ഇരിങ്ങാലക്കുട : കൂടൽമാണിക്യത്തിൽ കഴക ജോലിയിൽ പ്രവേശിച്ച യുവാവിനെ തന്ത്രിമാരുടെ സമ്മർദ്ദത്തിന് വഴങ്ങി ഓഫീസ് ജോലിയിലേക്ക് മാറ്റിയ നടപടിയിൽ തന്ത്രിമാർക്കും ദേവസ്വത്തിനുമെതിരെ വ്യാപക പ്രതിഷേധം. തന്ത്രിമാരുടെ നിസഹകരണ സമരം ജാതീയതയെ കൂടൽമാണിക്യ ക്ഷേത്രത്തിലേക്ക് ആനയിക്കാനുള്ള ശ്രമമാണെന്ന് മുകുന്ദപുരം എസ്.എൻ.ഡി.പി യൂണിയൻ ചൂണ്ടിക്കാട്ടി. സർക്കാരും ദേവസ്വം ബോർഡും തന്ത്രിമാരുടെ അപരിഷ്‌കൃത തീരുമാനത്തിന് കൂട്ടുനിൽക്കരുതെന്ന് യൂണിയൻ ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.കെ.ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ദേവസ്വം ഭരണപരമായ ഉത്തരവാദിത്വം നിറവേറ്റണമെന്നും കുട്ടംകുളം സമരത്തിന്റെ ചരിത്രം പഠിക്കണമെന്നും സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മണി പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. തന്ത്രിമാരുടെ ജാതി ചിന്ത ഹിന്ദു സമൂഹത്തിന് അപമാനമാണെന്നും തന്ത്രിമാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും കെ.പി.എം.എസ് സംസ്ഥാന സംഘടനാ സെക്രട്ടറി വി.ബാബു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ വി.എച്ച്.പിയും ഹിന്ദു ഐക്യവേദിയും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്ത്രിമാർ സമരത്തിനിറങ്ങിയെന്ന വാർത്ത ആധുനിക കേരളത്തെ ഞെട്ടിക്കുന്ന ഒന്നാണെന്നും വർണ്ണ ഭീകരതയ്‌ക്കെതിരെ പ്രതിഷേധിക്കണമെന്നും പുരോഗമന കലാസാഹിത്യ സംഘം മേഖലാ സെക്രട്ടറി കെ.രാജേന്ദ്രൻ ആവശ്യപ്പെട്ടു. നാടിന് അപമാനമുണ്ടാക്കുന്ന നടപടിയിൽ നിന്ന് കൂടൽമാണിക്യം ദേവസ്വവും തന്ത്രിമാരും പിൻമാറണമെന്ന് യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ.രാജേഷ് തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. ജാതിക്കോമരങ്ങളെ കുട്ടംകുളം സമരഭൂമിയിൽ അഴിഞ്ഞാടാൻ സമ്മതിക്കരുതെന്നും കഴകം ജോലിയിൽ നിന്നും മാറ്റിയ തീരുമാനം ദേവസ്വം തിരുത്തണമെന്നും എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് വിഷ്ണുശങ്കർ, സെക്രട്ടറി ടി.വി.വിബിൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ജാതി പൗരോഹിത്യം അഴിഞ്ഞാടുന്നതിന്റെ സൂചനകളാണ് ഇരിങ്ങാലക്കുടയിൽ നിന്ന് കേൾക്കുന്നത്. മണ്ണാൻ ചെണ്ടകൊട്ടിയാൽ, ഈഴവൻ മാല കെട്ടിയാൽ, നായർ കൂടിയാട്ടം കൂടിയാൽ ഭഗവാന് ഇഷ്ടമാകില്ലെന്ന് ദുർ വ്യാഖ്യാനം ചെയ്യുന്നവരെ നിലയ്ക്ക് നിറുത്താൻ പൗരസമൂഹം തയ്യാറാകണം.
അശോകൻ ചരുവിൽ
എഴുത്തുകാരൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |