തൃശൂർ: വേനലെത്തും മുമ്പേ ജില്ലയിലെ ഫയർ സ്റ്റേഷനുകൾ തിരക്കിലാണ്. രണ്ടാഴ്ചയ്ക്കിടെ ഒരേദിവസം പത്തിലേറെ റെസ്‌ക്യൂ കോളുകൾ വന്ന സ്റ്റേഷനുകളുണ്ട്. തൃശൂർ സ്റ്റേഷനിൽ ഒരു ദിവസം 13ഉം കുന്നംകുളത്ത് പത്തും കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. തീപിടിത്തമാണ് പ്രധാന പ്രശ്‌നം. തൃശൂർ കോർപറേഷൻ പരിധിയിൽ രണ്ട് ഫയർ സ്റ്റേഷനുകൾ വേണമെങ്കിലും ഒന്നേയുള്ളൂ. പാലക്കാട് അതിർത്തിയായ കുതിരാൻ മുതൽ തലോർ വരെയും സുവോളജിക്കൽ പാർക്ക് നിൽക്കുന്ന പുത്തൂർ മുതൽ കാഞ്ഞാണിപ്പാടം വരെയും വരുന്ന വലിയ പ്രദേശം തൃശൂർ സ്റ്റേഷന് കീഴിലാണ്. കാർഷിക സർവകലാശാലയിൽ മറ്റൊരു ഫയർ സ്റ്റേഷൻ സ്ഥാപിക്കാനുള്ള പദ്ധതി ഫയലിലാണ്.
ഗുരുവൂയൂരിൽ
ഉള്ളത് രണ്ട് ഫയർ എൻജിൻ വാഹനങ്ങൾ. പാവറട്ടി, ചാവക്കാട് മേഖലകളിൽ ഉൾപ്പെടെ രക്ഷാപ്രവർത്തനം നടത്തണം. ഏഴ് ഡ്രൈവർമാർ വേണ്ടിടത്ത് അഞ്ചുപേർ മാത്രം. 24 ഫയർമാൻ വേണമെങ്കിലും ഒരാളേ കുറവുള്ളൂ. മഞ്ജുളാലിന് സമീപമുള്ള ദേവസ്വം വക കിണറിൽ നിന്നാണ് വെള്ളം നിറയ്ക്കുന്നത്.
നാട്ടിക
ആവശ്യത്തിന് ഫയർമാൻമാർ ഉണ്ടെങ്കിലും ഫയർ എൻജിൻ ഒന്നേയുള്ളൂ. മറ്റൊന്നുള്ളത് വാട്ടർ ലോറിയാണ്. പാടത്തും ബീച്ചിലും മറ്റും തീപിടിത്തമുണ്ടാകുമ്പോൾ വലിയ ഫയർ എൻജിനുമായെത്തി രക്ഷാപ്രവർത്തനം സാദ്ധ്യമല്ല. അതിനാൽ ഒരു മിനി മൊബൈൽ ടാങ്കർ യൂണിറ്റ് കൂടിയുണ്ടെങ്കിൽ കാര്യക്ഷമമാകും.
വടക്കാഞ്ചേരി
ഷൊർണൂർ മുതൽ മുളങ്കുന്നത്തുകാവ് വരെയും തിരുവില്വാമല മുതൽ എരുമപ്പെട്ടി വരെയുമുള്ള പ്രദേശം. 24 ഫയർമാൻമാരിൽ ഒരാളേ കുറവുള്ളൂ. ഏഴ് ഡ്രൈവർമാർ വേണ്ടതിൽ ആറുപേരുണ്ട്. ഉത്സവങ്ങളേറെയുള്ള പ്രദേശത്ത് അവിടേക്കെല്ലാം പോകുമ്പോൾ സ്റ്റേഷനിൽ ആകെയുള്ള രണ്ട് വാഹനങ്ങൾ പോരാതെ വരും.
പടിഞ്ഞാറൻ മേഖല
കൊടുങ്ങല്ലൂർ, മാള, ഇരിങ്ങാലക്കുട ഫയർ സ്റ്റേഷനുകളിൽ സ്ഥിതി അൽപ്പം ഭദ്രമാണ്. ഉദ്യോഗസ്ഥരുടെ കുറവുണ്ടെങ്കിലും മാനേജ് ചെയ്യാനാകും. കൊടുങ്ങല്ലൂർ പരിധിയിലേക്ക് ആവശ്യമെങ്കിൽ പറവൂർ ഫയർ സ്റ്റേഷന്റെ സഹായവും തേടാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |