
തൃശൂർ: കലാമണ്ഡലത്തിന് 27.5 കോടി, തൃശൂർ - പൊന്നാനി കോളിന് 10 കോടി, ഗുരുവായൂർ പൈതൃക ടൂറിസം പദ്ധതിക്കായി അഞ്ച് കോടി എന്നിങ്ങനെ ജില്ലയിലെ സാംസ്കാരിക മേഖലയ്ക്കും കൂടി തുക അനുവദിച്ച് സംസ്ഥാന ബഡ്ജറ്റ്.
സാഹിത്യ - സംഗീത നാടക - ലളിതകലാ അക്കാഡമികൾക്കായും ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
പൊലീസ് അക്കാഡമിക്ക് 10 കോടി, പുത്തൂർ സുവോളജിക്കൽ പാർക്കിന് ആറു കോടി എന്നിങ്ങനെയും ഫണ്ട് അനുവദിച്ചിട്ടുണ്ട്.
കലാമണ്ഡലത്തിന് അനുവദിച്ച തുകയിൽ വള്ളത്തോൾ മ്യൂസിയം നവീകരണവും ഉൾപ്പെടും. ഗുരുവായൂർ ക്ഷേത്ര പരിസരത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായാണ് 5 കോടി നീക്കിവച്ചത്. സംഗീത നാടക അക്കാഡമിയുടെ വിവിധ പ്രവർത്തനങ്ങൾക്കായി 13 കോടി വകയിരുത്തിയപ്പോൾ ലളിത കലാ അക്കാഡമിക്കായി 7.5 കോടി രൂപയും വകയിരുത്തി. കൈത്തറി സംഘങ്ങളുടെ പ്രീ - ലൂം പ്രവർത്തനങ്ങൾക്കും സ്പിന്നിംഗ്, നെയ്ത്ത്, ഡൈയിംഗ് ആൻഡ് പ്രിന്റിംഗ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ നാലുകോടി നീക്കിവച്ചു. കുത്താമ്പുള്ളിയിലെ നെയ്ത്തുവ്യവസായത്തിനും മറ്റും ഇത് ഗുണകരമാകും.
പെരിഞ്ഞനം മോഡൽ ജനകീയ സൗരോർജ പദ്ധതിയെ മാതൃകയാക്കി സംസ്ഥാനമെമ്പാടും പാരമ്പര്യേതര ഊർജ വിനിയോഗം ഉറപ്പാക്കുമെന്ന പ്രഖ്യാപനവും തൃശൂരിന് അഭിമാനമാണ്. ഇതോടൊപ്പം പെരിഞ്ഞനം സൗരോർജ പദ്ധതിക്കും രണ്ട് കോടി അനുവദിച്ചു. വൈദ്യുതീകരിക്കാൻ ബാക്കിയുള്ള വിദൂര ആദിവാസി ഉന്നതികളുടെ ജീവിത നിലവാരം ഉയർത്താനായി സൗരോർജ വൈദ്യുതീകരണ സംവിധാനം സ്ഥാപിക്കാൻ വകയിരുത്തിയ ഏഴ് കോടിയുടെ വിഹിതം ജില്ലയിലെ ആദിവാസി ഉന്നതികൾക്കും ലഭിച്ചേക്കും
തൃശൂർ മണ്ഡലത്തിന് 157 കോടി
(തുക കോടിയിൽ)
എം.ജി റോഡിന്റെ രണ്ടാം ഘട്ടത്തിന് 15
പടിഞ്ഞാറെക്കോട്ടയിൽ എലിവേറ്റഡ് ഹൈവേക്ക് 60
കെ.എസ്.ആർ.ടി.സി റെയിൽവേ സ്റ്റേഷൻ ഓവർ ബ്രിഡ്ജ് നിർമ്മാണത്തിന് 3
പൂങ്കുന്നം പാട്ടുരായ്ക്കൽ എലിവേറ്റഡ് ഹൈവേക്ക് 15
പൂങ്കുന്നം ജംഗ്ഷൻ വികസനത്തിന് 5
തൃശൂർ - മണ്ണുത്തി റോഡിൽ മോഡൽ റോഡ് നിർമ്മാണത്തിന്റെ ഒന്നാം ഘട്ടത്തിന് 10
കുട്ടനെല്ലൂർ കോളേജിന്റെ ചുറ്റുമതിലിന് 8
വടൂക്കര റെയിൽവേ മേൽപ്പാലം: 8
ഗവ. വൊക്കേഷൽ ഹയർ സെക്കൻഡറി സ്‌കൂൾ രാമവർമപുരം സ്റ്റേഡിയം: 1
പി.കെ. ചാത്തൻ മാസ്റ്റർ സ്മാരക പോസ്റ്റ് മെട്രിക് ഗേൾസ് ഹോസ്റ്റൽ നിർമ്മാണം: 15
അവിലിശ്ശേരി അമ്പലം മുതൽ കാച്ചേരി വരെ കനാൽ ഇന്നർ ബണ്ട് നിർമ്മാണം: 4
പൊതുമരാമത്ത് വകുപ്പ് ഓഫീസ് സമുച്ചയം നിർമാണം: 2.5
കൊടുങ്ങല്ലൂർ ഷൊർണൂർ റോഡിലെ ഡ്രെയിനേജ്: 10
ഒല്ലൂർ മണ്ഡലത്തിൽ പ്രധാനം
കേരള വനഗവേഷണ കേന്ദ്രത്തിന്: 13.20
പുത്തൂർ ഇന്റർനാഷ്ണൽ സ്റ്റേഡിയം: 15
താണിക്കുടം പുഴ രണ്ടാം ഘട്ടം നവീകരണം: 10
വെള്ളാനിക്കര കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ: 10
പുത്തൂർ സൂവോളജിക്കൽ പാർക്കിന്: 6
കച്ചിത്തോട് ഡാം നവീകരണം രണ്ടാം ഘട്ടം: 3
പീച്ചി ടൂറിസം പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക്: 1
വടക്കാഞ്ചേരിയിൽ
മുണ്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്: 1.5
വരടിയം സൗത്ത് കൂവപ്പ വഴിയോര വിശ്രമ കേന്ദ്രത്തിന്: 1
ഓട്ടുപാറ ചിൽഡ്രൻസ് പാർക്കിനും ഓപ്പൺ ഓഡിറ്റോറിയത്തിനും: 1
വടക്കാഞ്ചേരി ആയുർവേദ വിഷവൈദ്യ ആശുപത്രി രണ്ടാം ഘട്ടത്തിന്: 1.5
തെക്കുംകര പഞ്ചായത്ത് സാംസ്‌കാരിക നിലയം, മലാക്ക രണ്ടാംഘട്ടത്തിന്: 1
സംസ്ഥാന ബഡ്ജറ്റ് : അച്യുതമേനോനും
ചാത്തൻമാസ്റ്റർക്കും സംയുക്ത സ്മാരകം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ അഭിമാന ഭാജനങ്ങളായിരുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രതിഭകളായ സി.അച്യുതമേനോൻ, പി.കെ.ചാത്തൻമാസ്റ്റർക്കും സ്മാരകങ്ങളൊരുക്കാൻ ബഡ്ജറ്റിൽ ഒരു കോടി അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ആദ്യ എം.എൽ.എയായിരുന്നു സി.അച്യുതമേനോൻ. പിന്നീട് മുഖ്യമന്ത്രിയായി. 1957 ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നു മാപ്രാണം സ്വദേശിയായ പി.കെ.ചാത്തൻമാസ്റ്റർ. ഇരുവർക്കും ഉചിതമായ രീതിയിൽ സംയുക്ത സ്മാരകമായി ഒരു ഗ്രന്ഥാലയവും സാമൂഹ്യ പഠനഗവേഷണ കേന്ദ്രവുമാണ് ഇരിങ്ങാലക്കുടയിൽ സ്ഥാപിക്കുക.
കുന്നംകുളത്തിന് 18.65 കോടി
ഗവ. ബോയ്സ് എച്ച്.എസ്.എസിലെ തൃശൂർ സ്പോർട്സ് ഡിവിഷനെ പൂർണമായും റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളായും മികവിന്റെ കേന്ദ്രമായും മാറ്റാനുള്ള പ്രവർത്തനങ്ങൾക്കായി 7.5 കോടി അനുവദിച്ചു. 11.15 കോടിയുടെ വിവിധ പ്രവൃത്തികൾക്കും തുക വകയിരുത്തി.
കുന്നംകുളം ബോയ്സ് സ്‌കൂൾ കോമ്പൗണ്ടിൽ ശിക്ഷക് സദൻ നിർമ്മാണത്തിന് 5 കോടിയും, വെട്ടിക്കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി, തിരുത്തിക്കാട് ബണ്ട് നവീകരണം എന്നിവയ്ക്കായി 2.5 കോടിയും കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹൈസ്കൂളിലെ പ്രവൃത്തികളുടെ പൂർത്തീകരണത്തിന് ഒരു കോടിയും അനുവദിച്ചു.
മണ്ഡലത്തിലെ റോഡുകൾ ആധുനിക നിലവാരത്തിൽ ഉയർത്താനായി വേലൂർ ചുങ്കം തയ്യൂർ കോട്ടപ്പുറം കുമ്പളങ്ങാട് റോഡ് നവീകരണത്തിന് ഒരു കോടി അനുവദിച്ചു. എരുമപ്പെട്ടി സബ് രജിസ്ട്രാർ ഓഫീസ് നിർമ്മാണത്തിന് ഒരു കോടി രൂപ, കടവല്ലൂർ കുണ്ടുതോട് ചിറമനേങ്ങാട് തോട്ടിൽ വിസിബി നിർമ്മാണത്തിന് 65 ലക്ഷവും വകയിരുത്തി.
കഴിഞ്ഞ 10 വർഷത്തിൽ 2350 കോടി രൂപയുടെ വികസനമാണ് ഒല്ലൂരിൽ നടത്തിയത്. വികസന വസന്തം തീർക്കുന്നതും സമസ്ത മേഖലകളെയും ചേർത്തുപിടിക്കുന്നതുമായ ബഡ്ജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ഇത്തവണ 137.20 കോടി രൂപയുടെ പുതിയ പദ്ധതികൾക്ക് ഒല്ലൂരിൽ അനുമതി ലഭിച്ചു.
- അഡ്വ. കെ.രാജൻ, റവന്യൂ മന്ത്രി
നടക്കില്ലെന്ന് അറിഞ്ഞിട്ടും അവതരിപ്പിച്ച ബഡ്ജറ്റ് സർവ്വം മായയാണ്. 12 ഇടത് എം.എൽ.എമാരും രണ്ട് മന്ത്രിമാരും ഉണ്ടായിട്ടും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള യാതൊരു പ്രഖ്യാപനങ്ങളുമില്ലെന്നത് നിരാശാജനകം. യഥാർത്ഥ്യങ്ങളെ മറച്ചുപിടിക്കുകയാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ.
അഡ്വ. ജോസഫ് ടാജറ്റ്, ഡി.സി.സി പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |