തൃശൂർ: റാസ്പുട്ടിൻ ഡാൻസിലൂടെ വൈറലായ നവീൻ-ജാനകി ടീമിലെ നവീൻ റസാഖിന് ആഗസ്റ്റിൽ വിവാഹം. തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായിരിക്കുമ്പോഴാണ് നവീൻ കെ.റസാഖും ജാനകി ഓംകുമാറും കാമ്പസിൽ റാസ്പുട്ടിൻ ഡാൻസ് ചെയ്ത് വൈറലായത്. പിന്നാലെ ഇരുവരുടെയും മതം തെരഞ്ഞുപിടിച്ച് പലരും വിവാദമാക്കി. ഇതിനിടെ വീണ്ടും ഇരുവരും നൃത്തച്ചുവടുമായെത്തിയിരുന്നു. നവീന്റെ വധു മലപ്പുറം തിരൂരിലെ മുസ്തഫ- റംലത്ത് ദമ്പതികളുടെ മകൾ ഡോ.സഹ്നിധയാണ്. ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. വയനാട് മാനന്തവാടിയിലെ റസാഖ് - ദിൽഷാദ് ദമ്പതികളുടെ മകനാണ് ഡോ.നവീൻ. നവീൻ കെ.റസാഖ് ഇപ്പോൾ എം.ബി.ബി.എസ് പൂർത്തിയാക്കി പി.ജിക്ക് തയ്യാറെടുക്കുകയാണ്. എം.ബി.ബി.എസ് കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുകയാണ് സഹ്നിധ. ജാനകി ഓംകുമാർ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ മെഡിക്കൽ ഓഫീസറായി സേവനം അനുഷ്ഠിക്കുകയാണ്. വയനാട്ടിലെ മാനന്തവാടിയിലായിരുന്നു നവീന്റെയും സഹ്നിധയുടെയും വിവാഹനിശ്ചയച്ചടങ്ങ്.
തീയതി കൃത്യമായി തീരുമാനിച്ചിട്ടില്ലെങ്കിലും ആഗസ്റ്റിൽ വിവാഹമുണ്ടാകുമെന്ന് നവീൻ കെ.റസാഖ് കേരളകൗമുദിയോട് പറഞ്ഞു. വിവാഹ നിശ്ചയച്ചടങ്ങുകളുടെ വീഡിയോ ഉൾപ്പെടെ നവീൻ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. 2021ൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ വിജയം നേടിയ ഗാബ ടെസ്റ്റിനിടെ ഒരു പൊതുസുഹൃത്ത് വഴിയാണ് സഹ്നിധയെ പരിചയപ്പെട്ടതെന്നാണ് നവീൻ വിശദീകരിക്കുന്നത്. ആ സമയം മെഡിക്കൽ കോളേജിൽ സഹ്നിധ ഒന്നാം വർഷവും താൻ മൂന്നാം വർഷവും പഠിക്കുകയായിരുന്നുവെന്നാണ് നവീന്റെ കുറിപ്പിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |