തൃശൂർ: കുന്നംകുളത്ത് ചെമ്പതാക ഉയർന്നു. സി.പി.എം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. വടക്കാഞ്ചേരിയിലെ എം.കെ.കൃഷ്ണന്റെ സ്മൃതികുടീരത്തിൽ നിന്നുള്ള പതാക ജാഥയും ഗുരുവായൂർ ക്ഷേത്ര പ്രവേശന സമരത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ എ.കെ.ജിയുടെ സ്മൃതി കുടീരത്തിൽ നിന്നുള്ള കൊടിമര ജാഥയും തൃശൂരിലെ അഴീക്കോടൻ രാഘവന്റെ സ്മൃതികുടീരത്തിൽ നിന്നുള്ള ദീപശിഖാ ജാഥയും കുന്നംകുളം ഏരിയയിലെ രക്തസാക്ഷികളായ കുഞ്ഞാതു, പി.പി.സുബ്രഹ്മണ്യൻ, എ.ബി.ബജേഷ്, പി.യു.സനൂപ് എന്നിവരുടെ ബലികുടീരങ്ങളിൽ നിന്നുള്ള അനുബന്ധ ദീപശിഖാ ജാഥകളും കുന്നംകുളം പഴയ ബസ് സ്റ്റാന്റിൽ സംഗമിച്ചു. നൂറുകണക്കിന് അത്‌ലറ്റുകൾ, ഇരുചക്ര വാഹന റാലി, ചുവപ്പ് സേന അംഗങ്ങൾ തുടങ്ങിയവയുടെ അകമ്പടിയോടെയാണ് ജാഥകൾ എത്തിയത്. ദീപശിഖ മുരളി പെരുനെല്ലിയും പതാക പി.കെ.ഡേവിസും കൊടിമരം കെ.കെ.രാമചന്ദ്രനും ഏറ്റുവാങ്ങി. തുടർന്ന് പൊതുസമ്മേളന നഗരിയായ ചെറുവത്തൂർ മൈതാനത്ത് എത്തി. സംഘാടകസമിതി ചെയർമാൻ എ.സി.മൊയ്തീൻ പതാക ഉയർത്തി.
ആവേശം വിതറി ദീപശീഖ - കൊടിമര - പതാക ജാഥകൾ
ചെട്ടിയങ്ങാടിയിലെ അഴീക്കോടൻ രാഘവന്റെ സ്മൃതി മണ്ഡപത്തിൽ നിന്നാണ് ദീപശിഖാ പ്രയാണം ആരംഭിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ദീപശിഖ ജാഥാ ക്യാപ്റ്റനായ ജില്ലാ സെക്രട്ടേറിയറ്റംഗം യു.പി.ജോസഫിന് കൈമാറി ഉദ്ഘാടനം ചെയ്തു. പി.കെ.ഷാജനാണ് ജാഥ ക്യാപ്റ്റൻ. ജില്ലാ കമ്മിറ്റിയംഗം കെ.രവീന്ദ്രൻ അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി അനൂപ് ഡേവീസ് കാട, ചുമട് ലോക്കൽ സെക്രട്ടറി കെ.എം.ബിനീഷ് എന്നിവർ സംസാരിച്ചു. കൊടിമര ജാഥ സംസ്ഥാന കമ്മിറ്റി അംഗം എം.കെ.കണ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി.അബ്ദുൾ ഖാദർ ക്യാപ്റ്റനും പി.കെ.ചന്ദ്രശേഖരൻ മാനേജറുമായാണ് പ്രയാണം നടത്തിയത്. പതാക ജാഥ സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ.ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യർ ചിറ്റലപ്പിള്ളി ക്യാപ്റ്റനും കെ.വി.നഫീസ മാനേജറുമായാണ് പ്രയാണം നടത്തിയത്.
ഇന്ന് മുതൽ പ്രതിനിധി സമ്മേളനം
പ്രതിനിധി സമ്മേളനം കുന്നംകുളം ടൗൺ ഹാളിൽ രാവിലെ 10ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ.ബേബി, എ.വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ.ശ്രീമതി, എ.കെ.ബാലൻ, ഡോ. ടി.എം.തോമസ് ഐസക്, കെ.കെ.ശൈലജ, എളമരം കരീം, പി.സതീദേവി, കെ.രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എം.സ്വരാജ്, ഡോ. പി.കെ.ബിജു, പുത്തലത്ത് ദിനേശൻ എന്നിവരും പങ്കെടുക്കും. 11ന് ഉച്ചവരെ പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചുവപ്പ്സേന മാർച്ചിൽ 25,000 പേർ അണിനിരക്കും. പൊതുസമ്മേളനത്തിന് കാൽലക്ഷത്തോളം പേരെത്തും.
434 പ്രതിനിധികൾ
പ്രതിനിധി സമ്മേളനത്തിൽ 42 ജില്ലാ കമ്മിറ്റി അംഗങ്ങളും 17 ഏരിയകളിൽ നിന്നും സ്‌പെഷ്യൽ യൂണിറ്റുകളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 392 പേരും ഉൾപ്പെടെ 434 പ്രതിനിധികൾ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |