തൃശൂർ: ഡി.ഐ.ജി ഓഫീസിലേക്ക് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സംഘർഷം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി-സോൺ കലോത്സവത്തെ തുടർന്നുണ്ടായ അക്രമത്തിൽ പ്രതികളായ എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മാർച്ച്. മാർച്ച് പട്ടാളം റോഡിൽ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകർക്ക് നേരെ ജലപീരങ്കിപ്രയോഗവും ലാത്തി ചാർജ്ജും നടത്തി. എന്നാൽ പ്രവർത്തകർ പിരിഞ്ഞു പോകാതിരുന്നത് പൊലീസിനെ വലച്ചു. ഏറെ നാളുകൾക്ക് ശേഷമാണ് നഗരം ലാത്തിചാർജിനും സാക്ഷ്യം വഹിക്കുന്നത്. ലാത്തി ചാർജ് തുടങ്ങിയതോടെ പരിസരത്തെ കടകൾ ഷട്ടർ താഴ്ത്തി. ലാത്തി ചാർജ്ജിനിടെ ഏതാനും മാദ്ധ്യമ പ്രവർത്തകർക്കും പരിക്കേറ്റു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ പ്രതാപൻ, നിയുക്ത ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, എം.പി വിൻസന്റ്, അനിൽ അക്കര, ജോസ് വള്ളൂർ, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അരുൺ രാജേന്ദ്രൻ, ആൻ സെബാസ്റ്റ്യൻ, ജില്ലാ പ്രസിഡന്റുമാരായ നിഖിൽ കണ്ണാടി, സൂരജ്, എഡി തോമസ്, ജവാദ് പുത്തൂർ, ഗൗതം ഗോകുൽദാസ്, സംസ്ഥാന ജന:സെക്രട്ടറിമാരായ അനീഷ് ആന്റണി, ആദേശ് സുദർമൻ, മുബാസ് ഓടക്കാലി ,സിംജോ സാമുവേൽ ,അജാസ് കുഴൽമന്നം, അല്ലമീൻ അഷ്‌റഫ് , സിംജോ സാമുവേൽ സഖറിയ,മിവ ജോളി, ബേസിൽ പാറേക്കുടി,ആസിഫ് മുഹമ്മദ്, ജിഷ്ണു രാഘവ്, അബദ് ലുത്ഫി, ജെറിൻ ജേക്കബ് പോൾ എന്നിവർ നേതൃത്വം നൽകി. സംഭവത്തിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറടക്കം കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ കേസെടുത്തതായി ഈസ്റ്റ് പൊലീസ് സി.ഐ.ജിജോ പറഞ്ഞു.
പൊലീസിനെതിരെ മിവ ജോളി
അടിക്കാനോങ്ങിയ പുരുഷ പൊലീസിനെതിരെ കൈവീശി കെ.എസ്.യു സംസ്ഥാന സെക്രട്ടറി മിവാ ജോളി. വനിതാ പൊലീസെവിടെയെന്ന് ചോദിച്ചായിരുന്നു മിവയുടെ പ്രതിഷേധം. പെൺക്കുട്ടികളടക്കമുള്ള സമരക്കാരെ നേരിടാൻ നാമമാത്ര വനിതാ പൊലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്. മിവയുടെ പ്രതിഷേധം കടുത്തതോടെ ടി.എൻ.പ്രതാപനും അനിൽ അക്കരയും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രമോദ് അടക്കമുള്ളവർ പൊലീസിനെ വളഞ്ഞു വച്ച് പ്രതിഷേധിച്ചു.
ജനത്തെ വട്ടംചുറ്റിച്ച് പൊലീസ്
കെ.എസ്.യു മാർച്ചിന്റെ പേരിൽ ജനത്തെ വട്ടം കറക്കി പൊലീസ്. മാർച്ച് രാവിലെ 11 ന് ആരംഭിക്കുമെന്ന് കെ.എസ്.യു അറിയിച്ചെങ്കിലും ആരംഭിച്ചത് ഒരു മണിക്ക് ശേഷമാണ്. ഇതോടെ മണിക്കൂറുകളോളം ഗതാഗതം തിരിച്ചു വിട്ടതോടെ നഗരം കുരുക്കിലമർന്നു. കുറുപ്പം റോഡിൽ നിർമ്മാണം നടക്കുന്നതിനാൽ ഈ വഴി ഗതാഗതം നിരോധിച്ചിരുന്നു. മാർച്ച് ആരംഭിക്കാൻ വൈകുമെന്ന് മുൻകൂട്ടി അറിഞ്ഞിട്ടും ഇത്രനേരം ഗതാഗതം തടഞ്ഞത് പ്രതിഷേധത്തിന് കാരണമായി. പട്ടാളം റോഡ് വഴിയിൽ നടപ്പാത അടച്ചു പൂട്ടിയായായിരുന്നു പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചത്. രാവിലെ 11 ന് തുടങ്ങിയ ഗതാഗതക്കുരുക്ക് വൈകിട്ട് മൂന്നു മണിക്കാണ് അവസാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |