തൃശൂർ: പണവും പകിട്ടും സാംസ്‌കാരിക മന്ത്രിയുടെ സാന്നിദ്ധ്യവുമില്ലാതെ ഇറ്റ്‌ഫോക്കിന് ഇന്ന് സമാപനം. കഴിഞ്ഞ ഞായറാഴ്ച തുടങ്ങിയ അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തിരശ്ശീല താഴുമ്പോഴും സാംസ്‌കാരിക മന്ത്രി ഒരിക്കൽ പോലും ഇറ്റ്‌ഫോക് വേദിയിൽ എത്തിയില്ല. മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ഉദ്ഘാടനച്ചടങ്ങിൽ നിന്നും വിട്ടുനിന്നെങ്കിലും നാടകോത്സവം നടക്കുന്ന എട്ടുനാളിൽ ഒരിക്കലെങ്കിലും എത്തുമെന്നായിരുന്നു പ്രതീക്ഷ. സംസ്‌കാരിക വകുപ്പിൽ നിന്നും അനുവദിക്കേണ്ട തുക കൂടി വൈകിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ചടങ്ങ് തീർക്കൽ മാത്രമായി ഇത്തവണത്തെ 15ാം അന്താരാഷ്ട്ര നാടകോത്സവം.
ഇന്ന് വൈകിട്ട് നാലിന് ആക്ടർ മുരളി തിയറ്ററിൽ നടക്കുന്ന സമാപന സമ്മേളനം കളക്ടർ അർജുൻ പാണ്ഡ്യനാണ് ഉദ്ഘാടനം ചെയ്യുക. കേരള സംഗീത നാടക അക്കാഡമി എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗം ജോൺ ഫെർണാണ്ടസ് അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ കേരള ലളിത കലാ അക്കാഡമി സെക്രട്ടറി എബി എൻ.ജോസഫ്, സംഗീത നാടക അക്കാഡമി അംഗം രാജ്‌മോഹൻ നീലേശ്വരം എന്നിവർ സംസാരിക്കും. സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി സ്വാഗതവും ജലീൽ ടി.കുന്നത്ത് നന്ദിയും പറയും.
ഏഴാം ദിനത്തിൽ
തോപ്പിൽ ഭാസി ബ്ലാക്ക് ബോക്‌സിൽ തമാശ തീയേറ്റർ മുംബയ് അവതരിപ്പിച്ച 'ബിലവ്ഡ്: മ്യൂസിക്ക്വീർനെസ്സ്ആൻഡ്ഇഷ്ഖ്' എന്ന നാടകവും കെ.ടി മുഹമ്മദ് റീജ്യണൽതീയേറ്ററിൽ രാവിലെ 11നും വൈകിട്ട് 5നും മാമാങ്കം ഡാൻസ് കമ്പനി എറണാകുളം അവതരിപ്പിച്ച 'നെയ്ത്ത് ദിആർട്ട് ഓഫ് വീവിംഗ്' എന്ന നൃത്തനാടകവും അരങ്ങേറി. രാവിലെ 11:30 ന്ചായ്ഗരത്തിന്റെയും സർക്കിൾ റിലേഷൻസിന്റെയും അഭിനേതാക്കളും സംവിധായകരും പങ്കെടുത്ത 'മീറ്റ്ദി ആർട്ടിസ്റ്റ്' എന്ന മുഖാമുഖം പരിപാടി നടന്നു.
ഉച്ചയ്ക്ക് 1.30ന് 'അട്ടിമറിഘട്ടങ്ങൾ: വനിതാനാടക പ്രവർത്തകരും ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയവും' എന്ന വിഷയത്തെ ആസ്പദമാക്കി രാമനിലയം ക്യാമ്പസിൽ ചർച്ച നടന്നു. ആക്ടർ മുരളി തിയേറ്ററിൽ ഇറാഖിൽ നിന്നുള്ള ഡിപ്പാർട്ട്‌മെന്റ് ഒഫ് സിനിമ ആൻഡ് തിയേറ്റർ അവതരിപ്പിച്ച 'അമൽ' നാടകം അരങ്ങേറി. വൈകീട്ട് 9ന് സംഗീത സംവിധായകൻ ശരത് അവതരിപ്പിച്ച മെലോഡിയസ് മ്യൂസിക്' ശരത് ഗാനരാത്രി' അരങ്ങിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |