തൃശൂർ : പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ അന്നം മുട്ടിച്ച് അനധികൃത മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ നടപടി കർശനമാക്കി ഫീഷറിസ് വകുപ്പ്. ഈ സാമ്പത്തിക വർഷം പിഴയടപ്പിച്ചത് 55 ലക്ഷത്തിലേറെ രൂപ. പിടിച്ചെടുത്ത മത്സ്യം ലേലം ചെയ്ത് വിറ്റ തുകയടക്കമാണിത്. കരയിൽ നിന്ന് 20 നോട്ടിംഗ് മൈൽ ദുരത്തിൽ മത്സ്യബന്ധനം നടത്തരുതെന്ന നിർദ്ദേശം മറികടന്ന് ബോട്ടുകളിലെത്തി മത്സ്യബന്ധനം നടത്തുന്നവർക്കെതിരെയാണ് നടപടി.ഇത്തരം കേന്ദ്രങ്ങളിലേക്ക് കടന്നു കയറി ചെറുമത്സ്യങ്ങൾ ഉൾപ്പടെ പിടിച്ചു കൊണ്ടുപോകുന്നതോടെ മത്സ്യസമ്പത്ത് കുറയുകയും പമ്പരാഗത മത്സ്യതൊഴിലാളികൾക്ക് മീൻ ലഭിക്കാതെ വരുക.
പരമ്പരാഗത മത്സ്യതൊഴിലാളികളിൽനിന്ന് നിരന്തരം പരാതികൾ ഉയർന്നിരുന്നു. അഴീക്കോട് ആഴി മുതൽ എടക്കഴിയൂർ കാപ്പിരിക്കാട് വരെ ജില്ലയുടെ സമുദ്രാർത്തിയിലാണ് വ്യാപകമായ രീതിയിലുള്ള മത്സ്യബന്ധനം നടക്കുന്നത്.
കോസ്റ്റൽ പൊലീസിന്റെ സഹായത്തോടെ നടത്തിയ രാത്രികാല പരിശോധനയിൽ 37 ബോട്ടുകളാണ് പിടിച്ചെടുത്ത് പിഴയടപ്പിച്ചത്. ഫീഷറീസ് വകുപ്പിന്റെ മറൈൻ എൻഫോഴ്‌സ്‌മെന്റ് ആന്റ് വിജിലൻസ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ.
പിടിച്ചാൽ ഭീഷണിയും
അനധികൃത മത്സ്യബന്ധനം പിടിച്ചാൽ ഉടമകളിൽ നിന്നും തൊഴിലാളികളിൽ നിന്നും ശക്തമായ ഭീഷണിയും ഉദ്യോഗസ്ഥർ നേരിടുന്നതായി പറയുന്നു. മുനക്കക്കടവ് , അഴീക്കോട് എന്നിവ കേന്ദ്രീകരിച്ച് തയ്യാറാക്കിയ ബോട്ടുകളിലാണ് പരിശോധന നടന്നു വരുന്നത്. സ്വന്തമായി ബോട്ട് ഇതുവരെ ഫീഷറീസ് വകുപ്പ് അനുവദിച്ചില്ല. അത് കൊണ്ട് തന്നെ സ്വകാര്യ ബോട്ടുകൾ കരാർ അടിസ്ഥാനത്തിൽ വാടകയ്‌ക്കെടുത്താണ് പരിശോധനകൾ നടന്നു വരുന്നത്.
പിഴ
ഏറ്റവും കുറവ് -25000
പരമാവധി - രണ്ടര ലക്ഷം രൂപ
2024 ഏപ്രിൽ 1 മുതൽ 2025 ജനുവരി 29 വരെയുള്ള കണക്ക്
പിടിച്ചെടുത്ത ബോട്ടുകൾ - 37
പിഴയടപ്പിച്ചത് - 55,23,396 രൂപ
അനധികൃത മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ കർശന നടപടി തുടരുകയാണ്. കേരളത്തിന്റെ നീല, ഓറഞ്ച് നിറങ്ങളിലുള്ള ബോട്ടുകളാണ് മത്സ്യബന്ധനം നടത്തുന്നത്.മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അതിക്രമിച്ച് കടന്ന് അനധികൃത മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും.'
-ഡോ.സി.സീമ,ജില്ലാ ഫീഷറീസ് അസി.ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |