലക്ഷത്തോളം വോട്ട് നേടി സുരേഷ് ഗോപി തൃശൂരിൽ ചുവടുറപ്പിക്കുകയായിരുന്നു. തുടർന്ന് രാജ്യസഭാ എം.പിയായിരിക്കെ തൃശൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് മികച്ച പ്രകടനം കാഴ്ച്ചവെച്ചു. പിന്നീടങ്ങോട് മണ്ഡലത്തിൽ സജീവമായിരുന്നു. ഇപ്രാവശ്യം മുക്കാൽ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.
പ്രതീക്ഷയോടെ തൃശൂർ
എം.പിയായാലും പ്രധാനമന്ത്രിയുമായുള്ള അടുപ്പവും കൂടിയാകുമ്പോൾ തൃശൂരിന്റെ വികസനത്തിൽ വലിയ മാറ്റം കൊണ്ടുവന്നേക്കുമെന്ന പ്രത്യാശയിലായിരുന്നു തൃശൂർ നിവാസികൾ. കേന്ദ്രമന്ത്രി കൂടിയായതോടെ പ്രതീക്ഷകൾ ഇരട്ടിച്ചു. നഗരത്തിന്റെ സമഗ്രവികസനം, ഗുരുവായൂർ, തൃപ്രയാർ ഉൾപ്പെടെയുള്ള ക്ഷേത്രനഗരികളുടെ വികസനം, തീരദേശ, മലയോര മേഖലകളിലെ പ്രശ്‌നങ്ങൾ എന്നിവയിലെല്ലാം ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. താൻ തൃശൂരിന്റെ കാര്യം മാത്രമല്ല കേരളത്തിന്റെ എല്ലാ മേഖലയുടെ കാര്യങ്ങളിലും ഇടപെടുമെന്നും സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |