തൃശൂർ: കാട്ടാനയും നാട്ടാനയും കലിപൂണ്ട് ആൾനാശമുണ്ടാക്കുമ്പോൾ ദുബായിലും സിംഗപ്പൂരിലുമെല്ലാം ആനപ്പൂരമാണ്. ലക്ഷണമൊത്ത കൊമ്പന്മാർ അണിനിരന്ന് മേളവും വെഞ്ചാമരവും പഞ്ചവാദ്യവും ഉൾപ്പെടെയുള്ള പൂരം. തലയും ചെവിയും ഇളക്കി നിൽക്കുന്നതോ ഒന്നാന്തരം നാട്ടാന. എന്നാൽ ഈ ആനകൾക്കൊന്നും ഒട്ടും കുറുമ്പില്ല. ചാലക്കുടിക്കാരൻ പ്രശാന്തിന്റെ പണിപ്പുരയിൽ ഒരുങ്ങിയ റോബോട്ടുകളാണിതെല്ലാം. ഒറിജിനലിനെ വെല്ലുന്ന ലുക്ക്. പത്തടി ഉയരത്തിൽ തലയെടുപ്പോടെ നിന്ന് ചെവികളും തലയും ഇളക്കി തുമ്പിക്കൈയിൽ വെള്ളം ചീറ്റുന്നത് കാണുമ്പോൾ മലയാളികളെല്ലാം പറയും, ലക്ഷണമൊത്ത കൊമ്പൻ..! നാട്ടാനകൾമൂലമുണ്ടാകുന്ന പ്രതിസന്ധിക്കും പരാതികൾക്കും ഒരു പരിഹാരമാണ് റോബോട്ടിക് ആനകൾ.
തുടക്കം
15 കൊല്ലം മുമ്പാണ് ആർട്ടിസ്റ്റുകളായ പ്രശാന്ത്, റോബിൻ, ആന്റോ, ജിനേഷ് എന്നിവർ ചേർന്ന് ആറരയടി ഉയരമുള്ള ഒരു കുട്ടിയാനയെ നിർമ്മിച്ചത്. ചെവിയും വാലും തുമ്പിക്കൈയും തലയുമെല്ലാം ഇളക്കാനാകുന്ന കുട്ടിയാന അങ്ങനെ ഹിറ്റായി. തുടർന്ന് ജംഗിൾ ബുക്ക്, ഹൾക്ക്, ദിനോസർ, ഡ്രാഗൺ, സാന്താക്ലോസ് എന്നിവയുമുണ്ടാക്കി. നാട്ടിലെ ചെറിയ ഉത്സവങ്ങൾക്ക് ആനയെ വാടകയ്ക്ക് നൽകുന്നുണ്ട്.
ആദ്യ കോൾ ദുബായിൽ നിന്ന്
കുട്ടിയാന ഹിറ്റായതോടെ ദുബായിൽ നിന്നായിരുന്നു ആദ്യ കോൾ. ദുബായിൽ ഒരുക്കുന്ന തൃശൂർ പൂരത്തിന് രണ്ട് ആനകളെ വേണമെന്നായിരുന്നു ആവശ്യം. ദുബായ് പൂരം ഹിറ്റായതോടെ സ്‌പെയിനിലെ സർക്കസ് കമ്പനിക്ക് നാല് ആനകളെയും സിംഗപ്പൂരിൽ പൂരം നടത്തിപ്പിന് രണ്ടാനകളെയും നിർമ്മിച്ചുനൽകി. തുടർന്ന് കുവൈറ്റ്, യു.എസ്, യു.കെ, കാനഡ എന്നിവിടങ്ങളിലേക്കൊക്കെ ആനകളെ നൽകി. 48 ആനകളെ ഇതുവരെ നിർമ്മിച്ചു നൽകിയിട്ടുണ്ട്. 4 ഹി ക്രിയേഷൻസ് എന്ന കമ്പനി രൂപീകരിച്ചാണ് ഇപ്പോൾ പ്രവർത്തനം. 12 ജോലിക്കാരുണ്ട്.
നിർമ്മാണം, പ്രവർത്തനം
ആനയുടെ ശരീരവും കൊമ്പും എല്ലാം ഫൈബർ. ഉള്ളിൽ ഇരുമ്പ് ഫ്രെയിം. അനങ്ങേണ്ടതും ഇളക്കേണ്ടതുമായ തുമ്പിക്കൈ, വാൽ, ചെവികൾ എന്നിവയെല്ലാം റബറിൽ. കാലിൽ ചക്രം. നാല് മോട്ടോറും തുമ്പിയിലൂടെ വെള്ളം ചീറ്റാൻ ഒരു വാട്ടർ ടാങ്കും ശരീരത്തിലുണ്ട്. ജനറേറ്ററിൽ നിന്നുമുള്ള കറന്റ് ഉപയോഗിച്ചാണ് പ്രവർത്തനം.
ചെലവ്
കേരളത്തിൽ 4.5 ലക്ഷം
വിദേശത്തേക്ക് 5 ലക്ഷവും കൊണ്ടുപോകാനുള്ള ചെലവും
പൂരത്തിന് വാടക (ഏക്കത്തുക) 30,000 രൂപ
പ്രശാന്തിന്റെ പണിപ്പുരയിൽ റോബോട്ടിക് ആനകളെ ഒരുക്കുന്നു. ഫോട്ടോ: റാഫി എം. ദേവസി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |